ചാത്തന്നൂർ : പത്തുമാസം പ്രായമായ കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി മരിച്ചു. ഇ.എസ്.ഐ. വാർഡ് പാറയ്ക്കൽ കാടിയാതി ക്ഷേത്രത്തിനുസമീപം വിഷ്ണുഭവനിൽ മണിയുടെയും അമ്പിളിയുടെയും മകൾ മായ (19), മായയുടെ മകൾ മൈഥിലി എന്നിവരാണ് മരിച്ചത്. കരിമ്പാലൂർ മുളമൂട്ടിൽകുന്ന് കോളനിയിൽ സന്ദീപ് ഭവനിൽ ദിലീപിന്റെ വീട്ടിലെ 40 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് മായ ചാടിയത്. നൃത്തകലാകാരനായ ദിലീപുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു മായ. എന്നാൽ ഇവർ രേഖാമൂലമോ ആചാരപരമായോ വിവാഹിതരായിട്ടില്ലെന്ന് പാരിപ്പള്ളി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ ആറരയോടെയാണ് സംഭവം. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വായുവിന്റെ ദൗർലഭ്യംമൂലം കിണറ്റിലിറങ്ങാൻ കഴിഞ്ഞില്ല. പരവൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേന ഇരുവരെയും കിണറ്റിൽനിന്ന് പുറത്തെടുത്ത് പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാരിപ്പള്ളിയിൽനിന്ന് പോലീസും എത്തിയിരുന്നു. ദിലീപിന്റെ വീട്ടിലായിരുന്നു മായ താമസിച്ചിരുന്നത്. ദിലീപ് നൃത്തപരിപാടിക്ക് പോകുന്നത് മായയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഇരുവരും ഇതേച്ചൊല്ലി വഴക്കിടാറുണ്ടായിരുന്നു. രണ്ടുദിവസംമുൻപ് മായ കുഞ്ഞിനെയുംകൂട്ടി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തിയ മായ ദിലീപുമായി പിണങ്ങി കുട്ടിയുമായി കിണറ്റിൽ ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വിഷ്ണു, അനീഷ് എന്നിവർ മായയുടെ സഹോദരങ്ങളാണ്. എസ്.ഐ. പി.രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ മായയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പാരിപ്പള്ളി പോലീസ് കേസെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2zmImy3
via
IFTTT
No comments:
Post a Comment