കാർട്ടൂണിസ്റ്റ്കെ.ആർ.ഗോപീകൃഷ്ണൻ കാസർകോട്: പ്രസ്ക്ലബ്ബ് പ്രസിഡണ്ടായിരുന്ന കെ.എം.അഹ്മദിന്റെ പേരിൽ കാസർകോട് പ്രസ്ക്ലബ് നൽകുന്ന സംസ്ഥാനതല മാധ്യമ അവാർഡിന് മാതൃഭൂമി ദിനപത്രത്തിലെ കാർട്ടൂണിസ്റ്റ് കെ.ആർ.ഗോപീകൃഷ്ണൻ അർഹനായി. പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സമകാലീന വിഷയങ്ങളെ ആസ്പദമാക്കി മാതൃഭൂമിയിൽ അദ്ദേഹം വരച്ചിരുന്ന കാകദൃഷ്ടി എന്ന ദൈനംദിന കാർട്ടൂണും സൺഡേസ്ട്രോക്ക്സ് എന്ന പ്രതിവാര കാർട്ടൂണും പരിഗണിച്ചാണ് പുരസ്കാരം. കാർട്ടൂണിസ്റ്റുകളുമായ പി.വി.കൃഷ്ണൻ, കെ.എ.ഗഫൂർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ഗോപീകൃഷ്ണനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഡിസംബർ 17-ന് ഉച്ചയ്ക്ക് മൂന്നിന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന കെ.എം.അഹ്മദ് അനുസ്മരണ ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. നോവലിസ്റ്റ് സി.വി.ബാലകൃഷ്ണനാണ് പുരസ്കാരം സമ്മാനിക്കുക. കെ.എം അഹ്മദിന്റെ പേരിലുള്ള പുരസ്കാരം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സഹായത്തോടെയാണ് നൽകിവരുന്നത്. 2001 മുതൽ മാതൃഭൂമി പത്രത്തിന്റെ സ്റ്റാഫ് കാർട്ടൂണിസ്റ്റായി പ്രവർത്തിക്കുന്ന ഗോപീകൃഷ്ണൻ സംസ്ഥാന സർക്കാറിന്റെ കാർട്ടൂൺ മാധ്യമ അവാർഡ്, തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ കാർട്ടൂണിസ്റ്റ് ഓഫ് ദി ഇയർ അവാർഡ്, കേരള ലളിതകലാ അക്കാദമി അവാർഡ്, വജ്രസൂചി അവാർഡ്, ജെയ്ജി പീറ്റർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കോഴിക്കോട് തിക്കോടി സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ കോഴിക്കോട് വേണ്ടേരിയിലാണ് താമസം. ഭാര്യ:ഡോ. കെ.ജി.പ്രിയ. മക്കൾ: സ്വാതി ലക്ഷ്മി, ശ്രേയലക്ഷ്മി. പത്രസമ്മേളനത്തിൽ കാസർകോട് പ്രസ്ക്ലബ്ബ് പ്രസിഡന്റ് ടി.എ.ഷാഫി, സെക്രട്ടറി ഒ.വി സുരേഷ്, മുജീബ് അഹ്മദ് എന്നിവർ സംബന്ധിച്ചു. Content Highlights: Cartoonist Gopikrishnan,K M Ahammad memmorial State Media Award, Kasarkode pres Club
from mathrubhumi.latestnews.rssfeed https://ift.tt/2PsSI5L
via
IFTTT
No comments:
Post a Comment