വൈദ്യുതിനിരക്ക് കുത്തനെ ഉയരും, സബ്‌സിഡി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

വൈദ്യുതിനിരക്ക് കുത്തനെ ഉയരും, സബ്‌സിഡി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക്

രാജ്യത്തെ വൈദ്യുതിമേഖല സമ്പൂർണ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ശുപാർശകൾ ഉൾക്കൊള്ളുന്ന വൈദ്യുതി നിയമഭേദഗതി ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതോടെ വൈദ്യുതിമേഖല അടിമുടി മാറും. മുംബൈ, ഡൽഹി തുടങ്ങിയ വൻകിട നഗരങ്ങളിലെന്ന പോലെ കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും വൻകിട സ്വകാര്യ കമ്പനികൾക്ക് വൈദ്യുതിവിതരണത്തിന് അവസരമൊരുക്കുകയാണ് നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യം. സബ്സിഡി വെട്ടിക്കുറയ്ക്കലിന് ശുപാർശ ചെയ്യുന്ന നിയമം നടപ്പാകുന്നതോടെ ഗാർഹിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതിനിരക്കിൽ കുത്തനെയുള്ള വർധനയുണ്ടാകും. പാചകവാതകത്തിലെന്നപോലെ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്സിഡി നേരിട്ട് നൽകുന്നതിനും നിയമം ശുപാർശ ചെയ്യുന്നു. പുതിയ ഭേദഗതി സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള വൈദ്യുതിബോർഡുകൾക്കും കമ്പനികൾക്കും തിരിച്ചടിയായേക്കും. കേന്ദ്രസർക്കാർ 2003-ൽ വൈദ്യുതിനിയമം കൊണ്ടുവന്നത് തന്നെ വൻകിട സ്വകാര്യ കമ്പനികളെ ഈ രംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അന്ന് നിയമം പാസായതോടെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതിവകുപ്പുകൾ സർക്കാരിനു കീഴിലെ കമ്പനികളോ ബോർഡുകളോ ആയി മാറി. എന്നിട്ടും സ്വകാര്യമേഖല കടന്നുവന്നില്ല. വൈദ്യുതോത്പാദനം എന്ന ഒറ്റമേഖലയിൽ മാത്രമാണ് സ്വകാര്യ കമ്പനികൾ താത്പര്യം കാണിച്ചത്. വിതരണരംഗത്തേക്ക് വന്നവർ വളരെ ചുരുക്കമായിരുന്നു. സർക്കാരുകൾക്ക് കീഴിലെ കമ്പനികളുമായി കരാറുകളിൽ ഏർപ്പെടാൻ വൻകിട കോർപ്പറേറ്റുകൾ തയ്യാറായിരുന്നില്ല. ഈ തടസ്സങ്ങൾ ഒഴിവാക്കുകയാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം. വൈദ്യുതി വീട്ടിലെത്തിക്കാൻ ഫ്രാഞ്ചൈസികൾ പുതിയ നിയമഭേദഗതി അനുസരിച്ച് വൈദ്യുതിശൃംഖലയും വൈദ്യുതി സപ്ലൈയും വേർതിരിക്കും. വൈദ്യുതിശൃംഖല ഇപ്പോഴുള്ള ലൈസൻസികൾ, അതായത് അതത് സംസ്ഥാനങ്ങളിലെ വൈദ്യുതിബോർഡുകൾക്ക് അല്ലെങ്കിൽ കമ്പനികൾക്കാണ് പരിപാലന ചുമതല. പുതിയ ഭേദഗതി അനുസരിച്ച് വൈദ്യുതി ബോർഡുകൾക്കോ കമ്പനികൾക്കോ വൈദ്യുതി നേരിട്ട് ഉപഭോക്താവിന് വിൽക്കാൻ അനുമതിയുണ്ടാകില്ല. ശൃംഖലയിൽ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കളിലേക്കെത്തിക്കാൻ പുതിയ സപ്ലൈ ലൈസൻസികൾ അഥവാ കമ്പനികൾ കടന്നുവരും. വൈദ്യുതി ഉത്പാദകരിൽ നിന്ന് സപ്ലൈ ലൈസൻസികൾ നേരിട്ട് വൈദ്യുതി വാങ്ങിയാണ് ഉപഭോക്താക്കളിലെത്തിക്കുക. നെറ്റ്വർക്ക് സംരക്ഷിക്കേണ്ട ബാധ്യത മാത്രം ഇപ്പോഴത്തെ വൈദ്യുതി ബോർഡുകൾക്കും കമ്പനികൾക്കും മാത്രമാകും. വൈദ്യുതിശൃംഖല ഒരു ലൈസൻസി തന്നെ പരിപാലിക്കുമ്പോൾ ഒരു പ്രത്യേക പ്രദേശത്ത് വൈദ്യുതി നൽകുന്നതിന് ഒന്നിലേറെ ഏജൻസികളെ അനുവദിക്കും. അതായത് ഇപ്പോഴുള്ള കേബിൾ ടി.വി. ഓപ്പറേറ്റേഴ്സിനെ പോലെയാകും വൈദ്യുതി വിതരണവും. ഉപഭോക്താവിന് ആവശ്യമുള്ള ഏജൻസിയെ തിരഞ്ഞെടുക്കാം. ഈ ലൈസൻസികളാകും ഉപഭോക്താക്കൾക്ക് മീറ്ററുകൾ സ്ഥാപിച്ച് വൈദ്യുതി നൽകുക. ഇപ്പോഴത്തെ വൈദ്യുതി ബോർഡുകൾ വീട്ടുപടിക്കൽ വരെയുള്ള വൈദ്യുതിതൂണിന്റെ അധികാര പരിധിയിൽ ഒതുങ്ങും. മേഖലയിൽ ആരോഗ്യകരമായ മത്സരം കൊണ്ടുവരുന്നതിന് കൂടി നിയമം ലക്ഷ്യമിടുന്നു. നിരക്ക് ഉയരാൻപോകുന്നത് ഇങ്ങനെ വൈദ്യുതിനിരക്കിന്റെ സബ്സിഡി 20 ശതമാനമായി നിജപ്പെടുത്തുന്നതാണ് നിയമഭേദഗതിയിലെ പ്രധാന ശുപാർശകളിലൊന്ന്. ഇപ്പോൾ ഒരു യൂണിറ്റ് വൈദ്യുതിക്ക് വരുന്ന ചെലവ് ആറു രൂപയാണ്. നിയമഭേദഗതി വന്നാൽ സബ്സിഡിയായി 1.20 രൂപ മാത്രമേ നൽകാനാവൂ. അതായത് മിനിമം ചാർജ് എന്നത് 4.80 രൂപയായി ഉയരും. ഇപ്പോഴത്തെ മിനിമം ചാർജ് 1.50 രൂപയാണ്. സംസ്ഥാനത്തെ 80 ശതമാനം ഉപഭോക്താക്കളും പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരാണ്. സംസ്ഥാനത്തെ 85 ശതമാനം ഗാർഹിക ഉപഭോക്താക്കളുടെയും വൈദ്യുതി ബില്ല് കുത്തനെ കൂടും. സബ്സിഡിഅക്കൗണ്ടിലേക്ക് പാചകവാതകത്തിലെന്നപോലെ ഉപഭോക്താവ് മുഴുവനായി വൈദ്യുതിനിരക്ക് അടയ്ക്കുകയും അതിന്റെ സബ്സിഡിത്തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകാനുമാണ് നിയമം ശുപാർശ ചെയ്യുന്നത്. എന്നാൽ, ഈ സബ്സിഡി തുക നൽകേണ്ടത് വൈദ്യുതി വിതരണ കമ്പനിയല്ല, അതത് സംസ്ഥാന സർക്കാരുകളാണ്. സബ്സിഡിയിൽ നിന്നും സമീപഭാവിയിൽ തന്നെ പിൻവാങ്ങാൻ സംസ്ഥാനങ്ങൾ ശ്രമിക്കുന്ന അവസ്ഥയുണ്ടാകും. വൈദ്യുതി നൽകുന്ന കമ്പനികൾക്ക് കാര്യമായ ബാധ്യത വരാതെ നോക്കുന്നതാണ് നിയമഭേദഗതി. 24 x 7 വൈദ്യുതി;തടസ്സങ്ങൾക്ക്നഷ്ടപരിഹാരം 24 മണിക്കൂറും ഇടതടവില്ലാതെ വൈദ്യുതി എന്നത് പുതിയ ബിൽ നിർദേശിക്കുന്നു. വൈദ്യുതി തടസ്സമുണ്ടാവുകയാണെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നതാണ് ശുപാർശകളിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം. നഷ്ടപരിഹാരം നൽകേണ്ടത് ആരാണെന്നതിന് കൃത്യമായൊരു നിർവചനം ഭേദഗതിയിൽ പറഞ്ഞിട്ടില്ല. സ്വാഭാവികമായും വിതരണശൃംഖലയുടെ ചുമതലയുള്ളവരുടെ ബാധ്യതയായി ഇത് മാറാൻ ഇടയുണ്ട്. ജലവൈദ്യുതിയുംപാരമ്പര്യേതരഊർജവും പാരമ്പര്യേതര ഊർജ പട്ടികയിൽ ജലവൈദ്യുതിയേയും ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തെ സംബന്ധിച്ച് ഏറെ മെച്ചമുള്ളതാണിത്. നിശ്ചിത ശതമാനം പാരമ്പര്യേതര ഊർജം അതത് സംസ്ഥാനങ്ങൾ വാങ്ങി ഉപയോഗിക്കണമെന്ന് കേന്ദ്രനിയമം ഉണ്ട്. ഓരോ വർഷവും ഇതിന്റെ ശതമാനം കൂട്ടുകയും ചെയ്യും. ജലവൈദ്യുതി പാരമ്പര്യേതര ഊർജമാകുന്നതോടെ ഈ രീതിയിലുള്ള ചെലവിൽ കുറവ് വരും. ബോർഡുകൾക്ക്തിരിച്ചടി സംസ്ഥാന സർക്കാരുകൾക്ക് കീഴിലെ വൈദ്യുതി ബോർഡുകളെയും കമ്പനികളെയും പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ ഭേദഗതി. ഉപഭോക്താക്കൾക്ക് നേരിട്ട് വൈദ്യുതി നൽകാൻ കഴിയാത്തത് തന്നെ തിരിച്ചടിയാണ്. 'വീലിങ്' ചാർജ് അഥവാ നെറ്റ്വർക്കിലൂടെ വൈദ്യുതി കൊണ്ടുപോകുന്നതിനുള്ള ഫീസ് മാത്രമാകും വരുമാനം. കേരളത്തിൽ ഒരു വർഷത്തെ വൈദ്യുതി ഉപഭോഗം 2,400 കോടി യൂണിറ്റാണ്. ഒരു യൂണിറ്റിന് 50 പൈസയാണ് വീലിങ് ചാർജ് എന്ന് കണക്കാകുകയാണെങ്കിൽ ഇപ്പോഴത്തെ ലൈസൻസിയായ വൈദ്യുതി ബോർഡിന് ലഭിക്കുക 1,200 കോടി രൂപയായിരിക്കും. ഇപ്പോഴത്തെ വരുമാനം 14,000 കോടി രൂപയാണെന്നിരിക്കെ വൈദ്യുതി ബോർഡിന്റെ തകർച്ചയാവും വിദൂര ഭാവിയിൽ സംഭവിക്കുക. പ്രതിവർഷം ശമ്പളത്തിനും പെൻഷനുമായി 2,000 കോടിരൂപയാണ് ആവശ്യം. കേരളത്തിന് ആവശ്യമായ വൈദ്യുതിയിൽ 30 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. പുറമേ നിന്ന് 45 രൂപയ്ക്കാണ് സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. ആ വിലയ്ക്ക് വൈദ്യുതി ബോർഡിന് വിൽക്കാൻ പറ്റിയാൽ ലാഭമായിരിക്കും. പക്ഷേ, വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന തുകയ്ക്കേ വിൽക്കാൻ സാധിക്കു. ഇതൊരിക്കലും പുറമേ നിന്ന് വാങ്ങുന്ന വൈദ്യുതിനിരക്കിന് തുല്യമാകാൻ അനുവദിക്കുകയുമില്ല. വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നതിനുള്ള പ്രധാന കാരണം വിതരണ ശൃംഖലയിലാണ് ഉണ്ടാവുക. അങ്ങനെ വരുമ്പോൾ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ട ബാധ്യത കൂടി കെ.എസ്.ഇ.ബി.ക്കാകും. sreejithedappally@gmail.com


from mathrubhumi.latestnews.rssfeed https://ift.tt/2qs3sHd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages