പന്തളത്ത് ഒക്ടോബർ രണ്ടിന് നടന്ന നാമജപ ഘോഷയാത്രയ്ക്കൊപ്പം ഇരുചക്രവാഹനവുമായി പങ്കെടുത്ത ശിവദാസൻ. ഫയൽചിത്രം പന്തളം: ശബരിമല പാതയിൽ ളാഹ കമ്പകത്തുംവളവിന് സമീപം കൊക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയ അയ്യപ്പഭക്തൻ ശിവദാസന്റെ (60) മരണകാരണം വലതു തുടയെല്ലിനേറ്റ പരിക്കെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശവസംസ്കാരം മാന്നാറിലെ കുടുംബവീട്ടുവളപ്പിൽ നടത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്നും മരിച്ചത് നിലയ്ക്കലിലെ പോലീസ് നടപടിക്കിടെയാണെന്നും ആരോപിച്ച് സംഘപരിവാർ സംഘടനകൾ വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിൽ ഹർത്താൽ നടത്തിയിരുന്നു. എന്നാൽ ബൈക്കപകടമാണ് മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ശരീരം ജീർണിച്ച് തുടങ്ങിയതിനാൽ പുറമേ പരിക്കുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ആന്തരിക അവയവങ്ങൾക്ക് ക്ഷതമില്ലെന്നും പരിശോധനയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് ശബരിമലപാത കാടുവെട്ടി വൃത്തിയാക്കുന്നവരാണ് വഴിയരികിൽ താഴ്ചയിലായി മരത്തിൽ തങ്ങിയിരിക്കുന്ന സ്കൂട്ടർ കണ്ടെത്തിയത്. തുടർന്നു നടത്തിയ തിരച്ചിലിൽ മൃതദേഹവും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വടംകെട്ടി ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. ശിവദാസൻ എല്ലാ മലയാളമാസവും ഒന്നാംതീയതി ശബരിമല ദർശനത്തിനായി പോകാറുള്ളതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഒക്ടോബർ 18-ന് രാവിലെ എട്ടരയ്ക്ക് വീട്ടിൽനിന്ന് സ്കൂട്ടറിൽ ശബരിമലയിലേക്ക് പോയെന്നാണ് മകൻ ശരത് പോലീസിനു നൽകിയ മൊഴി. 19-ന് രാവിലെ എട്ടുമണിയോടുകൂടി ഏതോ സ്വാമിമാരുടെ ഫോണിൽനിന്ന് ഭാര്യയെ വിളിച്ച് സന്നിധാനത്ത് തൊഴുതിട്ട് നിൽക്കുകയാണെന്നും പറഞ്ഞു. മടങ്ങിയെത്താൻ വൈകിയതിനെത്തുടർന്ന് 21-ന് പമ്പ, പെരുനാട്, നിലയ്ക്കൽ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. 24-ന് പന്തളം പോലീസ് സ്റ്റേഷനിലും പരാതി നൽകി. 16-നും 17-നും പമ്പയിലും സന്നിധാനത്തും നടന്ന പോലീസ് നടപടികളുമായി മരണത്തിന് ബന്ധമില്ലെന്നാണ് പോലീസിന്റെ വിശദീകരണം. 18-ന് രാവിലെയാണ് ശിവദാസൻ വീട്ടിൽനിന്ന് ശബരിമലയിലേക്ക് പോയത്. കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുകയായിരുന്നു എന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് ആളുകളുടെ പേരിൽ േകസെടുത്തു. അതേസമയം, പോലീസ് നടപടിക്കിടെയാണ് ഇദ്ദേഹം മരിച്ചതെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ആരോപിച്ചു. നിരോധനാജ്ഞ നിലനിൽക്കെയുണ്ടായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു. പന്തളത്തും പരിസരപ്രദേശങ്ങളിലും വാഹനത്തിൽ ലോട്ടറി വ്യാപാരവും ഓട്ടുപാത്രങ്ങളുടെ വിൽപ്പനയും നടത്തിവന്നിരുന്നയാളാണ് ശിവദാസൻ. മുളമ്പുഴയിൽ വീടുപണി നടക്കുന്നതിനാൽ തുമ്പമൺ മുട്ടം ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം.
from mathrubhumi.latestnews.rssfeed https://ift.tt/2SDzsoZ
via
IFTTT
No comments:
Post a Comment