ബെംഗളൂരു: തിങ്കളാഴ്ച പുലർച്ചെ അന്തരിച്ച കേന്ദ്ര മന്ത്രി എച്ച്.എൻ അനന്ത്കുമാറിന്റെ വിയോഗത്തിലൂടെ ബിജെപിക്ക് നഷ്ടമായത് ദക്ഷിണേന്ത്യയിലെ കരുത്തുറ്റ നേതാവിനെ. രണ്ടു തവണ കേന്ദ്രമന്ത്രിയായ അനന്ത്കുമാർ കർണാടക ബിജെപി അധ്യക്ഷനായും ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കർണാടകത്തിൽ ബിജെപിക്ക് വേരോട്ടമുണ്ടാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള നേതാവുകൂടിയാണ് അനന്ത്കുമാർ. 1996 മുതൽ ആറ് തവണ അനന്ത്കുമാർ ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിൽ എത്തിയിട്ടുണ്ട്. 2014മുതൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ രാസവള വകുപ്പ് മന്ത്രിയായിരുന്ന അനന്ത്കുമാറിന് പിന്നീട് 2016ൽ പാർലമെന്ററി കാര്യം കൂടി ലഭിച്ചു. 1998-ലെ വാജ്പേയി മന്ത്രിസഭയിൽ വ്യോമയാന മന്ത്രിയായിരുന്നു. 1999ലും എൻ.ഡി.എ. മന്ത്രിസഭയിൽമന്ത്രിയായി. 1959 ജൂലായ് 22 ന് ബെംഗളൂരുവിലാണ് അനന്ത് കുമാർ ജനിച്ചത്. ഹൂബ്ലി കെ.എസ് ആർട്സ് കോളേജിൽ നിന്ന് ബിരുദം നേടി. വിദ്യാർഥിയായിരിക്കുമ്പോൾ ആർഎസ്എസിന്റെ വിദ്യാർഥി വിഭാഗമായി അഖിലഭാരതീയ വിദ്യാർഥി പരിഷത്തിലൂടെയാണ് അനന്ത്കുമാർ പൊതുപ്രവർത്തന രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. അടിയന്തിരാവസ്ഥ കാലത്ത് വിദ്യാർഥിയായിരുന്ന അനന്ത്കുമാർ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പിന്നീട് എബിവിപി സംസ്ഥാന സെക്രട്ടറിയും പിന്നീട് 1985ൽ ദേശീയ സെക്രട്ടറിയുമായി. തുടർന്ന് യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1996ൽ ബിജെപിയുടെ ദേശീയ സെക്രട്ടറിയായും അദ്ദേഹം നിയമിതനായി. 2003ൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ അനന്ത്കുമാർ, കർണാടകത്തിൽ പാർലമെന്ററി പാർട്ടി എന്ന നിലയിൽ ബിജെപിയെ വളർത്തുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. 2004ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ കർണാടകത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയതിൽ അദ്ദേഹത്തിന്റെ പങ്ക് സുപ്രധാനമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിക്കൊടുക്കാനും അദ്ദേഹത്തിന്റെ നേതൃമികവിന് സാധിച്ചു. 2004ൽ ദേശീയ ജനറൽ സെക്രട്ടറിയായ അനന്ത്കുമാർ, മധ്യപ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തിൽ ജിഎസ്ടി ബിൽ പാസ്സാക്കുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കാണ് അനന്ത്കുമാറിനുണ്ടായിരുന്നത്. ജിഎസ്ടിയിൽ എല്ലാ കക്ഷികളുടെയും സമ്മതി ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2zIiQUg
via
IFTTT
No comments:
Post a Comment