ഡെറാഡൂണ്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 31കാരനായ ഡ്രൈവര്‍ കോളജ് വിദ്യാര്‍ത്ഥിയുടെ മേല്‍ പെട്രോളൊഴിച്ച് തീകൊളുത്തി. ഉത്തരാഖണ്ഡില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. കോളജ് കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്നവഴി 18കാരിയായ രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിനിക്കു നേരെയാണ് ആക്രമണം നടന്നത്. 80 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ മനോജ് സിംഗിനെ പോലീസ് അറസ്റ്റു ചെയ്തു.
കുറച്ചുദിവസമായി ജോഷി തന്നെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. സംഭവം നടന്ന ദിവസവും തന്നെ തടഞ്ഞുനിര്‍ത്തി അയാള്‍ സംസാരിച്ചു. അയാള്‍ക്ക് മറുപടി നല്‍കാതെ പോകാന്‍ ശ്രമിച്ച തന്റെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം അയാള്‍ ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയവരാണ് പാതി കത്തിയ നിലയില്‍ റോഡില്‍ കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചതും പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതും.
അതേസമയം, 31കാരനായ മനോജ് സിംഗ് വിവാഹിതനാണെന്ന് പോലീസ് പറയുന്നു. അയാള്‍ക്ക് കുട്ടികളില്ല. മനോജ് സിംഗിനെതിരെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിനും വധിക്കാന്‍ ശ്രമിച്ചതിനും കേസെടുത്തതായി എസ്.പി ജഗത് രാം ജോഷി അറിയിച്ചു.
പെണ്‍കുട്ടിക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് സഹപാഠികള്‍ അടക്കം 80 ഓളം കുട്ടികള്‍ തിങ്കളാഴ്ച കലക്ടറേറ്റിനു മുന്നില്‍ സമരം നടത്തി. എന്‍.എസ്.യു.ഐയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പെണ്‍കുട്ടിയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത ഭരണകൂടം പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉറപ്പും നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയത്. ചൊവ്വാഴ്ചയും വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
from mangalam.com https://ift.tt/2Bp90Yd
via IFTTT
No comments:
Post a Comment