വിശ്വാസം അതല്ലേ എല്ലാം, മുഖ്യമന്ത്രി രമൺസിങ്ങിലുള്ള വിശ്വാസത്തിലാണ് ബിജെപി 15 വർഷം ചത്തീസ്ഗഢ് ഭരിച്ചത്. രമൺസിങ്ങിന്റെ ജനകീയതയും കോൺഗ്രസിലെ പടലപ്പിണക്കവും സംയുക്തമായി മൂന്നുതവണയും കാവിഭരണത്തിന് വഴിതെളിച്ചു. ഗുജറാത്തിന് പിന്നാലെ തുടർച്ചയായ നാലാം തവണയും അധികാരം ലക്ഷ്യമിട്ടാണ് ബിജെപി രമൺസിങ്ങിലൂടെ പടനയിക്കുന്നത്. ആയുർവേദ ഡോക്ടറായിരിക്കെ രാഷ്ട്രീയത്തിലെത്തിയ രമൺ സിങ്ങിന് നാലാം അങ്കം അത്ര എളുപ്പമല്ലെന്നതാണ് രാഷ്ട്രീയ സാഹചര്യം. പൊതുവിതരണരംഗം ശക്തിപ്പെടുത്തിയതും മെച്ചപ്പെട്ട റോഡുകളും വൈദ്യുതീകരണവും നാലാം തവണയും ജനങ്ങളുടെ വിശ്വാസം നേടിത്തരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഏറ്റവും കൂടുതൽ കാലം ഭരിച്ച ബിജെപി മുഖ്യമന്ത്രി എന്ന റെക്കോഡുമായി രമൺ സിങ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ മൂന്നു തവണയും കോൺഗ്രസ് പരാജയപ്പെട്ടപ്പോഴും ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് ശതമാനത്തിൽ കാര്യമായ അന്തരമില്ലായിരുന്നു. 2013 ൽ ബിജെപി 49 സീറ്റ് നേടിയപ്പോൾ കോൺഗ്രസ് വിജയിച്ചത് 39 ഇടത്ത്. പക്ഷേ വോട്ട് ശതമാനത്തിലെ അന്തരം കേവലം 0.7 % മാത്രമായിരുന്നു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലെ ഫലം പരിശോധിച്ചാൽ ഒരോ തവണയും കോൺഗ്രസിന് വോട്ട് ശതമാനം കൂടി വരുകയായിരുന്നു. ബിഎസ്പിക്ക് ആകട്ടെ 2003 ൽ നിന്ന് 2013 ലേക്കെത്തിയപ്പോൾ വോട്ട് കുറഞ്ഞു. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ഭരണം ഇത്തവണ പിടിച്ചെടുക്കാൻ മോഹിക്കുന്ന പക്ഷേ കോൺഗ്രസിന് മുന്നിലുള്ളത് ബിജെപിയുടെ കെട്ടുറപ്പുള്ള സംഘടനാസംവിധാനം എന്ന വെല്ലുവിളി മാത്രമല്ല. ഇതാദ്യമായി കളത്തിൽ ശക്തമായ സാന്നിധ്യമായ മൂന്നാം മുന്നണിയെ കൂടി മറികടക്കണം. ഇതാണ് കോൺഗ്രസിന് ബാലികേറാമലയായി നിൽക്കുന്നത്. തലയെടുപ്പുള്ള നേതാക്കളുടെ അഭാവം കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. മറുവശത്ത് ബിജെപിക്ക് രമൺ സിങ് എന്ന ജനകീയ നേതാവ് മാത്രം മതി. 2013 ലെ തിരഞ്ഞെടുപ്പ് കാലത്ത് സുക്മയിലുണ്ടായ നക്സൽ ആക്രമണത്തിൽ കോൺഗ്രസിന്റെ നേതൃത്വം ഒന്നാകെയാണ് തുടച്ചുനീക്കപ്പെട്ടത്. മുതിർന്ന നേതാവ് വി.സി ശുക്ല, പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ്മ, നന്ദകുമാർ പട്ടേൽ എന്നിവരെല്ലാം ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ അജിത് ജോഗി എന്ന ഒറ്റനേതാവിലേക്ക് അന്ന് പാർട്ടി ചുരുങ്ങി. അഴിമതി കേസുകൾ മുതൽ കൊലപാതക ഗൂഢാലോചന കേസുകൾ അടക്കമാണ് ജോഗിക്കും മകനുമൊക്കെ എതിരെ ഉള്ളത്. 2015ൽ അനന്തഗഡ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ഈസി വാക്കോവർ സമ്മാനിച്ച രാഷ് ട്രീയ അട്ടിമറിയുടെ പേരിലാണ് ജോഗിയുടെ മകൻ അമിത്തിനെ കോൺഗ്രസ് പുറത്താക്കിയത്. പിന്നാലെ ജോഗിയും പാർട്ടി വിട്ടു. മധ്യപ്രദേശിൽ നിന്ന് പിരിഞ്ഞ് പ്രത്യേക സംസ്ഥാനമായ ശേഷം ഇതാദ്യമായാണ് ചത്തീസ്ഗഢ് ത്രികോണ മത്സരത്തെ അഭിമുഖീകരിക്കുന്നത്. ഇത്തണത്തെ ജനവിധിയെ നിർണയിക്കുന്ന ഘടകവും ഈ മൂന്നാം മുന്നണിയുടെ സാന്നിധ്യമാണ്. ബിജെപിയും കോൺഗ്രസും നേർക്ക് നേർ പോരാടിയിരുന്ന കളത്തിലേക്ക് അജിത് ജോഗിയും മായാവതിയും ഒപ്പം കൈകോർത്ത് സിപിഐയും ചേർന്ന് വിശാല മുന്നണിയായി മത്സരിക്കുന്നു. ഈ സഖ്യം എത്ര സീറ്റ് നേടുന്നു എന്നതിനെക്കാൾ അവർ പിടിക്കുന്ന വോട്ടുകൾ ആരുടേതാകും എന്നതാണ് ഫലം നിർണയിക്കുന്നത്. ദളിത് വോട്ടുകളാണ് ചത്തീസ്ഗഢിലെ കോൺഗ്രസിന്റെ വോട്ട് ബാങ്ക്. ബിജെപിക്കാകട്ടെ സവർണ-പിന്നാക്ക വോട്ട് ബാങ്കാണ് അടിത്തറ. ദളിത് നേതാവായ ജോഗിയിലൂടെയാണ് കോൺഗ്രസ് അവിടെ ദളിത് വോട്ട് ബാങ്ക് രൂപപ്പെടുത്തിയത്. ഒറ്റനോട്ടത്തിൽ കോൺഗ്രസ് വിട്ട അജിത് ജോഗിയുടെ ചത്തീസ്ഗഢ് ജനതാ കോൺഗ്രസ്(ജെസിസി)-ബിഎസ്പി സഖ്യം പിടിക്കുക കോൺഗ്രസിന്റെ വോട്ടുകളാണെന്ന് തോന്നാം. എന്നാൽ ഇതിനൊരു മറുവശമുണ്ട്. പട്ടികജാതി വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള 10 സീറ്റുണ്ട് സംസ്ഥാനത്ത്. കഴിഞ്ഞ തവണ ഇതിൽ ഒമ്പതും നേടിയത് ബിജെപിയായിരുന്നു എന്ന് ഓർക്കുക. ഈ സീറ്റുകളിൽ ദളിത് വോട്ടുകളിൽ ഒരു പങ്ക് മൂന്നാം മുന്നണിയിലേക്ക് പോയാൽ അത് കോൺഗ്രസിന്റെ മാത്രമല്ല ബിജെപിയുടെ വോട്ടുകളുമുണ്ടാകാം. അപ്പോൾ കൂടുതൽ ദോഷം ആർക്ക് എന്നതാണ് നിർണായകമാകുക. ജോഗി കോൺഗ്രസ് വിട്ടതോടെ പാർട്ടിയിലെ ഉൾപ്പോര് അവസാനിച്ചത് ആശ്വാസമായി കോൺഗ്രസ് അവകാശപ്പെടുന്നു. എന്നാൽ പിസിസിയിൽ പടലപ്പിണക്കത്തിന് കുറവൊന്നുമില്ല എന്നതാണ് വാസ്തവം. ജോഗി പോയ ഒഴിവിൽ ബിഎസ്പി വിട്ട് തിരിച്ച് പാർട്ടിയിലെത്തിയ മുതിർന്ന നേതാവ് അരവിന്ദ് നേതത്തിന് കോൺഗ്രസ് പുതിയ പദവി നൽകിയത് ദളിത് വോട്ടുകളിലേക്കുള്ള പാലമിടാനാണ്. നക്സൽ ശക്തികേന്ദ്രങ്ങളായ ബസ്തർ, രാജനന്ദഗാവ് എന്നിവടങ്ങളിലെ 18 സീറ്റുകളിൽ ജോഗിയുടെ പാർട്ടിക്ക് കാര്യമായ സ്വാധീനമില്ല. ആദ്യ ഘട്ടത്തിൽ വോട്ടിങ് നടക്കുന്ന ഭാനുപ്രതാപ്പൂർ, കോണ്ട, ദന്ദേവാഡ എന്നിവടങ്ങളിലെ സീറ്റുകളിൽ ജെസിസിയുടെ സാന്നിധ്യം കോൺഗ്രസിന് തിരിച്ചടിയായേക്കും. രമൺ സിങ്ങിന് ഒപ്പം നിൽക്കാൻ പറ്റുന്ന ജനപ്രീതിയുള്ള നേതാക്കളില്ലാത്തതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ദൗർബല്യം. സംസ്ഥാനത്തെ പ്രമുഖ പിന്നാക്ക വിഭാഗനേതാവായ തമർദ്വാജ് സാഹുവിനെ പ്രവർത്തക സമിതി അംഗമാക്കിയതിന് പിന്നിലെ നീക്കവും പിന്നാക്ക സമുദായ വോട്ടാണ്. അവസാന നിമിഷമാണ് ദുർഗിലെ ലോക്സഭാംഗമായ സാഹുവിനോട് പാർട്ടി ദുർഗ് റൂറലിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടത്. ഭരണം കിട്ടിയാൽ സാഹു സമുദായക്കാരനായ തമർദ്വാജ് സാഹു മുഖ്യമന്ത്രിയാകും എന്ന സൂചനയും കോൺഗ്രസ് ഇതിലൂടെ നൽകുന്നുണ്ട്. പിന്നാക്ക വിഭാഗമായ കുർമി സമുദായക്കാരനാണ് പിസിസി പ്രസിഡന്റായ ഭൂപേഷ് ബഗൽ. ക്ലീൻ ഇമേജുള്ള പ്രതിപക്ഷ നേതാവ് ടി.എസ് സിങ്ദിയോക്ക് പക്ഷേ പാർട്ടിക്കുള്ളിൽ കാര്യമായ പിന്തുണയില്ല. അങ്ങനെ ജോഗിയില്ലാത്ത കോൺഗ്രസിനോട് പഴയ ശത്രുത പിന്നാക്ക വിഭാഗക്കാർക്ക് ഇപ്പോഴില്ല. ബിജെപിയോടൊപ്പം നിന്ന കുർമി, യാദവ വോട്ടുകളിൽ ഒരു പങ്ക് കോൺഗ്രസിലേക്ക് ചാഞ്ഞേക്കാം. ജെസിസി-ബിഎസ്പി സ്ഥാനാർഥികളിലേക്ക് പോകുന്ന വോട്ടുകൾ പിന്നാക്ക വിഭാഗത്തിൽ നിന്ന് അധികമായി കിട്ടുകയും സ്ഥാനാർഥി നിർണയത്തിൽ പുലർത്തിയ ശ്രദ്ധയിലൂടെ കിട്ടുന്ന വോട്ടുകളുമാകുമ്പോൾ ഭരണത്തിലെത്താമെന്നാണ് കോൺഗ്രസിന്റെ കണ്ണ്. അജിത് ജോഗി ബിജെപിയുടെ ബി ടീമാണ് എന്ന ആരോപണമാണ് കോൺഗ്രസ് പ്രധാനമായും പ്രചാരണ വേദിയിൽ മുന്നോട്ടുവെക്കുന്നത്. പുതിയ പാർട്ടി പ്രഖ്യാപിച്ച് അങ്കത്തിനിറങ്ങിയ അജിത് ജോഗി ആദ്യം പ്രഖ്യാപിച്ചത് രാജനന്ദഗാവിൽ മുഖ്യമന്ത്രി രമൺ സിങ്ങിനെതിരെ മത്സരിക്കുമെന്നായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജോഗി അതിൽ നിന്ന് പിൻവാങ്ങി മകൻ നേരത്തെ പ്രതിനിധീകരിച്ച മർവാഹിയിൽ മത്സരിക്കാൻ തീരുമാനിച്ചു. ജോഗിയുടെ ഈ പിന്മാറ്റവും കോൺഗ്രസ് ആയുധമാക്കുന്നുണ്ട്. അജിത് ജോഗിയെ കോൺഗ്രസ് പുറത്താക്കിയെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ രേണു ജോഗി കഴിഞ്ഞ മാസം വരെ കോൺഗ്രസിൽ തന്നെയായിരുന്നു. കോട്ട മണ്ഡലത്തിൽ അവർക്ക് സീറ്റ് നിഷേധിച്ചതോടെയാണ് അവർ ജെസിസിയുടെ സ്ഥാനാർഥിയായത്. മകൻ അമിത് ജോഗിയുടെ ഭാര്യ മത്സരിക്കുന്നത് ബിഎസ്പി ടിക്കറ്റിലാണ്. ബസ്തർ മേഖലയാണ് കോൺഗ്രസിന്റെ ശക്തികേന്ദ്രം. കഴിഞ്ഞ തവണ ഇവിടത്തെ 12 സീറ്റിൽ എട്ടിടത്തും കോൺഗ്രസ് ജയിച്ചു. ഇത്തവണ എട്ടിൽ ഏഴ് പേർക്കും സീറ്റ് നൽകിയപ്പോൾ വിജയസാധ്യത കുറവാണെന്ന് സർവെയിൽ കണ്ട അനന്തഗഢിൽ സ്ഥാനാർഥിയെ മാറ്റി. ബിജാപൂരിൽ ജോഗി സ്ഥാനാർഥിയാക്കിയത് മുൻ ബിജെപി നേതാവായ സാകനി ചന്ദ്രയ്യയൊണ്. ഈ സ്ഥാനാർഥിത്വം ബിജെപിക്ക് ക്ഷീണമുണ്ടാക്കിയേക്കാം. 15 വർഷത്തെ ഭരണത്തിന്റെ ഫലമായുള്ള ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണെന്നാണ് പൊതുവേ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ രമൺ സിങ്ങിന്റെ ജനകീയതയിലും പാവങ്ങൾക്കായി പ്രഖ്യാപിച്ച ചില പദ്ധതികളിലൂടെയും എല്ലാത്തിനുമൊടുവിൽ മോദിയെ കൂടി കളത്തിലിറക്കി മറികടക്കാമെന്ന ഉറച്ച വിശ്വാസമാണ് ബിജെപിക്ക്. 14 സിറ്റിങ് എം.എൽഎമാർക്ക് ബിജെപി ഇത്തവണ സീറ്റ് നിഷേധിച്ചു. എന്നാൽ അഴിമതി ആരോപണങ്ങൾ പല മന്ത്രിമാർക്കെതിരെ ഉണ്ടെങ്കിലും ഒരാൾ ഒഴികെ ബാക്കി എല്ലാവർക്കും പാർട്ടി വീണ്ടും സീറ്റ് നൽകി. 60 സീറ്റാണ് അമിത് ഷാ ഇത്തവണ സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന ടാർജറ്റ്. ഇതിനിടെ പിസിസി വർക്കിങ് പ്രസിഡന്റ് രാം ദയാൽ ഉയികയെ ബിജെപിയിലെത്തിച്ചാണ് അമിത് ഷോ കോൺഗ്രസിനെ ഞെട്ടിച്ചു. ഇത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി.പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന നൽകിയ ബിജെപി ഇത്തവണ ഏറ്റവും കൂടുതൽ സ്ത്രീകളെ മത്സരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. രമൺസിങ്ങിന്റെ അപ്രമാധിത്വത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കങ്ങൾ ഇത്തവണത്തെ ടിക്കറ്റ് വിതരണത്തിൽ പ്രകടമായിരുന്നു. ഇതിന് പുറമെ രാജ്യസഭാ എംപി സരോജ് പാണ്ഡെയിലൂടെ ഒരു ബദൽ നേതാവിന്റെ കടന്നുവരവും കണ്ടില്ലെന്ന് നടിക്കാനാകില്ല. കഴിഞ്ഞ തവണ ചത്തീസ്ഗഢിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചവരിൽ പരാജയപ്പെട്ട ഏകയാൾ ദുർഗിലെ മുൻ മേയർ കൂടിയായ സരോജ് പാണ്ഡെയായിരുന്നു. തോറ്റിട്ടും അവർക്ക് രാജ്യസഭാ സീറ്റ് നൽകുന്നതിനെ രമൺസിങ് എതിർത്തും പരസ്യമായ രഹസ്യമാണ്. ആകെമൊത്തം കലുഷിതമാണ് ചത്തീസ്ഗഢ് രാഷ്ട്രീയം. നാലാം തവണയും ജയിച്ച് തിളക്കം കൂട്ടാൻ രമൺ സിങ്ങും ഒരു തിരിച്ചുവരവ് ഇത്തവണയെങ്കിലും നേടാൻ കൊതിച്ച് കോൺഗ്രസും ഇഞ്ചോടിച്ച് പോരാടുമ്പോൾ അഞ്ചോ പത്തോ സീറ്റ് എങ്ങനെയെങ്കിലും തരപ്പെടുത്തി ഒരു കിങ് മേക്കറാകുക എന്ന സ്വപ്നത്തിലാണ് അജിത് ജോഗി. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലെ പോലെ പിടിച്ചെടുക്കും എന്ന കോൺഗ്രസ് പ്രതീക്ഷ ഫലം വരുന്നതോടെ പതിവ് പോലെ അസ്മതിക്കുമെന്ന് ബിജെപി പറയുന്നു. ആത്യന്തികമായി ജാതി രാഷ് ട്രീയം തന്നെ വിധി നിശ്ചയിക്കുന്ന ചത്തീസ്ഗഢിൽ സാമുദായിക അടിയൊഴുക്കുകൾക്ക് ഇത്തവണ സാധ്യതയേറെയാണ്. അതിന് കാരണം ജെസിസി-ബിഎസ്പി മൂന്നാം കക്ഷിയുടെ വരവാണ്. നാലാമതും താമര വിരിയിക്കാൻ അടവുകളെല്ലാം പയറ്റുന്ന ബിജെപി ഇത്തവണ കൂടി ജയിച്ചാൽ പിന്നെ നിലനിൽപ് തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലാണ് കോൺഗ്രസ്. ആകെയുള്ള 90 സീറ്റുകളിൽ 20 ഓ 25 ഓ സീറ്റുകൾ ഒഴിച്ചുനിർത്തിയാൽ ബിജെപി കോൺഗ്രസ് നേർക്കുനേർ പോരാട്ടം തന്നെയാണ് നടക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 10 സീറ്റെങ്കിലും ലക്ഷ്യമിടുന്ന ജോഗി കുടുംബത്തിന് അഞ്ച് സീറ്റിലധികം കിട്ടാൽ ഇത്തവണ ലോട്ടറി അടിക്കുക അവർക്കായിരിക്കും. അഞ്ച് സീറ്റ് പോലും കിട്ടിയില്ലെങ്കിൽ ജോഗിയുടെ രാഷ് ട്രീയ ഭാവി തന്നെ ഇരുളടയും.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായ അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകൾ രാഹുലിന്റെയും കോൺഗ്രസിന്റെയും പ്രതീക്ഷ 2019 ലേക്ക് നീളുമോ അതോ ഇവിടെ കൊണ്ട് അവസാനിക്കുമോ എന്ന ഉത്തരവും ഡിസംബർ 11ന് അറിയാം.
from mathrubhumi.latestnews.rssfeed https://ift.tt/2Ov2ZOe
via
IFTTT
No comments:
Post a Comment