ബെംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഞെട്ടിച്ചത് ബെല്ലാരിയിലെ വൻതോൽവി. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭ മണ്ഡലങ്ങളിലും രണ്ട് നിയമസഭ മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടെങ്കിലും ബെല്ലാരിയിലെ പരാജയം പാർട്ടിക്ക് തികച്ചും ഒരു ഷോക്കായി മാറി. 2004 മുതൽ ബി.ജെ.പി വൻഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന കാവിക്കോട്ട കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മുന്നിൽ തകർന്നു.2014 ലിൽ ശ്രീരാമുലു 85,144 വോട്ടിന് ജയിച്ച സീറ്റാണ് ബെല്ലാരി. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 12 മണിവരെയുള്ള കണക്ക് വച്ച് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ് കോൺഗ്രസിനുണ്ട് എം.പിയായിരുന്ന ബി.ശ്രീരാമലു നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് ബെല്ലാരിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കർണാടകയിലുണ്ടായ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയപ്പോൾ ബി.ജെ.പിയ്ക്കും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനും ബെല്ലാരിയിൽ അഭിമാനപോരാട്ടമായിരുന്നു. തങ്ങളുടെ ഉറച്ചസീറ്റായിരുന്ന ബെല്ലാരി പിടിക്കാൻ ശ്രീരാമലുവിന്റെ സഹോദരി ജെ. ശാന്തയെയാണ് ബി.ജെ.പി കളത്തിലിറക്കിയത്. നേരത്തെ 2009ൽ ശാന്ത ബെല്ലാരിയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. 2018ലെ ഉപതിരഞ്ഞെടുപ്പിലും ഇതാവർത്തിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കോൺഗ്രസ് നേതാവ് ഡി. ശിവകുമാർ ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറിമറഞ്ഞു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് പിടിക്കാൻ വി.എസ് ഉഗ്രപ്പയെയാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം കളത്തിലിറക്കിയത്. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർഥിയെന്ന് ഉഗ്രപ്പക്കെതിരെ വിമർശനമുണ്ടായെങ്കിലും സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പിന്തുണ അദ്ദേഹത്തിന് തുണയായി. തുടർന്ന് ഡി. ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസും ജെ.ഡി.എസും പ്രചരണം നയിച്ചു. മറുവശത്ത് റെഡ്ഡി സഹോദരന്മാരുടെ പിന്തുണയിൽ ബി.ജെ.പിയും ആഞ്ഞുപിടിച്ചു. എന്നാൽ വോട്ടെടുപ്പിനൊടുവിൽ ഫലപ്രഖ്യാപനം വന്നപ്പോൾ പതിനാല് വർഷമായി ബി.ജെ.പി കയ്യടക്കിയിരുന്ന ബെല്ലാരി അവരെ കൈവിട്ടിരിക്കുന്നു. മണ്ഡലങ്ങളിലെ പലയിടത്തും ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായി. റെഡ്ഡി സഹോദരന്മാരുടെയും ശ്രീരാമലുവിന്റെയും കണക്കുകൂട്ടലുകൾ തെറ്റിയപ്പോൾ ബെല്ലാരിയിൽ വിജയംകണ്ടത് ഡി. ശിവകുമാറിന്റെ ചാണക്യതന്ത്രങ്ങൾ. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നിരുന്ന കർണാടകത്തിൽ കോൺഗ്രസിനെയും ജെ.ഡി.എസിനെയും ഭരണത്തിലെത്തിക്കുന്നതിലും വിശ്വാസ വോട്ടെടുപ്പിൽ സംഖ്യ തികയ്ക്കുന്നതിലെ ബുദ്ധികേന്ദ്രമായിരുന്ന ശിവകുമാറിന് തന്റെ രാഷ്ട്രീയജീവിതത്തിൽ മറ്റൊരുനേട്ടം കൂടിയാണ് ബെല്ലാരിയിലെ വിജയം.
from mathrubhumi.latestnews.rssfeed https://ift.tt/2F3pZV2
via
IFTTT
No comments:
Post a Comment