ബുലന്ദ്ശഹർ: പശുക്കളെ കശാപ്പ് ചെയ്തതിന്റെ പേരിൽ ബുലന്ദ്ശഹറിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട ഏഴു പേർക്കെതിരെ കേസ്. ഇതിൽകുടുംബാംഗങ്ങളായ11ഉം 12ഉം വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് പോലീസ് ഓഫീസർ അടക്കം രണ്ടുപേരുടെ മരണത്തിനിടയാക്കിയ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് കേസ്. ബജ്റംഗ്ദൾ ജില്ലാ അധ്യക്ഷൻ യോഗേഷ് രാജ് നൽകിയ പരാതിയിലാണ് പശു കശാപ്പിന് കേസെടുത്തിരിക്കുന്നത്. പോലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ കൊല്ലപ്പെടാനിടയാക്കിയ കലാപം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിയാണ് യോഗേഷ് രാജ്. കലാപത്തിനു ശേഷം ഇദ്ദേഹം ഒളിവിലാണ്. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നതായി എൻഡി ടിവി റിപ്പോർട്ട് ചെയ്തു. വീടുകളിലെത്തി കുട്ടികളെ ചോദ്യംചെയ്യുകയും കുട്ടികളെ കൊണ്ടുപോകുകയുമായിരുന്നെന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കുട്ടികളുടെ ബന്ധുക്കൾ പറയുന്നു. കുട്ടികളുടെ ബന്ധുക്കളിലൊരാളെയും പോലീസ് ഒപ്പം കൊണ്ടുപോയി. സ്റ്റേഷനിൽ വെച്ച് കുട്ടികളുടെ പേരുവിവരങ്ങൾ ചോദിച്ചറിയുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തതായും ബന്ധു പറയുന്നു.സംഭവം നടക്കുന്ന ദിവസങ്ങളിൽ കുട്ടികൾ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ലെന്ന് കുട്ടികളിലൊരാളുടെ പിതാവ് പറഞ്ഞു. കേസിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റു പ്രതികളിൽ ഒരാൾ മറ്റൊരു ഗ്രാമത്തിൽ ജീവിക്കുന്ന ആളാണ്. കേസിൽ ഉൾപ്പെട്ടിട്ടുള്ളമറ്റു പ്രതികൾ ഏതു നാട്ടുകാരാണെന്നു പോലും അറിയില്ലെന്നുംഗ്രാമവാസികൾ പറയുന്നു.കുട്ടികളെയടക്കം അറസ്റ്റ് ചെയ്ത നടപടിയെക്കുറിച്ച് പ്രതികരിക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പശു കശാപ്പിനെതിരെ കർശന നടപടിയെടുക്കുമ്പോഴും പോലീസ് ഉദ്യോഗസ്ഥൻ മരിക്കാനിടയായ കലാപത്തെക്കുറിച്ച് മുഖ്യമന്ത്രി നിശബ്ദത പാലിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക കലാപം സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് കലാപത്തിനും കൊലപാതകത്തിനും പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. മഹൗ ഗ്രാമത്തിലുള്ള വനപ്രദേശത്ത് മുപ്പതിലധികം പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടർന്നാണ് ഒരുകൂട്ടമാളുകൾ തിങ്കളാഴ്ച രാവിലെമുതൽ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. സയ്നയിലെ പോലീസ് പോസ്റ്റ് നശിപ്പിച്ച ഇവർ പോലീസുകാർക്കെതിരേ കല്ലെറിഞ്ഞു. ചിംഗാർവതി പോലീസ് ചൗക്കിയിലുണ്ടായിരുന്ന വാഹനങ്ങൾ തീവെച്ചു നശിപ്പിച്ചു. ഗോവധത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്ഥലത്തെത്തിയ ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും ജനക്കൂട്ടം വ്യാപകമായ അക്രമത്തിന് മുതിരുകയായിരുന്നു. ബുലന്ദ്ശഹർ കലാപത്തിനുപിന്നിൽ ബജ്രംഗ്ദൾ അടക്കമുള്ള സംഘടനകളാണെന്ന് വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിനും കലാപമുണ്ടാക്കിയതിനും അടക്കം ബജ്രംഗ്ദളിന്റെ ബുലന്ദ്ശഹർ ജില്ലാ കൺവീനർ യോഗേഷ് രാജ് അടക്കം 27 പേർക്കെതിരേ കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത അറുപതോളം പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. നാലുപേർ ഇതിനകം അറസ്റ്റിലായി. യോഗേഷ് രാജിനെ പിടികൂടാനായിട്ടില്ല. Content Highlights:Bulandshahr riot, Cow Slaughter, Utter Pradesh
from mathrubhumi.latestnews.rssfeed https://ift.tt/2zHqX42
via
IFTTT
No comments:
Post a Comment