ബെംഗളൂരു: കർണാടകത്തിലെ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ബല്ലാരി, ശിവമോഗ, മാണ്ഡ്യ എന്നീ മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രാമനഗര, ജാംഘണ്ഡി നിയമസഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 6,450 പോളിങ് സ്റ്റേഷനുകളിൽ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ നവംബർ ആറിനാണ്. സഖ്യസർക്കാർ രൂപീകരിച്ചതിനു ശേഷം കോൺഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഇരു വിഭാഗങ്ങൾക്കും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനഹിത പരിശോധന കൂടിയാണ് ഉപതിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് രാമനഗര മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നത്. ഇവിടെ ബിജെപി സ്ഥാനാർഥിയായിരുന്ന എൽ ചന്ദ്രശേഖർ മത്സരത്തിൽനിന്ന് പിൻമാറുകയും കോൺഗ്രസിൽ ചേരുകയും ചെയ്തിരുന്നു. ജെഡിഎസ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പല നേതാക്കളുടെയും അനന്തരഗാമികൾ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്. ജാംഘണ്ഡി മണ്ഡലത്തിൽ മുൻ കോൺഗ്രസ് എംഎൽഎ സിദ്ധു ന്യാമഗൗഡയുടെ മകൻ ആനന്ദ് ന്യാമഗൗഡ ബിജെപി സ്ഥാനാർഥി ശ്രീകാന്ത് കുൽക്കർണിയ്ക്കെതിരെ മത്സരിക്കുന്നു. ബിജെപി നേതാവ് ബി എസ് യദ്യൂരപ്പയുടെ മകൻ ബിവൈ രാഘവേന്ദ്ര ശിവമോഗയിൽ മുൻ മുഖ്യമന്ത്രി എസ് ബംഗാരാപ്പയുടെ മകൻ മധു ബംഗാരപ്പയ്ക്കെതിരെ മത്സരിക്കുന്നു. ബെല്ലാരിയിൽ ബിജെപി നേതാവ് ശ്രീരാമലുവിന്റെ സഹോദരി ജെ ശാന്ത, കോൺഗ്രസിന്റെ വി.എസ് ഉഗ്രപ്പയ്ക്കെതിരെ മത്സരിക്കുന്നു. മാണ്ഡ്യയിൽ ജെഡിഎസിന്റെ ശിവരാമ ഗൗഡ, ബിജെപി സ്ഥാനാർഥി ഡോ. സിദ്ധരാമയ്യയ്ക്കെതിരെ മത്സരിക്കുന്നു. ഇവിടെയും ജെഡിഎസ് വിജയപ്രതീക്ഷയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2Ru7Xws
via
IFTTT
No comments:
Post a Comment