തിരുവനന്തപുരം: പ്രാഥമികാനുമതി റദ്ദാക്കിയ ഡിസ്റ്റിലറി, ബ്രൂവറി അപേക്ഷകളിലെ എക്സൈസ് നടപടി ക്രമങ്ങളിൽ നിരവധി ക്രമക്കേടുകൾ. അപേക്ഷകളിൽ അനുകൂല റിപ്പോർട്ട് നൽകുന്നതിനുമുമ്പ് സർക്കാരിന്റെ നിർദേശം എക്സൈസ് തേടിയിരുന്നില്ലെന്ന് എക്സൈസ് കമ്മിഷണറേറ്റിലെ രേഖകൾ വ്യക്തമാക്കുന്നു. 2017 ജൂലായിൽ ഇടതുസർക്കാരിന്റെ പുതിയ മദ്യനയം വന്നതിനു തൊട്ടുപിന്നാലെയാണ് ബ്രൂവറി-ഡിസ്റ്റിലറി അപേക്ഷകൾക്ക് ജീവൻവെച്ചത്. മുമ്പ് അപേക്ഷിച്ചവർ വീണ്ടുമെത്തി. പഴയവ നിരസിച്ചതാണെന്ന് വ്യക്തമായിട്ടും എക്സൈസ് ആസ്ഥാനത്ത് പുതിയ അപേക്ഷകൾ സ്വീകരിച്ചു. ഇതിന് രേഖാമൂലം സർക്കാരിൽനിന്ന് നിർദേശമൊന്നും ലഭിച്ചിരുന്നില്ല. നയപരമായ തീരുമാനമായതിനാൽ ഉന്നതതലങ്ങളിൽ നിന്നും വാക്കാലുള്ള നിർദേശമെങ്കിലും ലഭിക്കാതെ ഇത്തരമൊരു നടപടി ഉണ്ടാകാനിടയില്ലെന്ന് പറയപ്പെടുന്നു. തട്ടിക്കൂട്ട് കമ്പനിയെന്ന് ആരോപണമുയർന്ന ശ്രീചക്രയും പവർ ഇൻഫ്രാടെക്കുമാണ് പുതിയമദ്യനയം വന്നതിന് പിന്നാലെ അപേക്ഷ നൽകിയത്. അപ്പോളോയുടെ ബ്രൂവറി അപേക്ഷ ഒക്ടോബറിലാണ് സമർപ്പിച്ചത്. 2017 നവംബർ 13-ന് ഒരുമിച്ചാണ് ഈ മൂന്നു സ്ഥാപനങ്ങൾക്കും ശുപാർശ നൽകിയത്. ഇതിന് നിയമോപദേശം തേടിയിട്ടില്ലെന്ന് എക്സൈസ് കമ്മിഷണറേറ്റിലെ രേഖകളിൽ വ്യക്തമാണ്. ഇതിനു പിന്നാലെയാണ് കണ്ണൂരിലെ വാരത്ത് ശ്രീധരൻ ബ്രൂവറിക്ക് പ്രാഥമികാനുമതി നൽകിയത്. നടപടികളിൽ ഏകീകൃത സ്വഭാവമില്ലെന്നത് കുരുക്കാകുമെന്ന് കണ്ടാണ് പ്രാഥമികാനുമതി റദ്ദാക്കി സർക്കാർ തടിയൂരിയത്. അന്വേഷണം വന്നാൽ പിഴവുകൾ ഏറെയുണ്ടെന്ന് ഇതു സംബന്ധിച്ച ഫയലുകളിൽ വ്യക്തമാണ്. പുനലൂരിലും തൊടുപുഴയിലും ഡിസ്റ്റിലറികൾക്ക് പ്രാഥമികാനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സെക്രട്ടേറിയറ്റിൽ അന്തിമഘട്ടത്തിൽ എത്തിയപ്പോഴാണ് ബ്രൂവറി അനുവദിക്കുന്നത് സംബന്ധിച്ച് ആരോപണം ഉയർന്നത്. നാലുസ്ഥാപനങ്ങൾക്ക് നൽകിയ പ്രാഥമികാനുമതി റദ്ദാക്കിയെങ്കിലും സർക്കാരിന്റെ പരിഗണനയിലുള്ള അപേക്ഷകൾ ഇതുവരെ നിരസിച്ചിട്ടില്ല. ഉപഭോഗത്തിന് അനുസരിച്ച് ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയെന്ന സർക്കാർവാദം പുനലൂരിലെയും തൊടുപുഴയിലെയും ഡിസ്റ്റിലറികൾക്ക് അനുകൂലമല്ല. എന്നിട്ടും എക്സൈസ് തിടുക്കപ്പെട്ട് ശുപാർശ നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/2DgJiZn
via
IFTTT
No comments:
Post a Comment