കൊച്ചി: പ്രോവിഡന്റ് ഫണ്ട് വരിക്കാരായ എല്ലാ ജീവനക്കാർക്കും ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പി.എഫ്. പെൻഷന് ഓപ്ഷൻ കൊടുക്കാമെന്ന് ഹൈക്കോടതിയുടെ സുപ്രധാനവിധി. 2014-ൽ കൊണ്ടുവന്ന ഇ.പി.എഫ്. ഭേദഗതി ഹൈക്കോടതി ഡിവിഷൻബെഞ്ച് റദ്ദാക്കി. പെൻഷൻ അർഹതയ്ക്ക് 15,000 രൂപ ശമ്പളപരിധിയെന്ന വ്യവസ്ഥയും ഇതോടെ ഇല്ലാതായി. 2014 സെപ്റ്റംബർ ഒന്നിനുശേഷം സർവീസിൽനിന്ന് വിരമിച്ച ജീവനക്കാർക്കുപോലും ഉയർന്ന പെൻഷന് ഓപ്ഷൻ കൊടുക്കാൻ ഇത് അവസരം നല്കുന്നുണ്ട്. തൊഴിലാളിയും തൊഴിലുടമയും ചേർന്ന സംയുക്ത ഓപ്ഷനാണ് നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇ.പി.എഫ്. ഭേദഗതിവ്യവസ്ഥ ചോദ്യംചെയ്യുന്ന ഹർജികൾ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹനും ജസ്റ്റിസ് എ.എം. ബാബുവും ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ വിധി. ആകെ 507 ഹർജികളാണ് കോടതി പരിഗണിച്ചത്. വാദം പൂർത്തിയാക്കി ഒന്നരക്കൊല്ലത്തോളം കഴിഞ്ഞാണ് വിധി വന്നത്. വിധിയിൽ പറയുന്നത് പെൻഷന് ആധാരമാക്കേണ്ടത് വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയാണെന്ന വ്യവസ്ഥ റദ്ദാക്കി. വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള 12 മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കുന്ന മുൻവ്യവസ്ഥ പ്രാബല്യത്തിൽ വരും. നിലവിൽ പെൻഷന് അർഹതയുള്ളവർക്ക് ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷന് ഓപ്ഷൻ നൽകാം. അവരുടെ ശമ്പളം 15,000 രൂപയ്ക്കു മുകളിലാണെങ്കിൽ അധികമുള്ള തുകയുടെ 1.16 ശതമാനംകൂടി പെൻഷൻ വിഹിതമായി ജീവനക്കാരൻ നൽകണമെന്ന വ്യവസ്ഥയ്ക്കും നിയമത്തിന്റെ പിൻബലമില്ല. യഥാർഥശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷന് ഓപ്ഷൻ നൽകുന്നത് നിഷേധിക്കുംവിധം ഇ.പി.എഫ്. ഓർഗനൈസേഷൻ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കി. പെൻഷന് ഓപ്ഷൻ നൽകാൻ കട്ട് ഓഫ് ഡേറ്റ് നിശ്ചയിച്ചതും റദ്ദാക്കി. പി.എഫിന്റെ അടിസ്ഥാന ഫണ്ടില്ലെന്ന പേരിൽ പെൻഷൻ അവകാശം നിഷേധിക്കുന്നത് നിയമപരമല്ല. 15,000 രൂപയ്ക്കുമുകളിൽ ശമ്പളമുള്ളവർക്ക് പെൻഷൻ നിഷേധിക്കാനാവില്ല. 500 രൂപ ദിവസക്കൂലി കിട്ടുന്ന വ്യക്തിക്കുപോലും ഒരുമാസം 15,000 രൂപ ലഭിക്കും. സമൂഹത്തിലെ മാറ്റങ്ങൾ മനസ്സിലാക്കാതെയാണ് ഭേദഗതി. വിരമിക്കുന്നവർക്ക് പ്രായമാകുമ്പോൾ ഗുണകരമാകണമെന്ന ഉദ്ദേശ്യത്തോടെയുള്ള പെൻഷൻപദ്ധതി ഭേദഗതിയിലൂടെ അട്ടിമറിക്കപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2IVwEic
via
IFTTT
No comments:
Post a Comment