ചരിത്രത്തിന് അതിന്റേതായ പ്രധാന്യവും ഉപയോഗവും എല്ലാക്കാലത്തുമുണ്ട്. റിസർവ് ബാങ്കും കേന്ദ്രസർക്കാരും തമ്മിലുള്ള ശീതസമരം പരസ്യമായ തലത്തിലേക്ക് ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ നെഹ്രൂവിയൻ കാലഘട്ടത്തിലെ കേന്ദ്ര സർക്കാർ- റിസർവ് ബാങ്ക് പോരിനെക്കുറിച്ച് ഓർമ്മിക്കാതിരിക്കുന്നതെങ്ങനെ! നെഹ്റുവിന്റെ കത്ത് മോദിക്ക് ഉപകാരപ്പെടുമ്പോൾ റിസർവ് ബാങ്കും സർക്കാരും തമ്മിലുള്ള പോര് ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്തെ ആരംഭിച്ചിട്ടുള്ളതാണ്. 1937ൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച് റിസർവ് ബാങ്ക് ഗവർണർ സ്ഥാനം രാജിവച്ച സർ ജോൺ ഓസ്ബോൺ സ്മിത്തിൽ നിന്ന് തുടങ്ങുന്നു ആ ചരിത്രം. പലിശക്കാര്യത്തിലും ഓഹരിവിപണി കാര്യങ്ങളിലും ഭരണകൂടം അനാവശ്യമായി കൈകടത്തിയതിൽ പ്രതിഷേധിച്ചായിരുന്നു അന്ന് ജോൺ ഓസ്ബോൺ രാജിവച്ചത്. പക്ഷേ, ദേശീയതലത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ രാജി നടന്നത് ജവഹർലാൽ നെഹ്റു ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. റിസർവ് ബാങ്കിന്റെ നാലാമത്തെ ഗവർണർ ആയിരുന്ന ബെനഗൽ രാമറാവു ആണ് ബാങ്ക് പ്രവർത്തനങ്ങളിൽ സർക്കാർ കൈകടത്തുന്നതിനെ വിമർശിച്ച് രാജിവച്ചത്. ധനമന്ത്രാലയത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ളതായിരുന്നു അന്നത്തെ രാജി. 1957ലാണ് ബെനഗൽ രാമറാവു രാജിവച്ചത്. ധനമന്ത്രി ടിടികൃഷ്ണമാചാരിയ്ക്കൊപ്പം നിൽക്കുന്ന നിലപാട് നെഹ്രു സർക്കാർ സ്വീകരിച്ചതാണ് പ്രശ്നമായത്. റിസർവ് ബാങ്ക് സ്വയംഭരണ, നിർണയാധികാരമുള്ള സ്ഥാപനമല്ലെന്നും അത് സർക്കാരിന്റെ നിരവധി സ്ഥാപനങ്ങളിൽ ഒന്ന് മാത്രമാണെന്നുമായിരുന്നു ടിടികൃഷ്ണമാചാരിയുടെ നിലപാട്. കൃഷ്ണമാചാരിയെ പിന്താങ്ങിക്കൊണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു അന്ന് രാമറാവുവിന് കത്തയച്ചു. റിസർവ് ബാങ്കിന് സർക്കാരിനെ ഉപദേശിക്കാൻ അധികാരമുണ്ട്. എന്നാൽ, സർക്കാരുമായി ഒത്തുപ്രവർത്തിക്കാനുള്ള ബാധ്യതയുമുണ്ട്. സർക്കാരിന്റേതിൽ നിന്ന് വിരുദ്ധമായി റിസർവ് ബാങ്ക് പ്രവർത്തിക്കുക എന്നത് ശുദ്ധ അസംബന്ധമാണ്. രാമറാവുവിന് അയച്ച കത്തിൽ നെഹ്റു പറഞ്ഞു. സർക്കാരുമായി ഒത്തുപ്രവർത്തിക്കാൻ ആകുന്നില്ലെങ്കിൽ രാജി വച്ചുകൊള്ളാനും നെഹ്റു നിർദേശിച്ചു. ദിവസങ്ങൾക്കുള്ളിൽ രാമറാവു രാജിവയ്ക്കുകയും ചെയ്തു. നെഹ്റുവിൽ നിന്ന് മോദിയിലേക്ക് എത്തുമ്പോൾ സർക്കാർ Vs റിസർവ് ബാങ്ക് എന്ന അവസ്ഥ വീണ്ടും സംജാതമായിരിക്കുന്നു. ആദ്യമൊക്കെ പരോക്ഷമായ പോരും ശീതസമരവും ആയിരുന്ന അവസ്ഥ പരസ്യപ്പോരിലേക്ക് എത്തിയിരിക്കുന്നു. സർക്കാരിനോട് അഭിപ്രായവ്യത്യാസം വ്യക്തമാക്കിയതോടെ ഏത് നിമിഷവും രാജിവച്ച് പുറത്തുപോവാനുള്ള തയ്യാറെടുപ്പിലാണ് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ. ബാങ്ക് കാര്യങ്ങളിലുള്ള സർക്കാരിന്റെ അനാവശ്യ ഇടപെടലുകളാണ് ഊർജിത് പട്ടേലിന്റെ രാജിയിലേക്ക് വഴിവയ്ക്കുന്നത്. ശീതസമരമായി മുന്നേറിക്കൊണ്ടിരുന്ന അസ്വാരസ്യം മറനീക്കി പുറത്തുവന്നത് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പരസ്യവിമർശനത്തോടെയാണ്. ബാങ്കുകളുടെ കിട്ടാക്കടം വർധിച്ചതിന്റെ ഉത്തരവാദിത്തം റിസർവ് ബാങ്കിനാണ് എന്നായിരുന്നു ജെയ്റ്റ്ലിയുടെ പ്രസ്താവന. 2008-14 കാലഘട്ടത്തിൽ ബാങ്കുകൾ സജീവമായി വായ്പകൾ നല്കിയപ്പോൾ റിസർവ് ബാങ്ക് നിയന്ത്രണമേർപ്പെടുത്താഞ്ഞതാണ് പ്രശ്നമായത് എന്നും അദ്ദേഹം തുറന്നടിച്ചു. റിസർവ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവർത്തനാധികാരത്തിൽ കൈകടത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ ആരോപിച്ചതിന് പ്രതികരണമെന്ന നിലയിലായിരുന്നു അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവന. Read More: കിട്ടാക്കടം വർധിച്ചതിന് ഉത്തരവാദി റിസർവ് ബാങ്കെന്ന് അരുൺ ജെയ്റ്റ്ലി...... അന്ന് രഘുറാം രാജൻ, ഇന്ന് ഊർജിത് പട്ടേൽ മോദി സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യപോര് അന്നത്തെ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെതിരെയായിരുന്നു. ലോകത്തിലെ തന്നെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായ രഘുറാം രാജനെതിരേ പ്രമുഖ ബിജെപി അംഗങ്ങളും മന്ത്രിമാരുമെല്ലാം നിലകൊണ്ട അവസ്ഥയുണ്ടായി. രഘുറാം രാജന്റെ പരിഷ്കരണങ്ങൾ സാമ്പത്തികനിലയെ പിന്നോട്ടടിക്കുന്നതാണെന്ന് പരക്കെ ആക്ഷേപം ഉയർത്തി. രണ്ടാം തവണയും ഗവർണറാകാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ് സർക്കാർ ഊർജിത് പട്ടേലിനെ പകരക്കാരനായി നിയമിക്കുകയാണ് ചെയ്തത്. എന്നിട്ടും വിവാദങ്ങൾ അവസാനിച്ചില്ല. രഘുറാം രാജൻ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്ന് വീണ്ടും വീണ്ടും സർക്കാരും ബിജെപിയും പറഞ്ഞുകൊണ്ടേയിരുന്നു. രഘുറാം രാജനെ പുകച്ച് പുറത്തുചാടിച്ച ശേഷം കേന്ദ്രസർക്കാർ നടപ്പാക്കിയ ആദ്യപദ്ധതി നോട്ട്നിരോധനമായിരുന്നു. ഊർജിത് പട്ടേൽ ഇതിനെതിരേ രംഗത്ത് വന്നതും വിവാദമായിരുന്നു. തന്റെ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്ന ഊർജിത് പട്ടേലിന്റെ വെളിപ്പെടുത്തലും സർക്കാരിന് തിരിച്ചടിയായിരുന്നു. വിവരാവകാശ കമ്മീഷനും രംഗത്തേക്ക് ഇതിനിടെയാണ് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന് കേന്ദ്രവിവരാവകാശ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. വായ്പയെടുത്ത ശേഷം മനപ്പൂർവ്വം തിരിച്ചടയ്ക്കാത്തവരുടെ പട്ടിക പുറത്തുവിടണമെന്നുള്ള സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്ന് കാണിച്ചാണ് വിവരാവകാശ കമ്മീഷൻ നോട്ടീസയച്ചിരിക്കുന്നത്. അമ്പതുകോടിയും അതിനു മുകളിലും വായ്പയെടുത്തതിനുശേഷം തിരിച്ചടയ്ക്കാത്തവരുടെ പേര് പുറത്തുവിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിവിധി അനുസരിച്ച് പട്ടിക പുറത്തുവിടുന്നതിൽ വീഴ്ചവരുത്തിയതിന് നടപടി എടുക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ വിശദമാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് ആർ.ബി.ഐ. പാലിക്കാത്തതിൽ നിരാശയുണ്ടെന്ന് കമ്മിഷൻ അറിയിച്ചു. കിട്ടാക്കടം സംബന്ധിച്ചുള്ള ആർ.ബി.ഐ. മുൻ ഗവർണർ രഘുറാം രാജന്റെ കത്ത് പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം, ആർ.ബി.ഐ. എന്നിവയോട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. Read More:വായ്പയെടുത്ത് മുങ്ങിയവരുടെ പട്ടിക നൽകിയില്ല; ആർ.ബി.ഐ.യ്ക്ക് വിവരാവകാശ കമ്മിഷൻ നോട്ടീസ് ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നു സർക്കാർ-റിസർവ് ബാങ്ക് ശീതസമരകം തുറന്ന പോരിലേക്ക് എത്തിയതോടെ ഗവർണർ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുകയാണെന്ന അഭ്യൂഹവും ശക്തമാകുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഇടപെടലിലുള്ള അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നതെന്നാണ് വിവരം. വൻകിട വായ്പാ തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്ക നടപടികൾ ശക്തിപ്പെടുത്തിയത് സർക്കാരിന് അംഗീകരിക്കാനായിരുന്നില്ല. ഈ നടപടികൾ മയപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടത് റിസർവ്വ് ബാങ്ക് അംഗീകരിച്ചതുമില്ല. ഇതോടെയാണ് പ്രശ്നങ്ങൾ വഷളായതെന്നാണ് വിവരം. ഈ മാസം 19ന് റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് യോഗം വിളിച്ചിട്ടുണ്ട്. ഊർജിത് പട്ടേൽ വിളിച്ചുചേർത്തിരിക്കുന്ന യോഗത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവാൻ ധനമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നാണ് സൂചന. സർക്കാർ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ഗവർണർ അന്ന് തന്നെ രാജിവയ്ക്കുമെന്നാണ് സൂചന. യോഗത്തിൽ വോട്ടെടുപ്പ് നടത്തണമെന്ന് സർക്കാർ നോമിനികൾ ആവശ്യപ്പെട്ടാലും ഗവർണറും ഡെപ്യൂട്ടിഗവർണർമാരും രാജിവച്ചേക്കുമെന്നും സൂചനകളുണ്ട്. സർക്കാരിനോ റിസർവ് ബാങ്കിനോ അധികാരം? റിസർവ് ബാങ്ക് നിയമം 7 (2) അനുസരിച്ച്ബാങ്കിന്റെ പരമാധികാരസമിതി കേന്ദ്ര ഡയറക്ടർ ബോർഡാണ്. അതേസമയം തന്നെ ബാങ്കിന്റെ അധികാരം ബാങ്ക് ഗവർണറും നാല് ഡെപ്യൂട്ടി ഗവർണർമാരും ചേർന്ന സമിതിക്കായിരിക്കുമെന്നും 7 (3)ൽ പറയുന്നു. 1951ലാണ് റിസർവ്വ് ബാങ്ക് നിയമത്തിൽ 7(3) കൂട്ടിച്ചേർത്തത്. അധികാരം സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാൻ കൂട്ടിച്ചേർത്ത വകുപ്പാണിത്. റിസർവ് ബാങ്ക് ഗവർണർക്ക് നിർദേശം നൽകാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന ആർബിഐ നിയമത്തിലെ ഏഴാം വകുപ്പ് സർക്കാർ വിനിയോഗിക്കാൻ ശ്രമിക്കുന്നതാണ് റിസർവ് ബാങ്ക് ഗവർണറെയും ഡെപ്യൂട്ടി ഗവർണർമാരെയും ചൊടിപ്പിച്ചതെന്നാണ് വിവരം. ഇതാദ്യമായാണ് സർക്കാർ ഈ നിയമം വിനിയോഗിക്കാൻ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പും റിസർവ് ബാങ്കും തമ്മിലെന്ത്? തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചെറുകിട വ്യാപാരികൾക്ക് വൻതുക വായ്പയായി നല്കണമെന്ന് സർക്കാർ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു, ഇതിന് റിസർവ് ബാങ്ക് തടസ്സം നിന്നതാണ് സർക്കാരിന്റെ അനിഷ്ടത്തിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. സാമ്പത്തിക വളർച്ച നേടുന്നതിനായി കേന്ദ്രസർക്കാരിനോട് ചേർന്ന് പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഗവർണർ നിർബന്ധമായും തയ്യാറകണമെന്നും അല്ലങ്കിൽ രാജിവെച്ച് പുറത്ത് പോകണമെന്നും ആർഎസ്എസ് സാമ്പത്തിക വിഭാഗം തലവൻ അശ്വനി മഹാജൻ പറഞ്ഞതും പ്രശ്നങ്ങളെ കൂടുതൽ വഷളാക്കി. Read More:സർക്കാരിനൊപ്പം പ്രവർത്തിച്ചില്ലെങ്കിൽ ആർബിഐ ഗവർണർ രാജിവെക്കണം- ആർഎസ്എസ് ഐഎംഎഫ് പറയുന്നത് റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് തീരുമാനങ്ങളെ രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. കേന്ദ്രബാങ്കുകളുടെ പ്രവർത്തനസ്വാതന്ത്ര്യത്തിൽ സർക്കാരുകൾ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഐഎംഎഫിന്റെ നിലപാട്. കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള പ്രശ്നങ്ങളെ നിരീക്ഷിച്ചുവരികയാണ്. കേന്ദ്രബാങ്കിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ സർക്കാരോ വ്യവസായികളോ ഇടപെടുന്ന പ്രവണത ആശാസ്യപരമല്ല. രണ്ട്കൂട്ടർക്കുമിടയിൽ വിശ്വാസ്യതയുടെയും ഉത്തരവാദിത്തത്തിന്റെയും കൃത്യമായ അതിർവരമ്പുകളുണ്ട്. അതിനെയാണ് തങ്ങൾ പിന്തുണയ്ക്കുന്നതെന്നും ഐഎംഎഫ് വ്യക്തമാക്കിക്കഴിഞ്ഞു. Content Highlights: RBI, Reserve Bank, Urjit Patel, Reghuram Rajan, Modi Government
from mathrubhumi.latestnews.rssfeed https://ift.tt/2F6FNX7
via
IFTTT
No comments:
Post a Comment