ചാലക്കുടി: മദ്യലഹരിയിൽ ആഡംബര കാർ തിരക്കുള്ള റോഡിലൂടെ പായിച്ച് അപകടമുണ്ടാക്കിയ ആൾ അറസ്റ്റിൽ. ചാലക്കുടി എസ്.എച്ച്. കോളേജിന് സമീപം താമസിക്കുന്ന കല്ലേലി ജോസ് (50) ആണ് അറസ്റ്റിലായത്. ചാലക്കുടി കലിക്കൽ ചുണ്ടങ്ങപറമ്പിൽ സതീശൻ (45), പല്ലിശ്ശേരി ലോനയുടെ മകൻ ലിജോ (39), ഭാര്യ അനു (31), മകൻ അലൻ (മൂന്ന്), മുളന്തുരുത്തി വനിയാത്തുപറമ്പിൽ സുബ്രഹ്മണ്യന്റെ മകൻ സേതു (29), കെ.എസ്.ആർ.ടി.സി. റോഡിൽ പരുത്തിപറമ്പിൽ മുരുകേശൻ (38), കൂടപ്പുഴ പൂങ്കൊടിപ്പാടം കോരങ്ങത്ത് വിശ്വംഭരൻ (51) എന്നിവർക്കാണ് പരിക്ക്. വിശ്വംഭരനെ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനു, സതീശൻ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. മെയിൻ റോഡിൽ ആനമല ജങ്ഷൻ മുതൽ നോർത്ത് ജങ്ഷനിൽ ഐനിക്കൽ തിയേറ്ററിനടുത്ത് വരെയായിരുന്നു ജോസ് കാർ പായിച്ചത്. കാറിൽ ഇയാളുടെ മകൻ ഉണ്ടായിരുന്നതായി പറയുന്നു. എന്നാൽ, ജോസ് തനിച്ചായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. ആദ്യം ബൈക്ക് യാത്രികരായ പല്ലിശ്ശേരി ലിജോ, ഭാര്യ അനു, മകൻ അലൻ എന്നിവരെ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് സതീശന്റെ ഓട്ടോറിക്ഷയിൽ കാർ ഇടിക്കുകയായിരുന്നു. ഓട്ടോ മൂന്നുതവണ മലക്കം മറിഞ്ഞാണ് റോഡിൽ വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപ്പോളോ ടയേഴ്സിൽ ഓഫീസറായ സേതു ബൈക്കിൽ വരുമ്പോഴാണ് ഇടിച്ചുതെറിപ്പിച്ചത്. കാൽനടയാത്രക്കാരനായിരുന്നു അപകത്തിൽപ്പെട്ട മുരുകേശൻ. ടൗണിൽനിന്ന് വീട്ടിലേക്ക് നടന്നുവരികയായിരുന്നു. ഐനിക്കൽ തിയേറ്ററിനടുത്തുവെച്ചാണ് ഇയാളെ ഇടിച്ചുതെറിപ്പിച്ചത്. മറ്റ് വാഹനങ്ങളിലും കാർ തട്ടി. ഒടുവിൽ നാട്ടുകാർ തടഞ്ഞതോടെയാണ് ജോസ് കാർ നിർത്തി പുറത്തിറങ്ങിയത്. ഇയാളുടെ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. പോലീസെത്തി ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തി. ടൗണിന് പുറത്തുള്ള ഒരു ക്ലബ്ബിൽ ഇരുന്ന് മദ്യപിച്ചശേഷം ജോസ് കാറോടിച്ച് ടൗണിലേക്ക് വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 12 വാഹന ഉടമകൾ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇരുപതോളം വണ്ടികൾക്ക് കേടുപാടുണ്ടായെന്നാണ് വിവരം.
from mathrubhumi.latestnews.rssfeed https://ift.tt/2DtS4n3
via
IFTTT
No comments:
Post a Comment