ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശുന്നു; ഇത് തീവ്രഹിന്ദുത്വത്തിനെതിരായ മൃദുഹിന്ദുത്വത്തിന്റെ വിജയം; വിലപേശലിന് കോണ്‍ഗ്രസിന് കരുത്തുപകരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശുന്നു; ഇത് തീവ്രഹിന്ദുത്വത്തിനെതിരായ മൃദുഹിന്ദുത്വത്തിന്റെ വിജയം; വിലപേശലിന് കോണ്‍ഗ്രസിന് കരുത്തുപകരും

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിലെ പുതിയ ദിശാസൂചകമാകും. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വിജയം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റുകക്ഷികളുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതിന് കോണ്‍ഗ്രസിന് ഗുണകരമാകും. എന്നാല്‍ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ നിരവധി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നെങ്കിലും അത് ശരിയായി വിനിയോഗിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന വിലയിരുത്തലും ഇതിലൂടെ ലഭിക്കുന്നുണ്ട്. മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കിലും ഈ ഫലം പുതിയ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാകുകയുമാണ്.

ഈ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ദേശീയതലത്തില്‍ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കുമെന്നതില്‍ തര്‍ക്കമില്ല. സ്ഥാനം ഏറ്റെടുത്ത് ഒരുവര്‍ഷത്തിനുള്ളില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ തന്നെ പടയോട്ടം നടത്താന്‍ കഴിഞ്ഞുവെന്നത് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് തന്നെ അധികാരത്തില്‍ വരാന്‍ കഴിയുന്നുവെന്നത് കോണ്‍ഗ്രസിന് വലിയ നേട്ടമാണ്. ഈ അടിത്തറയില്‍ നിന്നുകൊണ്ട് ബി.എസ്.പി, എസ്.പി, മമതാ ബാനര്‍ജി, ശരദ്പവാര്‍ തുടങ്ങിയവരുമായി യോജിച്ചുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയും. അതിനുള്ള വിലപേശലിന് കോണ്‍ഗ്രസ് കരുത്തുപകരുന്നതാണ് ഈ വിജയങ്ങള്‍. ഇതുവരെ കോണ്‍ഗ്രസിനെ നേതൃസ്ഥാനത്ത് പരിഗണിക്കാന്‍ കഴിയാതിരുന്ന ഈ കക്ഷികള്‍ക്ക് ഇനി അതിന് വഴങ്ങേണ്ടിവരും.

പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങളില്‍ ഏറ്റ തിരിച്ചടി ബി.ജെ.പിക്ക് വലിയ ആഘാതമാണ് നല്‍കുന്നത്. വടക്കേ ഇന്ത്യ ഒഴികെ മറ്റൊരിടത്തും ബി.ജെ.പിയുടെ രാഷ്ട്രീയത്തില്‍ അത്ര വേരോട്ടമില്ല. ഇപ്പോള്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് ദക്ഷിണ, വടക്കുകിഴക്കന്‍, കിഴക്കന്‍ സംസ്ഥാനങ്ങളാണെങ്കിലും ഹിന്ദി ഹൃദയഭൂമിയിലുള്ള സ്വാധീനം അവര്‍ക്ക് അവിടെയുണ്ടാക്കാനാവില്ലെന്ന് വ്യക്തമാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍. ഇവിടെ പ്രധാനപ്പെട്ട കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. അതേസമയം ഈ വിജയം കോണ്‍ഗ്രസിന് കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും കൂടുതല്‍ ആത്മവിശ്വാസവും നല്‍കും.

ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന വ്യക്തമായ സൂചന ഇനി രാജ്യത്ത് ശക്തമായി അരങ്ങേറാന്‍ പോകുന്നത് ഹിന്ദുരാഷ്ട്രീയത്തിന്റെ പുതിയ രൂപമായിരിക്കും. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സ്വീകരിച്ചത് മൃദുഹിന്ദുത്വ സമീപനം തന്നെയായിരുന്നു. അതായിരിക്കും ഇനി ഇവിടെ ശക്തമായി സംഭവിക്കാന്‍ പോകുന്നതും. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തിനെ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വമായിരിക്കും നേരിടുകയെന്നതായിരിക്കും നടക്കുക. കേരളത്തില്‍ ശബരിമല വിഷയത്തില്‍ തന്നെ അതാണ് നടക്കുന്നതും. അത് ദേശീയതലത്തില്‍ പുത്തന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ആ സാഹചര്യത്തില്‍ മറ്റ് കക്ഷികളുടെ പ്രസക്തി വലിയതോതില്‍ വര്‍ദ്ധിക്കുകയും ചെയ്യും. പ്രത്യേകിച്ച് പിന്നോക്ക രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന മുലയംസിംഗ് യാദവ്, മായാവതി, ലല്ലുപ്രസാദ് യാദവ് എന്നിവരുടെ പങ്ക് വല്ലാതെ പ്രസക്തമായി തീരും.

ഈ തെരഞ്ഞെടുപ്പില്‍ വിജയം നേരിടാന്‍ കഴിഞ്ഞുവെങ്കിലും അതൊന്നും കോണ്‍ഗ്രസിന്റെ വിജയമായി അവകാശപ്പെടാന്‍ കഴിയില്ലെന്ന് അഭിപ്രായമുണ്ട്. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമുണ്ടായിരുന്ന ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന പ്രതിഷേധമാണ് കോണ്‍ഗ്രസിനെ വിജയിപ്പിച്ചത്. അതില്‍ നിന്നുംമാറി കോണ്‍ഗ്രസിന്റെ നയങ്ങളുടെ വിജയം ആയാല്‍ മാത്രമേ അവര്‍ക്ക് ഭാവിയില്‍ എന്തെങ്കിലും ചെയ്യാനാകൂ.

അതുകൊണ്ടുതന്നെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വിലപേശലും ശക്തമാകും. വ്യത്യസ്ത നിലപാടുകളില്‍ നില്‍ക്കുന്ന രാഷ്ട്രീയകക്ഷികളെ യോജിപ്പിച്ചുകൊണ്ട് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുകയെന്ന കഠിനദൗത്യമായിരിക്കും കോണ്‍ഗ്രസിന് സ്വീകരിക്കാനുണ്ടാകുക. അതുപോലെ സാമ്പത്തികപരിഷ്‌ക്കരണത്തിന്റെ പേരില്‍ സാധാരണ ജനങ്ങളില്‍ നിന്നും അകന്നുപോയ കോണ്‍ഗ്രസിന് അവരിലേക്ക് മടങ്ങി വരേണ്ടതുമുണ്ട്. ഒപ്പം ഇപ്പോള്‍ സ്വീകരിച്ച ഈ മൃദുഅിന്ദുത്വസമീപനത്തിന് പകരം എല്ലാവരിലും പഴയതുപോലെ സ്വീകാര്യത ഉറപ്പാക്കിയാല്‍ മാത്ര േകോണ്‍ഗ്രസിന് ഭാവിയില്‍ ബഹുദൂരം മുന്നോട്ടുപോകാനാകൂ.

അതേസമയം പാര്‍ട്ടിക്കുളളിലും പുറത്തും രാഹുല്‍ഗാന്ധി കൂടുതല്‍ ശക്തനാകും. അദ്ദേഹം ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉയരും. അത് കോണ്‍ഗ്രസിന് ഏറെ ഗുണകരമാണ്. എന്നും നേതാക്കളുടെ കരിസ്മയില്‍ മുന്നോട്ടുപോയിട്ടുളള കോണ്‍ഗ്രസിന് ഇത് പുതുജീവന്‍ നല്‍കുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അവിടെയും സ്വന്തം പാര്‍ട്ടിയിലെ താപ്പാനകളെയും സ്വാര്‍ത്ഥതമാത്രം കൈമുതലായുളള് മറ്റ് കക്ഷികളെയും യോജിപ്പിച്ചുകൊണ്ടുപോകുന്നതിലുള്ള തന്ത്രജ്ഞതയാണ് അദ്ദേഹത്തിന് ഇനി വേണ്ടിവരിക.



from mangalam.com https://ift.tt/2Lan64f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages