ആലപ്പുഴ: കൊല്ലത്ത് പരവൂരും ആലപ്പുഴയിൽ ചാരുംമൂടും എൻ.എസ്.എസ്. കരയോഗങ്ങൾക്കുനേരെ ആക്രമണം. പരവൂർ ഇടവട്ടം 3638-ാം നമ്പർ കരയോഗമന്ദിരത്തിന്റെ ഓഫീസിലെ ജനാലച്ചില്ലുകൾ തകർത്തു. കുടശ്ശനാട് 1473-ാം നമ്പർ കരയോഗമന്ദിരത്തിലെയും കുടശ്ശനാട് എൻ.എസ്.എസ്. ഹൈസ്കൂളിലെയും കൊടിമരങ്ങളിൽ കരിങ്കൊടി കെട്ടി. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ആദരാഞ്ജലിയെന്നെഴുതിയ റീത്തും വെച്ചു. ഇടവട്ടം പൂതക്കുളത്തെ കരയോഗമന്ദിര ഓഫീസിനുനേർക്ക് ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. ശബ്ദം കേട്ട് ലൈറ്റിട്ടതോടെ ആരോ ഓടി വാഹനത്തിൽ കയറിപ്പോകുന്നത് കണ്ടുവെന്ന് പരിസരവാസികൾ പറഞ്ഞു. വിവരമറിഞ്ഞ് കരയോഗ ഭാരവാഹികൾ എത്തിയപ്പോഴാണ് ചില്ലുകൾ തകർത്തത് കണ്ടത്. കൊടിമരവും തകർത്തിരുന്നു. പ്രസിഡന്റ് എസ്. ശ്രീകണ്ഠൻ പിള്ള, സെക്രട്ടറി സോമചൂഡൻപിള്ള എന്നിവർ പരവൂർ പോലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തുള്ള ക്ഷേത്രത്തിലെ ജീവനക്കാരനാണ് കുടശ്ശനാട് കരയോഗമന്ദിരത്തിലെ കൊടിമരത്തിൽ കരിങ്കൊടി കെട്ടിയത് കണ്ടത്. വിവരമറിഞ്ഞ് ഭാരവാഹികൾ വന്നുനോക്കിയപ്പോൾ റീത്തും കണ്ടു. പിന്നീട് സ്കൂളിലും ഇതാവർത്തിച്ചതായി കണ്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകീട്ട് എൻ.എസ്.എസ്. പന്തളം യൂണിയനിലെ കരയോഗങ്ങളുടെ നേതൃത്വത്തിൽ കുടശ്ശനാട്ട് പ്രതിഷേധപ്രകടനവും സമ്മേളനവും നടന്നു. എൻ.എസ്.എസ്. ഹൈസ്കൂളിന്റെ പൂട്ടിയിട്ടിരുന്ന ഗേറ്റിനുമുകളിൽക്കൂടി ഗ്രൗണ്ടിൽ കടന്നാണ് കൊടിമരത്തിൽ കരിങ്കൊടികെട്ടി റീത്ത് വെച്ചതെന്ന് കരുതുന്നു. കൊടിമരത്തിന് ചുറ്റിലും ഗേറ്റിലും മുളകുപൊടി വിതറിയിട്ടുണ്ട്. പോലീസിലെ പ്രത്യേക സ്ക്വാഡും വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിനുപിന്നിൽ സമൂഹവിരുദ്ധരാണെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനുമുമ്പിൽ കൊണ്ടുവരണമെന്നും എൻ.എസ്.എസ്. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2Ph2yfO
via
IFTTT
No comments:
Post a Comment