മലപ്പുറം : ഗണിതം മധുരമാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും ഈ വർഷത്തെ എസ്.എസ്.എൽ.സി. കണക്ക് പരീക്ഷ കഠിനമാവാനാണ് സാധ്യത. സാധാരണ പ്രധാനവിഷയങ്ങൾക്ക് പരീക്ഷയ്ക്കിടയിൽ പഠിക്കാൻ ഇടവേള നൽകിയാണ് ടൈംടേബിൾ തയ്യാറാക്കാറ്. എന്നാൽ ഇത്തവണ കണക്കു പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വേണ്ടത്ര സമയമില്ലാത്തത് വിദ്യാർഥികളെ ആശങ്കയിലാക്കുന്നു. 2019 മാർച്ച് 13-നാണ് എസ്.എസ്.എൽ.സി. പരീക്ഷ ആരംഭിക്കുന്നത്. 25-ന് സാമൂഹികശാസ്ത്രം പരീക്ഷ കഴിഞ്ഞ് തൊട്ടടുത്തദിവസം തന്നെയാണ് ഗണിതശാസ്ത്ര പരീക്ഷ. മുൻ വർഷങ്ങളിലെല്ലാം പ്രധാനപ്പെട്ട വിഷയങ്ങൾക്കിടയിൽ രണ്ടും മൂന്നും ദിവസത്തെ ഇടവേളകൾ നൽകിയിരുന്നു. ഇപ്രാവശ്യം അവധി ലഭിക്കാത്തതാണ് വിദ്യാർഥികളെ ബുദ്ധിമുട്ടാക്കുന്നത്. കഴിഞ്ഞവർഷം 19 ദിവസംകൊണ്ട് നടത്തിയ പരീക്ഷ ഇത്തവണ 14 ദിവസങ്ങൾക്കൊണ്ട് പൂർത്തിയാകും. പരീക്ഷാസമയത്തിലും വിദ്യാഭ്യാസവകുപ്പ് മാറ്റംവരുത്തിയിട്ടില്ല. ഇത്തവണയും ഉച്ചയ്ക്ക് കൊടുംചൂടിൽ പരീക്ഷ എഴുതേണ്ടി വരും. പരീക്ഷാസമയക്രമത്തിലെ മാറ്റം അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്കൂളുകളിൽ ചോദ്യപ്പേപ്പർ സൂക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾക്കൊണ്ടാണ് പരീക്ഷ ഉച്ചയ്ക്കുതന്നെ നടത്തുന്നതെന്നാണ് വിശദീകരണം. ഹയർസെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ അതത് സ്കൂളുകളിൽ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദൻ പറഞ്ഞു. എസ്.എസ്.എൽ.സി. ചോദ്യപേപ്പറും അങ്ങനെ ചെയ്ത് ഇരു പരീക്ഷകളും രാവിലെ ഒരുമിച്ച് നടത്തിയാൽ മതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2roRZbW
via
IFTTT
No comments:
Post a Comment