കൊച്ചി: ശബരിമല യുവതീ പ്രവേശം സംബന്ധിച്ചസുപ്രീംകോടതി വിധിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. പുനഃപ്പരിശോധനാ ഹർജികൾനവംബർ 13 ന് പരിഗണിക്കാനിരിക്കെ അതുവരെ ശബരിമലയിലെ യുവതി പ്രവേശനം താത്കാലികമായി തടയണം എന്നാവശ്യപ്പെട്ടെത്തിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ മറുപടി. സുപ്രീം കോടതിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. അതിനാൽ ഇക്കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്താൻ ഹൈക്കോടതിക്ക് കഴിയില്ലെന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാരിനെ ഡിവിഷൻ ബെഞ്ച് പിന്തുണച്ചു. സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തിയത്. ഹർജിക്കാരൻ പ്രധാനമായും മുന്നോട്ടുവെച്ചത് ഒരു നിയമപ്രശ്നമാണ്. ശബരിമലയിൽ 10 നും 50 നും ഇടയിലുള്ള പ്രായത്തിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം തടഞ്ഞത് മഹേന്ദ്രൻ എന്നയാളുടെ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ്. ഇതിൽ ആർത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിച്ചിട്ടില്ലെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചത്. എന്നാൽ ആ വിധി പരാമർശിക്കാതെ മറ്റൊരു വിഷയത്തിലാണ് ശബരിമലയിൽ യുവതി പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നൽകിയത്. അതുകൊണ്ട് തന്നെ മഹേന്ദ്രൻ കേസിലെ വിധി ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതിയിലെ പുനഃപ്പരിശോധന ഹർജികളിൽ തീരുമാനം എടുക്കുന്നതുവരെ യുവതി പ്രവേശനം തടയണമെന്ന ആവശ്യമാണ് ഹർജിക്കാരൻ മുന്നോട്ടുവെച്ചത്. എന്നാൽ വിധി പുറപ്പെടുവിച്ചത് മഹേന്ദ്രൻ കേസിലെ വിധി പരിശോധിച്ചാണോ അല്ലയോയെന്ന് സുപ്രീം കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. അതിനാൽ ഹർജി ഇവിടെ നിലനിൽക്കുന്നതല്ല, വേണമെങ്കിൽ ഹർജിക്കാരന് സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. സുപ്രീംകോടതി വിധിയിൽ ഇടപെടാൻ ഹൈക്കോടതിക്ക് നിയമപരമായി അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2zmMWg2
via
IFTTT
No comments:
Post a Comment