വരാപ്പുഴ: പ്രഭാഷകനും ചിന്തകനുമായ ഡോ. സുനിൽ പി. ഇളയിടത്തിന് വധഭീഷണി. ഫെയ്സ്ബുക്കിലെ സുദർശനം എന്ന ഗ്രൂപ്പിന്റെ പേജിൽ സുനിൽ പി. ഇളയിടത്തിന്റെ പ്രസംഗ വീഡിയോയ്ക്ക് താഴെ എഴുതിയിട്ടുള്ള കമന്റിലാണ് അസഭ്യവർഷവും ഭീഷണിയും. 'ഹിന്ദു സമൂഹത്തിനെതിരേ സംസാരിക്കുന്ന ഇവനെ കണ്ടാൽ കല്ലെറിഞ്ഞ് കൊന്നേക്കണം' എന്നാണ് ശ്രീവിഷ്ണു എന്നയാളുടെ കമന്റിലെ ആഹ്വാനം. ഹിന്ദുക്കൾക്കെതിരേ തുടർച്ചയായി സംസാരിക്കുന്ന ഇയാൾ ഭൂമിക്ക് ഭാരമാണെന്നാണ് കമന്റിൽ കുറിച്ചിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് അനുകൂലമായി നവോത്ഥാന പ്രഭാഷണങ്ങൾ നടത്തുന്നതാണ് സുനിൽ പി. ഇളയിടത്തിനെതിരേയുള്ള പ്രകോപനത്തിനു കാരണം. ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ള ആചാര്യന്മാരെ ആധികാരികമായി ഉദ്ധരിച്ചാണ് പ്രഭാഷണങ്ങൾ നടത്തുന്നതും. ഭീഷണിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നിട്ടുള്ളത്. വധഭീഷണി മുഴക്കിയ ശ്രീവിഷ്ണു അടൂർ സ്വദേശിയാണെന്നാണ് വിവരം. ഗാന്ധിജിയെ വെടിവച്ചു കൊന്ന ഒരു പാരമ്പര്യത്തോടാണ് ഏറ്റുമുട്ടുന്നതെന്ന ഉത്തമ ബോധ്യത്തോടെയാണ് ഹൈന്ദവ വർഗീയ വാദത്തിനെതിരായ നിലപാടുകൾ ഉറപ്പിച്ച് പറയുന്നതെന്ന് സുനിൽ പി. ഇളയിടം പറഞ്ഞു. താൻ എളുപ്പമുള്ള ഒരു ഇരയാണെന്ന് ഉത്തമ ബോധ്യമുള്ളതായും അദ്ദേഹം പ്രതികരിച്ചു. എങ്കിലും ഹൈന്ദവ വർഗീയതയ്ക്കെതിരേ ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും നിലപാടുകളും ആശയങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽനിന്ന് തന്നെ പിന്തിരിപ്പിക്കാൻ അവരുടെ ഭീഷണികൾക്ക് കഴിയില്ല. നാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും വഴി അതാണ് എന്നതാണ് തന്റെ ബലം. ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാനുള്ള ശ്രമം അടുത്തയിടെ വർധിച്ചിട്ടുണ്ട്. പറയുന്നതിന് ഫലമുണ്ടാകുന്നു എന്നു മാത്രമേ അതിനെ കാണുന്നുള്ളൂ. ഇക്കാര്യത്തിൽ എന്നെ നയിക്കുന്നത് ഗുരുവിന്റെ മാർഗം തന്നെയാണ്. മതം ഒരു ധാർമിക ശക്തിയാവണമെന്നും ആചാരങ്ങളും അന്യമത വിദ്വേഷവും ഒരു മതത്തിലുമുള്ളതല്ലെന്നും സാധാരണ മതവിശ്വാസികളോട് പറഞ്ഞുകൊണ്ടേയിരിക്കും - സുനിൽ പി. ഇളയിടം പറഞ്ഞു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അധ്യാപകനായ സുനിൽ പ്രഗല്ഭനായ സാംസ്കാരിക ഗവേഷകനും അധ്യാപകനും കൂടിയാണ്. content highlights:death threat against sunil p elayidom
from mathrubhumi.latestnews.rssfeed https://ift.tt/2FkoEJx
via
IFTTT
No comments:
Post a Comment