ചെന്നൈ: തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കൽ തുടങ്ങിയ ജില്ലകളിൽ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ് കരകടന്നു. 110 കിലോമീറ്ററോളം വേഗത്തിൽ വീശിയ കാറ്റിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് നാശമുണ്ടായി. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം 12.30-ഓടെ വീശിത്തുടങ്ങിയ കാറ്റ് രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു. ചുഴലിക്കാറ്റിൽ തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട ജില്ലകളിൽ നാശനഷ്ടങ്ങളുണ്ടാകുകയും ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യുകയും ചെയ്തു. നിലവിലെ അനുമാനം അനുസരിച്ച് ഗജ ചുഴലിക്കാറ്റ് ഒരു തീവ്ര ന്യുനമർദമായി ശക്തി കുറഞ്ഞ് മധ്യകേരളത്തിലൂടെ, കിഴക്ക് നിന്നും പടിഞ്ഞാറ് ദിശയിൽ, തമിഴ് നാട്ടിൽ നിന്നും അറബി കടലിലേക്ക് സഞ്ചരിക്കും. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലും കേരളത്തിൽ എല്ലാ ജില്ലകളിലും വെള്ളിയാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ ചെന്നൈയിലും സമീപ ജില്ലകളിലും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശക്തവും, അതി ശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയും ഇന്ന് ലഭിച്ചേക്കും. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ സംബന്ധിയായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (16112018) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ നവംബർ 16 വൈകുന്നേരം മുതൽ നവംബർ 20 വരെ അറബിക്കടലിലും, കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും, കന്യാകുമാരി ഭാഗത്തും ഗൾഫ് ഓഫ് മാന്നാറിലും ഒരുകാരണവശാലും മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ചുദിവസം മുമ്പ് ബംഗാൾ ഉൾക്കടലിൽ, ചെന്നൈയിൽനിന്ന് 925 കിലോ മീറ്ററോളം അകലെയാണ് ഗജ ചുഴലിക്കാറ്റ് രൂപം കൊണ്ടത്. തമിഴ്നാട്ടിലെ കടലൂരിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ വീശുമെന്നായിരുന്നു ആദ്യ പ്രവചനം. പിന്നീട് കാറ്റിന്റെ ഗതിമാറി നാഗപട്ടണം, കടലൂർ തീരത്തേക്ക് നീങ്ങുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് നാഗപട്ടണത്തിൽ നിന്ന് 510 കിലോമീറ്റർ അകലെ എത്തിച്ചേർന്ന കാറ്റ് വ്യാഴാഴ്ച പകൽ കരുത്താർജിക്കുകയായിരുന്നു. മണിക്കൂറിൽ 13 കിലോമീറ്റർ വേഗത്തിലായിരുന്ന കാറ്റിന്റെ ശക്തി 25 കിലോമീറ്ററിലെത്തി. വൈകുന്നേരം തീരത്തിന് 135 കിലോമീറ്റർ അടുത്തെത്തിയതോടെ മഴ കനത്തു. വേഗം കുറഞ്ഞും കൂടിയും നിന്നതിന് ശേഷം അർധരാത്രിക്കുശേഷം കരയിലേക്ക് വീശുകയായിരുന്നു. നാഗപട്ടണം അടക്കം കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയത് ദുരിതത്തിന്റെ തീവ്രത കുറച്ചു. ദേശീയ ദുരന്തര നിവാരണസേനയും സംസ്ഥാന റവന്യൂ, പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളും മുൻ കരുതൽ നടപടികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രി ആർ.ബി. ഉദയകുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകട സാധ്യത മുൻകൂട്ടിക്കണ്ട് 63,203 പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. നാഗപട്ടണം, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള തീവണ്ടി സർവീസുകൾ റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചത് കൂടാതെ സ്വകാര്യകമ്പനികൾ അടക്കം എല്ലാ ഓഫീസുകളിലെയും ജീവനക്കാർ വൈകീട്ടോടെ വീടുകളിലേക്ക് മടങ്ങണമെന്ന് നിർദേശിച്ചിരുന്നു. വാഹനഗതാഗതവും നിർത്തിവെച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പരീക്ഷ മാറ്റി ചെന്നൈ: ചുഴലിക്കാറ്റ് ദുരിതത്തെ തുടർന്ന് രാമനാഥപുരം, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ട ജില്ലകളിലും പുതുച്ചേരിയുടെ ഭാഗമായ കാരയ്്ക്കലിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അണ്ണാ സർവകലാശാല, തിരുവാരൂർ കേന്ദ്ര സർവകലാശാല, ചിദംബരം അണ്ണാമലൈ സർവകാശാല, തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലകൾ എന്നിവ ഈ ദിവസം നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്തെ പോളിടെക്നിക് പരീക്ഷകളും മാറ്റി. content highlight: gaja cyclone,tamilnadu,Cyclone Gaja pounds Tamil Nadu, brings heavy rain and strong winds
from mathrubhumi.latestnews.rssfeed https://ift.tt/2Dosz5x
via
IFTTT
No comments:
Post a Comment