ന്യൂഡൽഹി: തിരുവനന്തപുരം, മംഗളൂരു എന്നിവയുൾപ്പെടെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി.) നടപ്പാക്കുന്നതിന് പാട്ടത്തിനുനൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. അഹമ്മദാബാദ്, ജയ്പുർ, ലഖ്നൗ, ഗുവാഹാട്ടി എന്നിവയാണ് പി.പി.പി. നടപ്പാക്കുന്ന മറ്റു വിമാനത്താവളങ്ങൾ. സേവനത്തിൽ കാര്യക്ഷമത, വൈദഗ്ധ്യം, പ്രൊഫഷണലിസം എന്നിവ കൊണ്ടുവരാൻ പി.പി.പി. സഹായകരമാവും എന്നാണ് കണക്കുകൂട്ടുന്നത്. ഡൽഹി, മുംബൈ, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങൾ ഇപ്പോൾ പി.പി.പി. മാതൃകയിലാണ് പ്രവർത്തിക്കുന്നത്. ഇവയുടെ നടത്തിപ്പിന് അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആറെണ്ണംകൂടി പൊതു-സ്വകാര്യ മേഖലയിൽ കൊണ്ടുവരുന്നതെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. വിനോദസഞ്ചാരികളുടെ വരവും ആഭ്യന്തരമായുള്ള യാത്രയും കൊച്ചിയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ വർധിച്ചിട്ടുണ്ട്. ആ അനുഭവമാണ് മറ്റിടങ്ങളിലും മാതൃകയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ ആറിടങ്ങളിൽ പി.പി.പി. നടപ്പാക്കുന്നതിന്റെ തുടർനടപടികൾക്കായി പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അതിനുമപ്പുറമുള്ള വിഷയങ്ങൾ ഉയർന്നുവരുകയാണെങ്കിൽ നീതി ആയോഗ് സി.ഇ.ഒ. അധ്യക്ഷനായ സെക്രട്ടറിതല ഉന്നതസമിതി അവ പരിശോധിച്ച് തീരുമാനമെടുക്കും. വിമാനത്താവള അതോറിറ്റിയുടെ നിക്ഷേപമില്ലാതെ ലോകനിലവാരമുള്ള സേവനം നൽകാനും വരുമാനം കൂട്ടാനും പി.പി.പി.വഴി സാധിക്കും. സേവനത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ പി.പി.പി. വിമാനത്താവളങ്ങൾ ഉന്നത നിലവാരത്തിലാണെന്ന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ വിലയിരുത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2JPUnRI
via
IFTTT
No comments:
Post a Comment