കോതമംഗലം: ആരാധനാ അവകാശത്തെച്ചൊല്ലി ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളിയില്‍ വീണ്ടും സംഘര്‍ഷസാധ്യത. ഓര്‍ത്തഡോക്‌സ് റമ്പാനായ തോമസ് പോള്‍ വീണ്ടും പള്ളിയിലെത്തി. പ്രാര്‍ത്ഥന നടത്താനെത്തിയ റമ്പാനെ യാക്കോബായ വിഭാഗക്കാര്‍ വീണ്ടും തടഞ്ഞതോടെയാണ് സംഘര്‍ഷസാധ്യതയിലേക്ക് നീങ്ങുന്നത്.
പ്രാര്‍ത്ഥന നടത്താനാണ് എത്തുകയെന്നും അതിനാല്‍ തന്നെ വേറെ വിശ്വാസികളെ ആരെയും ഒപ്പം കൂട്ടില്ലെന്നും റമ്പാന്‍ വ്യക്തമാക്കിയിരുന്നു. കനത്ത പോലിീസ് വലയത്തിലാണ് റമ്പാന്റെ വാഹനം. സുരക്ഷയുമായി ബന്ധപ്പെട്ട് ഇരുനൂറോളം പേരാണ് പള്ളി പരിസരത്ത് എത്തിയിരിക്കുന്നത്.
ഹൈക്കോടതി വിധി അനുസരിച്ച് കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ ആരാധനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം റമ്പാനെ യാക്കോബായ വിഭാഗം വിശ്വാസികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയായിരുന്നു. പോലീസിന്റെ അകമ്പടിയോടെയാണ് തോമസ് പോള്‍ റമ്പാന്‍ പള്ളിയിലേക്ക് എത്താന്‍ ശ്രമിച്ചത്. പ്രതിഷേധം കണ്ട് തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു തോമസ് പോള്‍ റമ്പാന്‍. എന്നാല്‍ സംഘര്‍ഷാവസ്ഥ പരിഗണിച്ച് റമ്പാനെ പോലീസ് തിരികെ കൊണ്ടുപോകുകയായിരുന്നു.
താന്‍ ഇനിയും വരുമെന്നും പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നത് തന്റെ ലക്ഷ്യമാണെന്നും തിരിച്ചുപോകുന്നതിനിടെ തോമസ് പോള്‍ റമ്പാന്‍ പറഞ്ഞു. റമ്പാനൊപ്പമെത്തിയ ഓര്‍ത്തഡോക്്‌സ് സഭാ വിശ്വാസികളെയും തിരിച്ചയച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗം മടങ്ങിപ്പോയെങ്കിലും വിശ്വാസികള്‍ തിരിച്ചുപോകരുതെന്ന നിര്‍ദേശം യാക്കോബായ സഭാ വിഭാഗം പള്ളിയില്‍ നിന്നും നല്‍കുന്നുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗം തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നേതൃത്വം വിശ്വാസികള്‍ക്ക് നല്‍കുന്നത്.
പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നിന്ന് 40 ഓളം പേരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഈ നടപടി. പള്ളിയുടെ കവാടത്തില്‍ വരെ റമ്പാന്‍ എത്തിയെങ്കിലും യാക്കോബായ വിശ്വാസികളുടെ എതിര്‍പ്പ് രൂക്ഷമായതോടെ പോലീസ് അദ്ദേഹത്തെ മടക്കിക്കൊണ്ടുപോകുകയായിരുന്നു.
സമരവേദിയിലേക്ക് കൂടുതല്‍ വിശ്വാസികള്‍ എത്തിയതും ക്രമസമാധാന പ്രശ്‌നമാകുമെന്ന് വ്യക്തമയതോടെയാണ് പോലീസ് മടങ്ങാന്‍ തീരുമാനിച്ചത്. വിധി നടപ്പാകാന്‍ വൈകുന്നതില്‍ പോലീസിന് വലിയ വിമര്‍ശനവും ഹൈക്കോടതിയില്‍ നിന്ന് നേരിടേണ്ടിവന്നിരുന്നു.
from mangalam.com https://ift.tt/2EFIaiM
via IFTTT
No comments:
Post a Comment