കൊച്ചി: താരനിശയ്ക്ക് താരങ്ങളെ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് നടീനടൻമാരുടെ സംഘടനയായ എ.എം.എം.എ യും നിർമാതാക്കളും തമ്മിലുണ്ടായിരുന്ന തർക്കം ഒത്തുതീർപ്പാക്കി. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ഫണ്ട് കണ്ടെത്താനുള്ള എ.എം.എം.എയുടെ താരനിശ ഡിസംബർ ഏഴിന് അബുദാബിയിൽ നടക്കും. എ.എം.എം.എഭാരവാഹികളും നിർമാതാക്കളുടെ സംഘടനയും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. നേരത്തെ നിർമാതാക്കൾ നടത്താനിരുന്ന താരനിശ 2019 മാർച്ചിൽ നടത്താനും ഇരുസംഘടനകളും ധാരണയിലെത്തിയിട്ടുണ്ട്. അബുദാബിയിൽ നടക്കുന്ന താരനിശയുടെ ഭാഗമായി നവംബർ 28 മുതൽ ഡിസംബർ 9 വരെ സിനിമകളുടെ ചിത്രീകരണ പരിപാടികൾ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് താരസംഘടന ഭാരവാഹികൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകൾക്ക് വാട്ട്സ് ആപ്പ് സന്ദേശമയച്ചിരുന്നു. തങ്ങളോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എ.എം.എം.എതീരുമാനമെടുത്തതിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് അബുദാബിയിലെ താരനിശ അനിശ്ചിതത്വത്തിലായത്. അതിനു മുമ്പ് നിർമാതാക്കളുടെ നേതൃത്വത്തിൽ താരനിശ നടത്താൻ മൂന്ന് വർഷമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും എ.എം.എം.എതാത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും ആരോപണമുണ്ടായിരുന്നു. കൊച്ചിയിൽ ഞായറാഴ്ച എ.എം.എം.എപ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് ഇരുതാരനിശകളും നടത്താൻ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള കരാറിലും ഇരു സംഘടനകളും ഒപ്പുവെച്ചിട്ടുണ്ട്. എ.എം.എം.എയ്ക്ക് വേണ്ടി ഭാരവാഹികളായ ഇടവേള ബാബു, ജഗദീഷ് എന്നിവരും നിർമാതാക്കളുടെ സംഘടനയ്ക്കു വേണ്ടി ജി. സുരേഷ്കുമാർ, എം. രഞ്ജിത്, മണിയൻ പിള്ള രാജു, സിയാദ് കോക്കർ എന്നിവരുമാണ് ചർച്ചയിൽ പങ്കെടുത്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2AY5nt9
via
IFTTT
No comments:
Post a Comment