ന്യൂഡൽഹി: റഫാൽ വിമാനങ്ങളുടെ സാങ്കേതിക വശം വിശദീകരിക്കുന്നതിന് വ്യോമസേനാ ഉന്നതോദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകണമെന്ന് സുപ്രീം കോടതി. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ സാങ്കേതികവശങ്ങൾ വിശദീകരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞു. റാഫാൽ കേസിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്. ഹർജിക്കാരുടെ വാദമാണ് ഇന്ന് കോടതിയിൽ നടന്നത്. മുഴുവൻ നടപടിക്രമങ്ങളും തെറ്റിച്ചുകൊണ്ടാണ് ഇടപാട് നടന്നതെന്നും ഹർജിക്കാർ വാദിച്ചു. തുടർന്നാണ് ഇടപാടിന്റെ സാങ്കേതിക വശങ്ങളിലേക്ക് കോടതി കടന്നത്. തുടർന്ന് സാങ്കേതിക കാര്യങ്ങൾ സംബന്ധിച്ച് അറ്റോർണി ജനറലിനോട് കോടതി ചോദിച്ചു. തുടർന്നാണ് എയർഫോഴ്സ് ഉന്നതോദ്യോഗസ്ഥൻ തന്നെ ഹാജരായി വിവരങ്ങൾ നൽകണമെന്ന് കോടതി ഉത്തരവിട്ടത്. പ്രതിരോധ മന്ത്രാലയത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ ഹാജരായി കാര്യങ്ങൾ വിശദീകരിക്കാമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇന്ന് വാദം അവസാനിക്കുന്നതിനു മുൻപായി വ്യോമസേനാ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വിമാനങ്ങളുടെ വില സംബന്ധിച്ച വിശദാംശങ്ങളിലേക്ക് ഇപ്പോൾപോകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. എത്രയും വേഗത്തിൽത്തന്നെ ഉദ്യോഗസ്ഥനെ ഹാജരാക്കാമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. മുഴുവൻ സാങ്കേതിക ക്രമങ്ങളും പാലിച്ചുകൊണ്ടാണ് റഫേൽ ഇടപാട് നടന്നതെന്നും അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. യുദ്ധവിമാനങ്ങളുടെ വിലയും മറ്റു സാങ്കേതിക വിശദാംശങ്ങളും കോടതിയെ അറിയിക്കാൻ കഴിയില്ല. റഫേൽ വിമാനങ്ങളുടെ വിലവിവരങ്ങൾ ഇതുവരെ പാർലമെന്റിൽ പോലും വ്യക്തമാക്കിയിട്ടില്ല. വിമാനങ്ങളുടെ നിർമാണച്ചെലവുകൾ മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. വിവരങ്ങൾ പുറത്തുപോയാൽ അത് ദുരുപയോഗം ചെയ്യപ്പെടാൻ ഇടയുണ്ടെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. Content Highlights:Supreme Court, IAF officer, Rafale case, Indian Air Force
from mathrubhumi.latestnews.rssfeed https://ift.tt/2QLX21u
via
IFTTT
No comments:
Post a Comment