പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന പ്രതിഷേധങ്ങള്‍ അക്രമായി മാറുന്നതിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. കയ്യില്‍ ഒരു മഴുവുമായി അലറിച്ചാടി ഉയര്‍ന്നു താഴ്ന്ന് ഇരിപ്പിടം ചവിട്ടിപ്പൊളിക്കുന്ന പരശുരാമന്റെ ക്രൗര്യം ശബരിമല വീണ്ടും ഓര്‍മ്മയില്‍ കൊണ്ടുവരുന്നുവെന്നാണ് ശാരദക്കുട്ടി പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
കയ്യിലൊരു മഴുവുമായി അലറിച്ചാടി ഉയര്‍ന്നു താഴ്ന്ന് ഇരിപ്പിടം ചവിട്ടിപ്പൊളിക്കുന്ന പരശുരാമനെ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുള്ളത് കഥകളിയിലാണ്. കലാമണ്ഡലം രാമന്‍കുട്ടി നായരാശാനിലാണ്. ശബരിമല വീണ്ടും ഓര്‍മ്മയില്‍ കൊണ്ടുവന്നു ആ ക്രൗര്യം.
കാവി മുണ്ടും ദേഹമാസകലം ഭസ്മക്കുറിയും.അമ്മയെ അറുത്തിട്ട ആ മഴുവുമായി നാടൊട്ടുക്കലഞ്ഞിട്ടും അഹന്തയൊഴിയുന്നില്ല പരശുരാമനില്‍. അയാള്‍ ചിരഞ്ജീവിയാണ്. അതു വെറുമൊരു ഐതിഹ്യകഥയല്ല.ആ പരശുരാമന്റെ പിന്മുറക്കാരെയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.
നിശ്ശബ്ദയായി അനുസരിക്കുവോളം അവര്‍ നിങ്ങളെ അമ്മേയെന്നു വിളിക്കും. കാല്‍ക്കല്‍ വീഴും. ഒന്നു കുതറിയാല്‍ വെട്ടിവീഴ്ത്തും. അനുസരിക്കുമ്പോള്‍ അമ്മ.ചെറുത്താല്‍ കുല.െ
മഴുവേന്തിയ മക്കളുടെ കരുത്തില്‍ പുളകിതരാകുന്ന കുലീനമാതാക്കള്‍ രേണുകയെ ഓര്‍മ്മിക്കണം. നിങ്ങളുടെയൊക്കെ കഴുത്തില്‍ തപ്പി നോക്കിയാല്‍ കാണാം ആ ആദിമാതാവിന്റെ കഴുത്തില്‍ പതിഞ്ഞ ഒരു മഴുവിന്റെ മുദ്ര. അതൊരോര്‍മ്മപ്പെടുത്തലാകണം എന്നും.
'മഴു മുനയാല്‍ക്കരള്‍തോറും മുദ്രിതരെന്‍ നാട്ടാര്‍' ബാലാമണിയമ്മ
എസ്.ശാരദക്കുട്ടി
17.10.2018
from mangalam.com https://ift.tt/2Ew6m7P
via IFTTT
No comments:
Post a Comment