കൊച്ചി:ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളിൽ വീണ്ടും ഹൈക്കോടതിയുടെ ഇടപെടൽ. തീർഥാടകർ ഒറ്റയ്ക്കോ കൂട്ടമായോ എത്തി ശരണംവിളിക്കുന്നത് തടയരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതിന് തടസ്സമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ(എ.ജി.) അറിയിച്ചിട്ടുണ്ട്. ശബരിമലയിലെ നിരോധനാജ്ഞ ഭക്തരെ തടയാനല്ല, തീർഥാടനം സുഗമമാക്കാനാണ്. അക്കാര്യം പോലീസിന് മനസ്സിലായിട്ടുണ്ടോയെന്നും ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോനും ജസ്റ്റിസ് എൻ. അനിൽകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു. പ്രാർഥനായജ്ഞം പ്രതിഷേധത്തിന്റെ രൂപത്തിലുള്ളതാകാം. എന്നാൽ, ശരണംവിളി തടയാനാവില്ലെന്ന് കോടതി ഓർമപ്പെടുത്തി. ശബരിമലയിലെ പോലീസ് നിയന്ത്രണം ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. രാവിലെ ഹർജികൾ പരിഗണനയ്ക്കെടുത്തപ്പോൾ എ.ജി. സി.പി. സുധാകരപ്രസാദ് തന്നെയാണ് സർക്കാരിനുവേണ്ടി ഹാജരായത്. ശരണമന്ത്രം തടഞ്ഞിട്ടില്ലെന്ന് എ.ജി. അറിയിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിലും മറ്റും പരാമർശിക്കപ്പെട്ടവർക്കുമാത്രമാണ് സമയനിയന്ത്രണമുള്ള നോട്ടീസ് നൽകുന്നതെന്നും ബോധിപ്പിച്ചു. എന്നാൽ, അത് വ്യാപക തെറ്റിദ്ധാരണയ്ക്ക് കാരണമായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരോധനാജ്ഞയുടെയും സമയനിയന്ത്രണ നോട്ടീസും ആർക്കൊക്കെയാണ് ബാധകമെന്ന് എ.ജി. ഉച്ചയ്ക്ക് അറിയിക്കണമെന്ന് നിർദേശിച്ച് കോടതി ഹർജി 1.45-ന് പരിഗണിക്കാനായി മാറ്റി. തുടർന്ന് സർക്കാരിന്റെ വാദം കേട്ടശേഷമാണ് ഉത്തരവിറക്കിയത്. അന്താരാഷ്ട്ര ഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് എം.കെ. ഗോപിനാഥ്, കടവന്ത്രയിലെ ആർ. ശ്രീനിവാസൻ തുടങ്ങിയവരുടെ ഹർജികളാണ് കോടതി പരിഗണിച്ചത്. നിരോധനാജ്ഞ: ഭക്തർക്ക് ആശങ്കയുണ്ട് ബസുകളിലും മറ്റും ഒറ്റസംഘമായാണ് ഭക്തരെത്തുന്നത്. നിരോധനാജ്ഞയുടെ പേരിൽ അവരെ വേർപിരിച്ച് കൂട്ടം പിരിച്ചുവിടുമോ എന്ന് ഭക്തർക്ക് പേടിയുണ്ട്. അതിനാൽ നിരോധനാജ്ഞയുടെ കാര്യം വിലയിരുത്തണം. നിരോധനാജ്ഞ ഉത്തരവ് ശരിയായാണോ ശബരിമലയിൽ നടപ്പാക്കിയതെന്നും കോടതി ആരാഞ്ഞു. നടപ്പന്തലിൽ കിടന്നുറങ്ങിയവരെ ഉണർത്തിയെന്ന് പറയുന്നു. അത് മനുഷ്യാവകാശ ലംഘനമാണ്. രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കളക്ടർ നിരോധനാജ്ഞ ഇറക്കിയതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിക്കാൻ കാരണമായ റിപ്പോർട്ടുകൾ കളക്ടർ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ക്രിമിനൽ പോലീസ്: അത്തരക്കാരെ ശബരിമലയിൽ വിന്യസിച്ചതെന്തിന്? ശബരിമലയിൽ നിയന്ത്രണച്ചുമതലയുള്ള ഐ.ജി.ക്കും എസ്.പി.ക്കും മലയാളം വായിക്കാനറിയുമോ എന്ന് ഹൈക്കോടതി. പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ളവർക്ക് നൽകുന്ന നോട്ടീസ് മലയാളത്തിലാണ് ഇറക്കിയിട്ടുള്ളത്. അത് വായിച്ച് അന്തസ്സത്ത മനസ്സിലാക്കാൻ ഉദ്യോഗസ്ഥന് സാധിക്കാത്തതാണോ ശരണംവിളി തടയാൻ കാരണമെന്നും കോടതി ചോദിച്ചു. പോലീസിനെ നിശിതമായി വിമർശിച്ച കോടതിയുടെ പരാമർശങ്ങൾ ഇങ്ങനെ: * കേസിൽപ്പെട്ടവർ ശബരിമലയിലെത്തുമ്പോൾ നോട്ടീസ് നൽകുന്ന ഉദ്യോഗസ്ഥർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് സർക്കാർ മനപ്പൂർവം മറക്കുന്നു. സമ്പത്ത് വധക്കേസിലുൾപ്പെട്ടിരുന്ന ആളെയല്ലേ ശബരിമലയിലെ ക്രമസമാധാനച്ചുമതലയേൽപ്പിച്ചത്? കൊച്ചിയിൽ സമരംചെയ്ത സ്ത്രീകളോടും കുട്ടികളോടും അതിക്രമം കാണിച്ചയാളല്ലേ മറ്റൊരുദ്യോഗസ്ഥൻ? * ഇത്തരം ഉദ്യോഗസ്ഥരെ ശബരിമലയിൽ വിന്യസിക്കാൻ കാരണമെന്താണ്? ശബരിമലയിൽ തിരക്ക് നിയന്ത്രിച്ച് പരിചയമുള്ളവരെയാണോ നിയോഗിച്ചിട്ടുള്ളത്? തുറന്ന മൈതാനത്തെ തിരക്ക് നിയന്ത്രിച്ചുള്ള പരിചയമല്ല ചോദിക്കുന്നത്. * കഴിഞ്ഞദിവസം ചില രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കൾ ശബരിമലയിൽ പോയിരുന്നു. അവർക്കുമുന്നിൽ എസ്.പി.യുടെ ശരീരഭാഷ ദയനീയമായിരുന്നെന്ന് കോടതി വാദത്തിനിടെ വിലയിരുത്തി. സംഘടനകളുടെ സർക്കുലർ: പ്രാർഥനയ്ക്കെങ്കിൽ എന്തിനാണ് പരിശീലനം? ചില സംഘടനകളുടെ സർക്കുലർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഡിസംബർ 13 വരെ ചിലർ ശബരിമലയിൽ പോകണം, അവർ പരിശീലനം ഉള്ളവരാകണം, സഞ്ചിയിൽ ആവശ്യമായ സാധനങ്ങൾ കരുതണം എന്നെല്ലാം അതിൽ പറയുന്നുണ്ട്. പ്രാർഥനയ്ക്കാണ് പോകുന്നതെങ്കിൽ എന്തിനാണ് പരിശീലനം? സഞ്ചിയിൽ എന്താണ് കരുതേണ്ടത്? നാളികേരമാണോ? ഇങ്ങനെയുള്ള സർക്കുലറുകൾ ഉണ്ടാകുമ്പോൾ മുൻകരുതലെടുക്കേണ്ടത് പോലീസിന്റെ ചുമതലയാണ്. സഞ്ചി പരിശോധിക്കേണ്ടിവരും. അത് അവരുടെ ജോലിയല്ലേ? എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ എല്ലാം പോവില്ലേ? content highlights: sabarimala, sabarimala women entry,sabarimala women entry protest,highcourt
from mathrubhumi.latestnews.rssfeed https://ift.tt/2PLs90k
via
IFTTT
No comments:
Post a Comment