തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെവിമർശവുമായി എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. സിപിഎം വരയ്ക്കുന്ന വരയിൽ നിൽക്കാനും സിപിഎം വിരിച്ച വലയിൽ അകപ്പെടാനും കേരളത്തിലെ പ്രബുദ്ധ ജനാധിപത്യ സമൂഹം വിഡ്ഢികളല്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു. ബിജെപിക്ക് വളരാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു എന്ന ചരിത്രപരമായ വിഡ്ഢിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പിണറായി വിജയൻ കഴിയില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.... ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും ശബരിമല സംഘർഷഭൂമിയാവുമ്പോൾ, വിവാദ കേന്ദ്രമാവുമ്പോൾ മനസ്സ് വേദനിക്കുന്നവരാണ് കേരളത്തിലെ വിശ്വാസി സമൂഹം. അവർക്കൊപ്പമാണ് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം നിലയുറപ്പിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടി സർക്കാർ സുപ്രീംകോടതിയിൽ എടുത്ത നിലപാട് വിശ്വാസി സമൂഹത്തിന്റെ വികാരത്തിനൊപ്പമുള്ള നിലപാടായിരുന്നു. പുണ്യപൂങ്കാവനത്തെ കലാപഭൂമിയാക്കി മാറ്റരുതെന്നതായിരുന്നു. എന്നാൽ വിശ്വാസി സമൂഹത്തിന്റെ മൊത്തക്കച്ചവടക്കാരായ് രംഗത്തെത്തിയ ബി ജെ പിയും സംഘ്പരിവാർ സംഘടനകളും അവരുടെ തനിനിറം വെളിപ്പെടുത്തിയിരിക്കയാണ്, പി എസ് ശ്രീധരൻപിള്ളയുടെ വിവാദ പ്രസംഗത്തിലൂടെ. ഭക്തർക്ക് ഒപ്പം നിലയുറപ്പിക്കുന്നു എന്ന് വരുത്തി തങ്ങളുടെ സങ്കുചിത താത്പര്യം അവർ വെളിപ്പെടുത്തി കഴിഞ്ഞു. നമ്മൾ ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു കൊണ്ട് രംഗം കാലിയാക്കുമ്പോൾ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാർട്ടികളുമാണ്- ഈ ഒറ്റ തുറന്നു പറച്ചിലിലുണ്ട്, ബി ജെ പിയും സി പി എമ്മും മാത്രമായി അവശേഷിക്കുന്ന രാഷ്ട്രീയ കേരളത്തെക്കുറിച്ചുള്ള അവരുടെ ഗൂഢാലോചനയും സ്വപ്നവും. ബി ജെ പിക്ക് തഴച്ചുവളരാനുള്ള മണ്ണ് ഒരുക്കി കൊടുത്തെന്ന ചരിത്രപരമായ വിഡ്ഢിത്തത്തിൽ നിന്ന് പിണറായി വിജയന് ഒരിക്കലും കൈകഴുകാനാവില്ല. മുഖ്യമന്ത്രിയെന്ന നിലയിൽ സമവായത്തിന്റെ പാത സ്വീകരിക്കാതെ, സംഘർഷവും പ്രകോപനവും നിരന്തരം സൃഷ്ടിച്ച് തീവ്ര ആശയക്കാരായ എതിരാളികളെ വളർത്തുക; അതുവഴി സമാധാന കാംക്ഷികളായ കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന അജണ്ടയാണ് ശബരിമലയിൽ വെളിവായത്. പക്ഷെ യഥാർത്ഥ ഈശ്വര വിശ്വാസികൾ ബി ജെ പിയുടെയും സി പി എമ്മിന്റെയും തനിസ്വരൂപം ഇപ്പോൾ തിരിച്ചറിയുന്നു; നിങ്ങൾ വരച്ച വരയിൽ നിൽക്കാനും നിങ്ങൾ വിരിച്ച വലയിൽ അകപ്പെടാനും കേരളത്തിലെ പ്രബുദ്ധ ജനാധിപത്യസമൂഹം അത്രമാത്രം വിഡ്ഢികളല്ലെന്ന് ഓർക്കണം. പകൽക്കിനാവിലെ എല്ലാ കണക്കുകൂട്ടലുകൾക്കും വിരാമമിട്ട്, കേരളത്തിലെ സൈ്വര്യജീവിതത്തിന് വിഘ്നം വരുത്താതെ മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഇരുപാർട്ടി നേതൃത്വവും തയ്യാറാവണം. മറിച്ചെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് മാത്രമല്ല ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കുകയും ചെയ്യും. content highlights:pc vishnunath, sabarimala women entry, rss, bjp ,cpim
from mathrubhumi.latestnews.rssfeed https://ift.tt/2AOT7vi
via
IFTTT
No comments:
Post a Comment