ദുബായ്: ദുബായിലെ ജൂവലറിയിൽ നിന്ന് മൂന്നുലക്ഷം ദിർഹത്തിന്റെ (ഏകദേശം 60 ലക്ഷം രൂപ ) വജ്രം മോഷ്ടിച്ച ഏഷ്യൻവംശജരായ ദമ്പതിമാരെ 20 മണിക്കൂറിനകം ഇന്ത്യയിൽനിന്ന് പിടികൂടി. 3.27 കാരറ്റ് വജ്രം യുവതി വിഴുങ്ങുകയായിരുന്നു. ദുബായ് നൈഫിലെ ജൂവലറിയിൽ നിന്നാണ് ഇവർ വജ്രം മോഷ്ടിച്ചത്. അന്നുതന്നെ രാജ്യംവിടുകയും ചെയ്തു. കടയുടമ മൂന്ന് മണിക്കൂറിനകം പോലീസിൽ പരാതി നൽകി. മുംബൈവഴി ഹോങ്‌കോങ്ങിലേക്ക് കടക്കാൻ പദ്ധതിയിട്ട ദമ്പതിമാരെ ദുബായ് പോലീസ് ഇന്ത്യൻ അധികൃതരുടെ സഹായത്തോടെയാണ് മുംബൈ വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. പ്രതികളെ ഉടൻതന്നെ ഇന്റർപോളിന്റെ സഹായത്തോടെ യു.എ.ഇ.യിൽ തിരികെ എത്തിച്ചതായി ദുബായ് പോലീസ് മേധാവി മേജർ ജനറൽ അബ്ദുള്ള ഖലീഫഅൽ മറി പറഞ്ഞു. നാൽപ്പത് വയസ്സു തോന്നുന്ന ദമ്പതിമാർ ജൂവലറിയിലെ സെയിൽസ്മാന്റെ ശ്രദ്ധ തിരിച്ചാണ് മോഷണം നടത്തിയത്. യുവാവ് സെയിൽസ്മാനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ യുവതി വജ്രം ജാക്കറ്റിൽ ഒളിപ്പിച്ച് പുറത്തുകടത്തി. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.മോഷണം നടത്തിയെന്ന് പ്രതികൾ സമ്മതിച്ചു. എക്സ്‌റേ പരിശോധനയിൽ യുവതിയുടെ വയറ്റിൽ വജ്രമുണ്ടെന്ന് തെളിയുകയും ചെയ്തു. സ്മാർട്ട് ഡാറ്റാ അനാലിസിസ് സെന്ററിന്റെ സഹായത്തോടെയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികളെ കണ്ടെത്തി പിടികൂടാൻ സാധിച്ചതെന്ന് മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽമറി പറഞ്ഞു. ഇതിനുപിന്നിൽ പ്രവർത്തിച്ച കുറ്റാന്വേഷണ വിഭാഗത്തെ അദ്ദേഹം പ്രശംസിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2F6b7oP
via
IFTTT
No comments:
Post a Comment