കോഴിക്കോട്: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച 15 വനിതാ പോലീസ് ഉദ്യോഗസ്ഥരുടേയും ജനന തിയ്യതി സർട്ടിഫിക്കറ്റ് പരിശോധിച്ചുവെന്ന ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസ്താവന വിവാദമാകുന്നു. ചിത്തിര ആട്ട വിളക്കിന് സന്നിധാനത്ത് അനിഷ്ട സംഭവങ്ങളുണ്ടായപ്പോൾ തില്ലങ്കേരി പോലീസിന്റെ മൈക്ക് ഉപയോഗിച്ച് അണികളോട് സംസാരിച്ച സംഭവത്തിന് പിന്നാലെയാണ് സർക്കാരിന് തലവേദനയാകുന്ന പുതിയ പ്രസ്താവന. ഞായറാഴ്ച കോഴിക്കോട് മുതലക്കുളത്ത് ഹിന്ദു സംഘടനകൾ സംഘടിപ്പിച്ച ശബരിമല സംരക്ഷണ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് വത്സൻ തില്ലങ്കേരി വിവാദ പ്രസ്താവന നടത്തിയത്. ഡ്യൂട്ടിക്ക് നിയോഗിച്ച ഒരു പോലീസുകാരിയുടെ ഭർത്താവിന് 49 വയസാണെന്ന് മനസിലായി. സ്വാഭാവികമായും അപ്പോൾ ഭാര്യക്ക് അതിൽ താഴെയായിരിക്കുമല്ലോ പ്രായം. ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് എല്ലാ വനിതാ പോലീസുകാരുടേയും ജനന തിയ്യതി സർട്ടിഫിക്കറ്റ് കാണാനുള്ള സൗഭാഗ്യം തങ്ങൾക്കുണ്ടായി - തില്ലങ്കേരി പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ സംഘടിത ശക്തിക്ക് എന്ത് നേടാനായി എന്നതിന് തെളിവാണ് ഇത് എന്നായിരുന്നു തില്ലങ്കേരിയുടെ പ്രസംഗം. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം രണ്ടാം തവണ നട തുറന്നപ്പോഴാണ് വത്സൻ തില്ലങ്കേരി സന്നിധാനത്ത് വന്നത്. ആചാരം ലംഘിച്ച് പതിനെട്ടാം പടി കയറിയതിനെയും അദ്ദേഹം ന്യായീകരിച്ചിരുന്നു. അന്ന് ജനക്കൂട്ടം നിയന്ത്രണം വിട്ടുപോയ സാഹചര്യത്തിലാണ് വത്സൻ തില്ലങ്കേരി പോലീസിന്റെ മൈക്കുപയോഗിച്ച് അവരോട് സംസാരിച്ചതെന്നും വ്യക്തമാക്കിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് സന്നിധാനത്ത് വെച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ജനന തിയതി പരിശോധിച്ചുവെന്ന് വത്സൻ തില്ലങ്കേരി പറയുന്നത്. ഇത് ശബരിമലയിൽ പോലീസിന്റെ പ്രവർത്തനരീതിയെ വീണ്ടും ചോദ്യം ചെയ്യുന്നതാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2z3T1yx
via
IFTTT
No comments:
Post a Comment