തൊടുപുഴ: മൂന്നാറിലെയും കൊട്ടക്കമ്പൂരിലെയും ഭൂമികൈയേറ്റങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച മറ്റൊരുദ്യോഗസ്ഥൻകൂടി തെറിച്ചു. ദേവികുളം സബ്കളക്ടർ വി.ആർ. പ്രേംകുമാറിന്റെ സ്ഥലംമാറ്റത്തോടെ മൂന്നാറിൽ രാഷ്ട്രീയലോബിയുടെ ഒത്താശയോടെയുള്ള ഭൂമാഫിയയ്ക്ക് വീണ്ടും ജീവൻ വെയ്ക്കുമെന്നാണ് സൂചന. ഇടുക്കിയിലെ ചെറുതും വലുതുമായ രാഷ്ട്രീയക്കാരുടെയെല്ലാം കണ്ണിലെ കരടായിരുന്നു ദേവികുളത്തെ മുൻ സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനും തുടർന്നുസ്ഥാനമേറ്റ പ്രേംകുമാറും. കൊട്ടക്കമ്പൂർ ഭൂമികൈയേറ്റത്തിൽ പ്രതിക്കൂട്ടിലായ ഇടുക്കി എം.പി. ജോയ്സ് ജോർജ്, മൂന്നാറിലെ കൈയേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന എസ്. രാജേന്ദ്രൻ എം.എൽ.എ., അടുത്ത ബന്ധുക്കളുടെ ഭൂമികൈയേറ്റ വിവാദത്തിൽ കുടുങ്ങിയ മന്ത്രി എം.എം. മണി എന്നിവരോടെല്ലാം ഇവർ നിയമപരമായി ഏറ്റുമുട്ടി. പാപ്പാത്തിച്ചോലയിൽ വെള്ളുക്കുന്നേൽ കുടുംബത്തിന്റെ കൈയേറ്റ ഭൂമിയിലെ കുരിശു പൊളിച്ചാണ് ശ്രീറാം കേരളത്തെയാകെ ഞെട്ടിച്ചതെങ്കിൽ ജോയ്സ് ജോർജ് എം.പി.യുടെ ക്രമവിരുദ്ധമായ പട്ടയം റദ്ദാക്കിയാണ് പ്രേംകുമാർ വാർത്തകളിൽ ഇടം പിടിച്ചത്. മൂന്നാർ മേഖലയിൽ ചട്ടങ്ങൾ മറികടന്ന് നിർമിച്ച 'പ്ലം ജൂഡി' ഉൾപ്പെടെയുള്ള റിസോർട്ടുകൾക്കെതിരേയുള്ള നടപടികളും ഇരു സബ്കളക്ടർമാരെയും 'അനഭിമതരാക്കി'. ജോയ്സ് ജോർജിന്റെ കൊട്ടക്കമ്പൂർ ഭൂമി വിവാദത്തിൽ ഹിയറിങ് നടത്താൻ നോട്ടീസ് അയച്ചതോടെയാണ് ശ്രീറാം വെങ്കിട്ടരാമനെതിരേയുള്ള നീക്കങ്ങൾ ശക്തിപ്പെട്ടത്. 2016 ഓഗസ്റ്റ് ഒന്പതിന് ആദ്യത്തെ ഹിയറിങ് നോട്ടീസ് നൽകി. എന്നാൽ, എം.പി. ഹാജരായില്ല. തുടർന്നുള്ള ഹിയറിങ്ങിനും അതുതന്നെയായിരുന്നു സ്ഥിതി. എന്നാൽ, ഹിയറിങ്ങിന് വിളിക്കുന്ന ദിവസങ്ങളിളെല്ലാം പ്രാദേശിക ഹർത്താലുകൾ നടത്തിച്ച് എം.പി. അതിൽനിന്ന് ഒഴിവാകാൻ ശ്രമിച്ചെന്ന് കളക്ടർക്ക് ശ്രീറാം റിപ്പോർട്ട് നൽകി. അതോടെ എം.പി.ക്ക് രാഷ്ട്രീയസ്വാധീനമില്ലാത്ത അയൽ ജില്ലകളിൽ ഹിയറിങ് നടത്താൻ ശ്രമിച്ചു. ഇതാണ് ശ്രീറാമിനെ സ്ഥലംമാറ്റാൻ കാരണമെന്നായിരുന്നു അന്നുയർന്ന ആരോപണം. തുടർന്ന് സ്ഥാനമേറ്റ പ്രേംകുമാർ ഹിയറിങ്ങിന് വിളിച്ചെങ്കിലും എം.പി. ഹാജരായില്ല. ക്രമവിരുദ്ധമെന്നുകണ്ട് സബ്കളക്ടർ പട്ടയം റദ്ദാക്കിയപ്പോൾ ജോയ്സ് ജോർജ് കളക്ടർക്ക് അപ്പീൽ നൽകി. തന്റെ വാദം കേൾക്കാതെയാണ് പട്ടയം റദ്ദാക്കിയതെന്നായിരുന്നു എം.പി.യുടെ പരാതി. ജോയ്സ് ജോർജിനെ നേരിട്ടുകേൾക്കണമെന്ന് കളക്ടർ സബ്കളക്ടറോട് ആവശ്യപ്പെട്ടു. അതിനുള്ള നടപടികൾ നടക്കവേ ലാൻഡ് റവന്യൂ കമ്മിഷണർക്ക് പരാതി കൊടുക്കുകയാണ് എം.പി. ചെയ്തത്. സബ്കളക്ടറുടെ നടപടികൾക്ക് കോടതിയിൽനിന്ന് സ്റ്റേയും വാങ്ങി. കമ്മിഷണർക്ക് തീരുമാനമെടുക്കണമെങ്കിൽ ദേവികുളം സബ്കളക്ടറുടെയും കളക്ടറുടെയും റിപ്പോർട്ട് ലഭിക്കണം. പട്ടയം റദ്ദുചെയ്ത സബ്കളക്ടറിൽനിന്ന് ഒരിക്കലും അനുകൂലമായ റിപ്പോർട്ട് ലഭിക്കില്ലെന്ന നിഗമനമാണ് സ്ഥലംമാറ്റത്തിനു പിന്നിലെ ചരടുവലികൾക്ക് കാരണമായതെന്ന് സൂചനയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Pi08NJ
via
IFTTT
No comments:
Post a Comment