അഹമ്മദാബാദ്/ കോഴിക്കോട്: 2007-ലെ അജ്മേർ ദർഗ സ്ഫോടനം ഉൾപ്പെടെ രാജ്യത്തെ നടുക്കിയ നാലുസ്ഫോടന കേസുകളിൽ പ്രതിയായ മലയാളിയെ ഗുജറാത്ത് ഭീകര വിരുദ്ധസേന (എ.ടി.എസ്.) ഗുജറാത്തിൽ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി എളാട്ടേരി കുറുമങ്ങാട്ട് സ്വദേശി സുരേഷ് നായർ എന്ന സുരേഷ് കുമാർ (41) ആണ് അറസ്റ്റിലായത്. ഗുജറാത്തിൽ സ്ഥിരതാമസക്കാരനായ ഇയാൾ ഖേഡാ ജില്ലയിൽ ആർ.എസ്.എസ്. കാര്യവാഹായിരുന്നു. അജ്മേറിലെ സ്ഫോടനത്തിനുപയോഗിച്ച ബോംബ് എത്തിച്ചത് സുരേഷ് നായരാണെന്നാണ് കേസന്വേഷിക്കുന്ന എൻ.ഐ.എ.യുടെ കണ്ടെത്തൽ. സംഭവസ്ഥലത്ത് സുരേഷിന്റെ സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് ഭീകരവിരുദ്ധ സേന സുരേഷ് നായരെ എൻ.ഐ.എക്ക് കൈമാറും. സ്ഫോടനത്തിനുശേഷം ഒളിവിലായിരുന്ന ഇയാൾ നർമദ നദീതീരത്തുള്ള ശുക്ലിറിത്ത് എന്ന തീർഥാടന കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ ഗുജറാത്തിലെ ഭറൂച്ചിൽ വെച്ചാണ് പിടിയിലായത്. ക്ഷേത്രത്തിൽ സന്ദർശനത്തിന് എത്തുന്നെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു വഴിയിൽ തടഞ്ഞ് അറസ്റ്റ്. കേസിൽ സന്ദീപ് ദാങ്കെ, രാമചന്ദ്ര എന്നീ പ്രതികളെക്കൂടി പിടികൂടാനുണ്ട്. സ്വാമി അസീമാനന്ദയും ഈ കേസിൽ പ്രതിയായിരുന്നെങ്കിലും സംശയത്തിന്റെ അടിസ്ഥാനത്തിൽ ജയ്പുർ എൻ.ഐ.എ. കോടതി 2017-ൽ അദ്ദേഹത്തെ വെറുതെവിട്ടിരുന്നു. 2007 ഒക്ടോബർ 11-നു അജ്മേർ ദർഗയിൽ നടന്ന സ്ഫോടനത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. 17 പേർക്ക് പരിക്കേറ്റു. കേസിൽ പ്രതിയാണെന്ന് കണ്ടെത്തിയ സുരേഷിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 2010-ൽ രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. 2011-ൽ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽപ്പെടുത്തി. അജ്മേർ ദർഗ സ്ഫോടനം ഉൾപ്പെടെ ഹിന്ദുസംഘടനകൾ ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയ ഏഴുസ്ഫോടന പരമ്പരകളിൽ 124 പേർ കൊല്ലപ്പെടുകയും 293 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. 2011-ലാണ് എൻ.െഎ.എ. കേസേറ്റെടുത്തത്. അധ്യാപകനിൽനിന്ന് തീവ്രവാദിയിലേക്ക് ജന്മംകൊണ്ട് മലയാളിയാണെങ്കിലും ചെറുപ്പം മുതൽ കുടുംബത്തോടൊപ്പം ഗുജറാത്തിലെ ഖേഡ ജില്ലയിലെ സാക്കൂറിലായിരുന്നു സുരേഷ് നായർ താമസം. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ സരസ്വതി വിദ്യാമന്ദിറിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ സുരേഷ് നായരെ അന്വേഷിച്ച് രാജസ്ഥാനിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് കേരളത്തിൽ എത്തിയിരുന്നു. ബാലുശ്ശേരി മഞ്ഞപ്പാലത്തുള്ള ബന്ധുവീട്ടിലും അന്ന് അന്വേഷണത്തിന് പോലീസ് എത്തിയിരുന്നു. ഗുജറാത്ത് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ മരിച്ച ശേഷം സുരേഷ് അമ്മയുമൊത്ത് ബറോഡയിലായിരുന്നു താമസം. content highlights:Ajmer Darga Blast Malayali Arrested ,suresh nair, rss
from mathrubhumi.latestnews.rssfeed https://ift.tt/2P4L7u1
via
IFTTT
No comments:
Post a Comment