സന്നിധാനം: ദർശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് സംശയമുയർന്നതിനെത്തുടർന്ന് ശബരിമല വലിയ നടപ്പന്തലിൽ സംഘർഷം. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ദർശനത്തിനായി വലിയ നടപ്പന്തൽ വരെയെത്തിയ തൃശ്ശൂർ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുണ്ടായതിനെത്തുടർന്നാണ് പ്രതിഷേധം ഉയർന്നത്. തൃശ്ശൂർ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദർശനത്തിനായി എത്തിയത്. ഇതിൽ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയർന്നതിനെത്തുടർന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകൾ ഇവരെ വളഞ്ഞു. ഉടൻ പോലീസെത്തി് പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചു. ഇവർക്ക് 50 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞ് പോകാൻ കൂട്ടാക്കിയില്ല. പ്രായം സംബന്ധിച്ച് വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തുടർന്ന് പോലീസ് ഇവരെ രക്ഷിച്ച് വലിയ നടപ്പന്തലിന് പുറത്തെത്തിച്ചു. ഇതിൽ ഒരാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധക്കാർക്ക് നേതൃത്വം കൊടുത്ത ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരിയുമായി പോലീസ് ചർച്ചകൾ നടത്തി. വൽസൻ തില്ലങ്കേരി വയസ്സ് സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നൽകിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞ് പോയില്ല. മകന്റെ കുട്ടിക്ക് ചോറൂണ് നടത്താനാണ് സന്നിധാനത്ത് എത്തിയതെന്ന് ലളിത മാധ്യമങ്ങളോട് പറഞ്ഞു. പമ്പയിൽ നിന്നും പ്രായം പരിശോധിച്ചിരുന്നു. പിന്നീടാണ് വലിയ നടപ്പന്തലിൽ തടഞ്ഞത്.ദർശനം നടത്തിയ ശേഷം പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴും പ്രതിഷേധക്കാർ ഇവരെ കൂക്കിവിളിച്ചു. ഇതിനിടെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. പോലീസ് എയ്ഡ് പോസ്റ്റിന് മുകളിൽ കയറി ദൃശ്യങ്ങൾ എടുത്ത മാതൃഭൂമി ക്യാമറമാൻ വിഷ്ണുവിന് നേരെ ആക്രോശവുമായി ഭക്തർ പാഞ്ഞടുത്തു. കെട്ടിടത്തിന്റെ സൺഷെയ്ഡിൽ നിന്ന് ദൃശ്യം പകർത്തിയ വിഷ്ണുവിന് നേർക്ക് ചിലർ കസേര വലിച്ചെറിഞ്ഞു. പിന്നീട് വിഷ്ണുവിനെ പ്രതിഷേധക്കാർക്കിടയിൽ നിന്ന് രക്ഷിച്ചു. മറ്റു ചാനലുകളുടെ റിപ്പോർട്ടർമാർക്കു നേരെയും ആക്രമണ ശ്രമമുണ്ടായി.
from mathrubhumi.latestnews.rssfeed https://ift.tt/2JGov1G
via
IFTTT
No comments:
Post a Comment