തിരുവനന്തപുരം: ശബരിമലയിൽ കനത്തസുരക്ഷാ സംവിധാനങ്ങൾ ആസൂത്രണം ചെയ്തിട്ടും പോലീസ് തന്ത്രങ്ങൾ പാളി. സന്നിധാനത്തിനു സമീപത്തുൾപ്പെടെ അതിസുരക്ഷാ മേഖലയായിരുന്നിട്ടും ചൊവ്വാഴ്ച സ്ത്രീകളെ തടഞ്ഞ സാഹചര്യത്തിൽ വിശദമായ ചർച്ചകൾക്കു ശേഷമായിരിക്കും മണ്ഡലകാല സുരക്ഷയുടെ കാര്യത്തിൽ പോലീസ് തീരുമാനമെടുക്കുക. മുഖ്യമന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും.ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് പ്രതിഷേധങ്ങളുണ്ടായത് പോലീസ് തന്ത്രങ്ങളുടെ പാളിച്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷയിൽ വിള്ളലുണ്ടായതിന്റെ തെളിവാണിത്. സന്നിധാനത്തു തങ്ങുന്നതിന് സമയം നിശ്ചയിച്ചും വാഹനങ്ങൾക്കും ഭക്തർക്കും നിയന്ത്രണമേർപ്പെടുത്തിയുമാണ് പോലീസ് സുരക്ഷയൊരുക്കിയത്. എന്നാൽ, അവസാനനിമിഷം കാര്യങ്ങൾ കൈവിട്ടു. സന്നിധാനം എന്ന പരിമിതിയും വെല്ലുവിളിയായി.തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോൾ സംഘർഷമുണ്ടായതിനെ തുടർന്നാണ് ചിത്തിര ആട്ടവിശേഷത്തിന് പഴുതടച്ച സുരക്ഷയൊരുക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാക്കി വിവിധയിടങ്ങളിലേക്കായി എ.ഡി.ജി.പി.മാരുടെ നേരിട്ടുള്ള ചുമതലയിൽ തന്നെ സുരക്ഷയൊരുക്കുകയും ചെയ്തു. എന്നിട്ടും അതിസുരക്ഷാ മേഖലയിൽപ്പോലും പ്രതിഷേധം അരങ്ങേറി. 52 വയസ്സുള്ള സ്ത്രീയെ തടഞ്ഞുപ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിന് പോലീസിന്റെ മെഗാഫോൺ ആർ.എസ്.എസ്. നേതാവിനു നൽകി. ശബരിമല സന്നിധാനത്തുപോലും പോലീസിന് നിയന്ത്രണമില്ലാത്ത അവസ്ഥ വന്നുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ശബരിമലയിലെ നിയന്ത്രണം പോലീസിന് തന്നെയെന്നു മുഖ്യമന്ത്രിക്ക് ആവർത്തിച്ചു പറയേണ്ട സാഹചര്യവുമുണ്ടായി. ഇതേത്തുടർന്നാണ് മണ്ഡലകാല സുരക്ഷ സംബന്ധിച്ച് വിശദചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്.ശബരിമല വിഷയത്തിൽ രഹസ്യാന്വേഷണ വിവരങ്ങളിൽ പാളിച്ചയുണ്ടാകുന്നുവെന്നും വിലയിരുത്തലുണ്ട്. പോലീസ് സുരക്ഷയൊരുക്കാൻ വിവിധ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും അവയ്ക്ക് പരിമിതികളുണ്ട്. ഈ പരിമിതികളാണ് പ്രതിഷേധക്കാരും മറ്റും മുതലെടുത്തത്. ഇക്കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാകും പോലീസ് ചർച്ചചെയ്യുക.
from mathrubhumi.latestnews.rssfeed https://ift.tt/2PcpyfG
via
IFTTT
No comments:
Post a Comment