ന്യൂഡൽഹി:ലൈംഗികപീഡനാരോപണത്തെ തുടർന്ന് ആകാശവാണിയിലെ ഉദ്യോഗസ്ഥനെ ജോലിയിൽ തരം താഴ്ത്തുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഒമ്പത് വനിതാസഹപ്രവർത്തകർ ഉദ്യോഗസ്ഥനെതിരെ നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് ദേശീയ വനിതാകമ്മീഷൻ വെള്ളിയാഴ്ച അറിയിച്ചു. വനിതാ കമ്മീഷന്റെ അന്വേഷണറിപ്പോർട്ടിലെ നിർദേശങ്ങൾ അച്ചടക്ക സമിതി അംഗീകരിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നുവെന്ന് കമ്മീഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ ശമ്പളം ഒരു വർഷം രണ്ടു ഘട്ടമായി വെട്ടിച്ചുരുക്കാനും ആ കാലയളവിൽ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും നൽകേണ്ടതില്ലെന്നുമാണ് അച്ചടക്കസമിതിയുടെ തീരുമാനം. നവംബർ 12 നാണ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതികമ്മീഷന് ലഭിച്ചത്. കേന്ദ്ര വാർത്താ വിനിമയ വകുപ്പ് സെക്രട്ടറിക്കും പ്രസാർഭാരതി സിഇഒ യ്ക്കും പരാതിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കമ്മീഷൻ കത്തയച്ചു. ഇതിനെ തുടർന്ന് അന്വേഷണത്തിനായി അച്ചടക്കസമിതിയെ നിയമിച്ചു. പരാതിയെ തുടർന്ന് പ്രസാർ ഭാരതി വനിതാ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ഗതാഗതസൗകര്യം ഒരുക്കുകയും സ്റ്റേഷൻ ഇൻ ചാർജായി വനിത ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. ലൈംഗികപീഡന പരാതികൾ കൃത്യമായി അന്വേഷിക്കുന്നതിനാവശ്യമായ നിർദേശങ്ങളും പ്രസാർ ഭാരതി നൽകിയിട്ടുണ്ട്. ആകാശവാണിയിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി മനേക ഗാന്ധി കേന്ദ്ര വാർത്താ വിനിമയ മന്ത്രി രാജ്യവർധൻ റാത്തോഡിന് നവംബർ ഒമ്പതിന് കത്തയച്ചിരുന്നു. Content Highlights:All India Radio Employee Found Guilty of Harassing 9 Co-Workers, Demoted With Pay Cut,#Me Too
from mathrubhumi.latestnews.rssfeed https://ift.tt/2L5h0Su
via
IFTTT
No comments:
Post a Comment