അബുദാബി: അബുദാബിയിൽ കനത്ത മഴയും കാറ്റും. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കനത്ത മഴയും കാറ്റും ആരംഭിച്ചത്. പെട്ടെന്നുണ്ടായ മഴ വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്നവരടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കി. പൊടിക്കാറ്റും മഴയും ശക്തമായതോടെ നിരത്തുകളിലുണ്ടായവർ അടുത്തുള്ള കടകളിലേക്കും ഓഫീസുകളിലേക്കും ഓടിക്കയറിയാണ് മഴയിൽ നിന്നും രക്ഷനേടിയത്. അബുദാബി പോലീസിന്റെ ജാഗ്രതാ നിർദേശം നിമിഷങ്ങൾക്കകം ആളുകളുടെ മൊബൈൽ ഫോണുകളിലേക്ക് എസ്.എം.എസായി എത്തിയിരുന്നു. അത്യാവശ്യമല്ലെങ്കിൽ വാഹനവുമായി പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 21 കിലോമീറ്റർ വേഗമുള്ള കാറ്റാണ് വീശിയത്. അബുദാബിയിൽ പലയിടങ്ങളിലും 26 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ഊഷ്മാവ്. അൽ ഐൻ, അൽ ദഫ്റ തുടങ്ങിയ ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണി വരെ മോശം കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബീച്ചുകളിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ടുകൾക്കും തോടുകൾക്കും സമീപം പോകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പുറത്തിറങ്ങരുതെന്ന് പോലീസ് നിർദേശം അബുദാബി: അബുദാബിയിൽ ഞായറാഴ്ച രാത്രി കനത്തമഴയും കാറ്റും അനുഭവപ്പെട്ടതിനെത്തുടർന്ന് പോലീസ് ജാഗ്രത നിർദേശം നൽകി. വീടുകൾക്കുള്ളിൽ തന്നെ ഇരിക്കണമെന്നും പുറത്തിറങ്ങരുതെന്നും അബുദാബി പോലീസ് ആളുകളുടെ മൊബൈൽ ഫോണിലേക്ക് എസ്.എം.എസ്. സന്ദേശമയച്ചു. മലയാളത്തിൽ മുന്നറിയിപ്പുമായി അബുദാബി പോലീസ് അബുദാബി: ഞായറാഴ്ച കനത്ത മഴപെയ്ത സാഹചര്യത്തിൽ അബുദാബി പോലീസ് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിവിധ ഭാഷകളിൽ ദൃശ്യങ്ങൾ സഹിതം ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തു. മലയാളത്തിലും നിർദേശങ്ങൾ നൽകിയിരുന്നു. ഞായറാഴ്ച വൈകീട്ട് പെട്ടെന്നുണ്ടായ കനത്ത മഴക്കും കാറ്റിനും ശേഷമാണ് പോലീസ് മലയാളത്തിൽ നിർദേശം നൽകിയത്. മഴയുള്ളപ്പോൾ വാഹനമോടിക്കുന്നവർ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് പോലീസ് നിർദേശം. മലയാളത്തിലുള്ള വീഡിയോ സന്ദേശത്തോടൊപ്പം വായിക്കാൻ മലയാളത്തിലുള്ള വിവരണവും പോലീസ് നൽകുന്നു. പൂർണ ശ്രദ്ധയോടെ സുരക്ഷിതമായി വാഹനം ഓടിക്കുക. മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കുക. പെട്ടെന്ന് ബ്രേക്ക് ഇടാതിരിക്കുക. വാഹനം തെന്നിമാറാതിരിക്കാൻ സാവധാനം വേഗം കുറക്കുക. മുന്നിലുള്ള വസ്തുക്കൾ വ്യക്തമായി കാണാനായി വിൻഡ് ഷീൽഡ് വൈപ്പറും ലോ ബീം ലൈറ്റും ഉപയോഗിക്കുക എന്നിവയാണ് പൊതുവായ നിർദേശങ്ങൾ. യാത്രയ്ക്കിടെ ചെറിയ അപകടമുണ്ടായാലും പ്രവർത്തനരഹിതമായാലും വാഹനം റോഡ് സൈഡിലേക്ക് മാറ്റി സുരക്ഷിത അകലത്തിൽ നിർത്തിയിടുക. നിങ്ങളുടെ സുരക്ഷക്കും സുഗമമായ ഗതാഗതത്തിനും ഇത് ഗുണകരമാവും. ഇതാണ് പോലീസ് ട്വിറ്ററിലൂടെ പങ്കു വെച്ച മലയാളത്തിലുള്ള നിർദേശം.
from mathrubhumi.latestnews.rssfeed https://ift.tt/2qGkMIE
via
IFTTT
No comments:
Post a Comment