റാഞ്ചി: സീറ്റില്ലാതെ രണ്ടുദിവസം യാത്രചെയ്ത തീവണ്ടിയിൽ നിന്ന് ഇറങ്ങിയിട്ടും പ്രയാസങ്ങൾ തീർന്നില്ല. വേദിയിലെത്താൻ വാഹനം വൈകി. താമസിക്കാൻ കുടുസ്സുമുറി നൽകി. പക്ഷേ, അതിലൊന്നും തളരാതെ കേരളത്തിന്റെ താരങ്ങൾ വൈകീട്ട് നിരനിരയായി ട്രാക്കിലിറങ്ങി. അവരുടെ മുഖത്ത് നിരാശയില്ല. ഹർഡിലുകൾ എത്രയെത്ര ചാടിക്കടന്നിരിക്കുന്നു! ഇനി നാലുനാൾ, മുന്നിൽ മത്സരം മാത്രം. ലക്ഷ്യം വിജയം മാത്രം. 34-ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സിന് വെള്ളിയാഴ്ച റാഞ്ചി സ്റ്റേഡിയത്തിൽ തുടക്കം. 136 താരങ്ങളടങ്ങിയ കേരള ടീം വ്യാഴാഴ്ച രാവിലെ റാഞ്ചിയിലെത്തി. ജൂനിയർ മീറ്റിൽ അഞ്ചുതവണ ജേതാക്കളായ കേരളത്തെ മറികടന്ന് കഴിഞ്ഞവർഷം ഹരിയാണ കിരീടം നേടിയിരുന്നു. ഗുണ്ടൂരിൽ നടന്ന ആ മീറ്റിലെ പിഴവുകൾ തിരുത്തി അത്ലറ്റിക്സിലെ കുത്തക ഉറപ്പിക്കാനാണ് കേരളം ഇറങ്ങുന്നത്. 168 താരങ്ങളുമായി ഹരിയാണ ഇക്കുറിയും ഒരുങ്ങിത്തന്നെ. 176 താരങ്ങളുമായിവന്ന ഉത്തർപ്രദേശും 153 പേരുമായി തമിഴ്നാടും രംഗത്തുണ്ട്. ആദ്യദിനം 20 ഇനങ്ങളിൽ ഫൈനലുണ്ട്. അണ്ടർ 20 (ജൂനിയർ), അണ്ടർ 18 (യൂത്ത്), അണ്ടർ 16, അണ്ടർ 14 എന്നിങ്ങനെ നാലുവിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരമുണ്ട്. കഴിഞ്ഞവർഷം കേരളം 24 സ്വർണമടക്കം 400 പോയന്റുകൾ നേടിയപ്പോൾ 27 സ്വർണമടക്കം 408 പോയന്റുമായി ഹരിയാണ അത്ലറ്റിക്സിലെ കേരളത്തിന്റെ കുത്തക തകർക്കുകയായിരുന്നു. കഠിനയാത്ര പിന്നിട്ട് തീവണ്ടിയിൽ ഉറപ്പായ 24 സീറ്റ് 130 പേർ പങ്കിട്ടെടുത്താണ് കേരള ടീം റാഞ്ചിയിലെത്തിയത്. പലർക്കും ഇരിക്കാൻപോലും ഇടംകിട്ടിയില്ല. പരിശീലകരടക്കം ഇരുന്നുറങ്ങിയും നിലത്തുകിടന്നും രണ്ടുദിവസം യാത്രചെയ്തു. റാഞ്ചിയിൽ വ്യാഴാഴ്ച രാവിലെ തീവണ്ടി ഇറങ്ങിയപ്പോഴും കഷ്ടപ്പാടിന് വലിയ മാറ്റമുണ്ടായില്ല. 136 പേരെ വേദിയിലെത്തിക്കാൻ രണ്ടുവാഹനം മാത്രം. രണ്ടു ട്രിപ്പടിച്ച് സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ഉച്ചയോടടുത്തു. താമസസ്ഥലം കാണിച്ചപ്പോൾ എല്ലാവരും ഞെട്ടി. കിടക്കാൻ കട്ടിലില്ല. കുടുസ്സുമുറിയും. വൈകുന്നേരമായപ്പോഴേക്കും പ്രശ്നങ്ങളെല്ലാം പരിഹരിച്ച് എല്ലാവരും ഉൻമേഷത്തോടെ പരിശീലനത്തിനിറങ്ങി. അന്താരാഷ്ട്ര മത്സരം അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത അഞ്ചുപേർ കേരള ടീമിലുണ്ട്. ജൂനിയർ സാഫ് ഗെയിംസിൽ മത്സരിച്ച വി.സി. ഗോകുൽ (ഡെക്കാത്തലൺ), സി. മുഹമ്മദ് ഫായിസ് (110 മീറ്റർ ഹർഡിൽസ്), സാന്ദ്ര ബാബു, ലോക സ്കൂൾ മീറ്റിൽ പങ്കെടുത്ത അപർണ റോയ് (110 മീറ്റർ ഹർഡിൽസ്), സാന്ദ്ര ബാബു (ട്രിപ്പിൾ ജമ്പ്) എന്നിവർ. അബിത മേരി മാനുവൽ (400, 800), ഗായത്രി ശിവകുമാർ (ഹൈജമ്പ്), ആൻസി സോജൻ (ലോങ്ജമ്പ്), ആദർശ് ഗോപി (1500), സി. അഭിനവ് (100) തുടങ്ങിയ സമീപകാലത്ത് സ്കൂൾ-യൂത്ത് അത്ലറ്റിക്സ് മത്സരങ്ങളിൽ തിളങ്ങിയ സംഘവും ഇവിടെ മത്സരിക്കുന്നു. അഞ്ജലി തോമസ് (ഹെപ്റ്റ.), നിബിയ ജോസഫ് (സ്റ്റീപ്പിൾ ചേസ്), ടി.വി. അഖിൽ എന്നിവർ മീറ്റിൽനിന്ന് പിൻമാറിയിരുന്നു. 39 കോളേജ് വിദ്യർഥികളും കേരള ടീമിലുണ്ട്. മേഘയും ഫായിസും നയിക്കും കേരള സംഘത്തെ ഷോട്ട്പുട്ട് താരം മേഘ മറിയം മാത്യുവും മുഹമ്മദ് ഫായിസും നയിക്കും. വി.സി. ഗോകുലും പി.ആർ. ഐശ്വര്യയും വൈസ് ക്യാപ്റ്റൻമാരാണ്. സി. രാമചന്ദ്രനാണ് ടീം മാനേജർ. പരിശീലകരായ പി.പി. പോൾ, അനീസ് റഹ്മാൻ, ബിബിൻ ഫ്രാൻസിസ്. സി. കവിത, അർച്ചന എന്നിവരും ടീമിനൊപ്പമുണ്ട്. പിടിക്കാൻ ഡോഗ് സ്ക്വാഡും മരുന്നടി പിടിക്കാൻ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്കൊപ്പം (നാഡ) ഇക്കുറി ഡോഗ് സ്ക്വാഡും രംഗത്തുണ്ടാകും. പോലീസിന്റെ സഹായവുമുണ്ടാകും. രാജ്യാന്തരതലത്തിൽ ഉത്തേജക പരിശോധനകൾ കർശനമാക്കിയതിനാലാണ് ജൂനിയർ വിഭാഗത്തിലും ഇത്രയധികം സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ 11 മണിക്ക് നടക്കും. Content Highlights:National Junior Athletics meet starts today
from mathrubhumi.latestnews.rssfeed https://ift.tt/2F0UFpV
via
IFTTT
No comments:
Post a Comment