കൊച്ചി: വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങളുടെ ആരോപണം ബാലിശമെന്ന് നടൻ സിദ്ദിഖ്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചത് എ.എം.എം.എ ജനറൽ ബോഡിയാണെന്ന് സിദ്ദിഖ് പറഞ്ഞു. സാമ്പത്തികമായി ഉയർന്ന് നിൽക്കുന്നതിനാൽ ആരോപണം ഉന്നയിക്കുന്നവർക്ക് എ.എം.എം.എയുടെ പ്രാധാന്യം മനസ്സിലാകില്ലെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. ഡബ്ല്യൂ.സി.സി അംഗങ്ങളെ ജനങ്ങൾ ചീത്തവിളിക്കുവെങ്കിൽ അത് അവരുടെ കുഴപ്പം കൊണ്ടാണെന്നും സിദ്ദിഖ് പ്രതികരിച്ചു.കെ.പി.എ.സി ലളിതക്കൊപ്പമാണ് സിദ്ധിഖ് മാധ്യമങ്ങളെ കണ്ടത്. സിദ്ദിഖിന്റെ വാക്കുകൾ മോഹൻലാൽ അവരെ നടിമാർ എന്ന് വിളിച്ചതിൽ എന്താണ് തെറ്റ്. അതെങ്ങനെ അപമാനമാകും. എ.എം.എം.എ ഇരുപത്തഞ്ച് വർഷങ്ങളായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിൽ നാന്നൂറോളം അംഗങ്ങളുണ്ട്. അതിൽ നൂറ്റമ്പതോളം അംഗങ്ങൾക്ക് എല്ലാ മാസവും 5000 രൂപ കൈനീട്ടം നൽകാറുണ്ട്. മറ്റൊരുപാട് പ്രവർത്തനങ്ങളുണ്ട്. പത്ത് ലക്ഷം വരെയുള്ള ഇൻഷൂറൻസ് പാക്കേജ് അപകടം സംഭവിച്ച് ആശുപത്രിയിലായാൽ നൽകുന്നുണ്ട്. ഇത് മറ്റുള്ളവർക്ക് അധിക്ഷേപിക്കാനുള്ള പ്രസ്ഥാനമല്ല. കുറ്റപ്പെടുത്തലുകൾക്ക് മറുപടി പറയാനുള്ള ബാധ്യതയില്ല. ഈ മൂന്ന് നടിമാർക്ക് ഉന്നയിച്ച പ്രധാന ആരോപണം ദിലീപിനെ പുറത്താക്കുക എന്നതായിരുന്നു. ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡി മീറ്റിങ്ങിൽ എല്ലാവരും ആവശ്യപ്പെട്ട പ്രകാരം ദിലീപിനെതിരേയുള്ള പുറത്താക്കൽ നടപടി മരവിപ്പിക്കുകയായിരുന്നു. ദിലീപിനെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ജനറൽ ബോഡിയെടുത്ത ഒരു തീരുമാനത്തെ മറികടക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ല. മോഹൻലാൽ ദിലീപിനോട് ഇതെക്കുറിച്ച് പറഞ്ഞപ്പോൾ, അദ്ദേഹം സ്വമേധയാ രാജിക്കത്ത് നൽകി. ബി. ഉണ്ണികൃഷ്ണന്റെ കൂടെ ദിലീപ് ജോലി ചെയ്യുന്നതാണ് ഒരു പെൺകുട്ടിയുടെ പ്രശ്നം. അയാളുടെ തൊഴിൽ നിഷേധിക്കാൻ ആർക്കാണ് അവകാശം. അവർ ആമീർ ഖാനെയും അക്ഷയ് കുമാറിനെയും എല്ലാം പുകഴ്ത്തി പറയുന്നത് കേട്ടു. ആർക്കെതിരേയോ ആരോപണം വന്നപ്പോൾ അവർ ഏതോ ഒരു സിനിമയിൽ നിന്ന് ഒഴിഞ്ഞു എന്ന് പറഞ്ഞു. സത്യത്തിൽ അവർ ചെയ്തതല്ലേ തെറ്റ്. ഏതോ ആരോപണത്തിന്റെ പേരും പറഞ്ഞ് അവർ അല്ലേ ഒരാളുടെ തൊഴിൽ നിഷേധിക്കുന്നത്. നാളെ ആമീർ ഖാനെതിരേയും അക്ഷയ് കുമാറിനെതിരേയും ആരെങ്കിലും ആരോപണവുമായി വന്നാൽ എന്തു ചെയ്യും. ആരുടെയും ജോലി സാധ്യത തടയാനുള്ള സംഘടനയല്ല അമ്മ. സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന ഇവർക്ക് അതിന്റെ വില മനസ്സിലാകില്ല. മീ ടൂ ക്യാമ്പയിൻ നല്ലതാണ്. പക്ഷേ അത് ദുരുപയോഗം ചെയ്യരുത്. കഴിഞ്ഞ ദിവസം ഒരു നടി പറഞ്ഞു 25 വർഷങ്ങൾക്ക് മുൻപ് ഏതോ ഒരു പെൺകുട്ടി അവരുടെ മുറിയിൽ വന്ന് തട്ടി, രക്ഷിക്കണം എന്ന് പറഞ്ഞുവെന്ന്. അതെക്കുറിച്ച് വ്യക്തമായി അവർ പറയാത്തതെന്ത്. ഞങ്ങൾ അന്വേഷിക്കാം. പെൺകുട്ടിയുടെ പേര് പറയേണ്ട, പക്ഷേ ഉപദ്രവിച്ചവരുടെ പേര് പറഞ്ഞ് കൂടെ. ആരുടെയും പേരു പറയാതെ കൂറേ ആളുകൾ തേജോവധം ചെയ്യുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരേ സിനിമാ സംഘടനകളുമായി സംസാരിച്ച് ഇവർക്കെതിരേ നടപടി സ്വീകരിക്കും. മോഹൻലാൽ സംസ്ഥാന സർക്കാർ പുര്സകാര ചടങ്ങിൽ പങ്കെടുക്കരുതെന്ന് പറഞ്ഞ് ബഹളം വച്ചു. ഡബ്ല്യൂ.സി.സി അംഗങ്ങൾ അടക്കമുള്ളവർ മോഹൻലാലിനെതിരേ ഒപ്പിട്ട് നൽകി. മോഹൻലാൽ സർക്കാറിന്റെ ക്ഷണമനുസരിച്ചാണ് പങ്കെടുത്തത്. ജനങ്ങൾ അദ്ദേഹത്തെ കൈനീട്ടി സ്വീകരിച്ചില്ലേ. എത്ര വർഷങ്ങളായി മോഹൻലാലും മമ്മൂട്ടിയും അഭിനയിക്കാൻ തുടങ്ങിയിട്ട്. മമ്മൂട്ടി എന്ന നടന്റെ നേരേ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ ആളുകളുടെ ചീത്തവാക്ക് ഒരു സഹോദരിക്ക് കേൾക്കേണ്ടി വന്നില്ലേ. എന്നിട്ട് അവർ പിന്നീട് എന്താണ് പറഞ്ഞത് അവരെ ചീത്തവിളിക്കുന്നവരെ മമ്മൂട്ടി തടയണം എന്ന്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ഡബ്ല്യൂ.സി.സി ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ഒരു സഹോദരി പറഞ്ഞു, ആളുകൾ തെറി വിളിക്കുകയാണെന്ന്. അത് ജനങ്ങൾ അവർക്ക് നൽകുന്ന മറുപടിയാണ്. ജനങ്ങൾക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണ് അവരെ ചീത്ത വിളിക്കുന്നത്. നമ്മുടെ പ്രവർത്തികൾ കൊണ്ടാണ് ഇതിന് കാരണം. ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. ഞങ്ങളുടെ സഹോദരിയെ ആക്രമിച്ചത് പൾസർ സുനിയാണ്. അത് അവർ തിരിച്ചറിയുകയും ചെയ്തു. കൊടും ക്രിമിനലായ അയാൾ മൂന്ന് നാല് മാസം കഴിഞ്ഞപ്പോഴാണ് ദിലീപിന്റെ പേര് വിളിച്ചു പറയുന്നത്. പൾസർ സുനിയോട് നടിമാർക്ക് ദേഷ്യമില്ല. ഒരു വ്യക്തിയും സംഘടനയേക്കാൾ വലുതല്ലെന്ന് മനസ്സിലാക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/2yDblNO
via
IFTTT
No comments:
Post a Comment