തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം വൈകും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചതിനാൽ വരുംദിവസങ്ങളിൽ തുലാവർഷം തുടങ്ങാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. അറബിക്കടലിൽ രൂപപ്പെട്ട ലുബാന് പിന്നാലെ ഈ ന്യൂനമർദവും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റാവാൻ സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പ് തുലാവർഷത്തിന്റെ വരവ് തിങ്കളാഴ്ച പ്രഖ്യാപിക്കാനിരുന്നതായിരുന്നു. ഒഡിഷയിലെ ഗോപാൽപൂരിൽനിന്ന് 720 കിലോമീറ്ററും ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്തിൽനിന്ന് 690 കിലോമീറ്ററും അകലെയാണ് ഇപ്പോൾ ന്യൂനമർദത്തിന്റെ നില. ഇത് 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കാനും ബുധനാഴ്ചയോടെ ചുഴലിക്കാറ്റാവാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതോടെ കാറ്റിന്റെ ഗതിയിൽ അപ്രതീക്ഷിത മാറ്റംവരും. ഇതാണ് കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം വൈകാൻ കാരണം. സംസ്ഥാനത്ത് ഇപ്പോൾ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പില്ല. ലുബാൻ ഒമാനിലേക്ക്; അതിശക്തമാവും അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തിങ്കളാഴ്ച രാവിലെ ലുബാൻ ചുഴലിക്കാറ്റായി മാറി. മിനിക്കോയി ദ്വീപിൽനിന്ന് 1300 കിലോമീറ്റർ വടക്കുപടിഞ്ഞാറും ഒമാനിലെ സലാലയിൽനിന്ന് 990 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായുമാണ് ഇപ്പോൾ ഇതുള്ളത്. ചെവ്വാഴ്ചയോടെ ഇത് തീവ്രതയേറിയ ചുഴലിക്കാറ്റായി മാറിയേക്കും. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഇത് തെക്കേ ഒമാൻ, യെമെൻ തീരത്തേക്ക് നീങ്ങിയേക്കും. കേരളത്തെ ചുഴലിക്കാറ്റ് ബാധിക്കില്ല. അറബിക്കടലിൽ മധ്യപടിഞ്ഞാറ്് ഭാഗത്ത് 90 മുതൽ 110 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 12 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അടുത്തത് 'തിത്തിലി' ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ അതിന്റെ പേര് തിത്തിലി എന്നായിരിക്കും. ഇത്തവണ പാകിസ്താൻ നൽകിയ പേരാണ് കാറ്റിന് സ്വീകരിക്കുക. തിത്തിലി എന്ന ഉർദു വാക്കിനർഥം പൂമ്പാറ്റ എന്നാണ്. അറബിക്കടലിൽ രൂപപ്പെട്ട കാറ്റിന് ലുബാൻ എന്ന് പേരിട്ടത് ഒമാൻ ആണ്.
from mathrubhumi.latestnews.rssfeed https://ift.tt/2Oh7RLx
via
IFTTT
No comments:
Post a Comment