ന്യൂഡൽഹി: റഫാൽ ഇടപാടിൽ കോൺഗ്രസ് നടത്തുന്ന കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തെ നേരിടാൻ ബി.ജെ.പി. പുതിയ തന്ത്രങ്ങൾ മെനയുന്നു. അനധികൃത കുടിയേറ്റം, രാജ്യസുരക്ഷയുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന കർശന നിലപാട് തുടങ്ങി തീവ്രദേശീയതയിലൂന്നിയുള്ള വിഷയങ്ങൾ പ്രചാരണായുധമാക്കും. സെപ്റ്റംബർ 28, 29 ദിവസങ്ങളിലായി രാജ്യത്തെമ്പാടും മിന്നലാക്രമണത്തിന്റെ രണ്ടാംവാർഷികം ആചരിച്ചത് ഇതിന്റെ ഭാഗമാണ്. മിന്നലാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇത്ര വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന ശക്തമായ നിലപാട് പ്രചരിപ്പിക്കുക എന്നതാണ് ഇത്തവണ പാർട്ടി ലക്ഷ്യമിട്ടത്.പാക്കധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങളിൽ കരസേന നടത്തിയ മിന്നലാക്രമണത്തെ രാഷ്ടീയനേട്ടത്തിനായി ബി.ജെ.പി. ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. എന്നാൽ, മിന്നലാക്രമണത്തിന് ഇപ്പോഴും ജനമനസ്സുകളിൽ ആവേശം സൃഷ്ടിക്കാൻ കഴിയുന്നുണ്ടെന്നും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിൽ ഇത് ഉയർത്തിക്കാട്ടാവുന്ന വിഷയമാണെന്നും പാർട്ടി കരുതുന്നു.അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നം ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ തന്റെ പ്രസംഗങ്ങളിൽ നിരന്തരം എടുത്തുപറയുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുമെന്നാണ് ഷായുടെ വാഗ്ദാനം. അസമിലെ പൗരത്വ രജിസ്റ്റർ ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർട്ടിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി. നേതാക്കൾക്കുള്ളത്. ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ അനധികൃത കുടിയേറ്റ പ്രശ്നം പ്രധാന ആയുധമാക്കാനാണ് ബി.ജെ.പി. നീക്കം. സംസ്ഥാനത്ത് ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരുണ്ടെന്നും അസമിലേതുപോലുള്ള പൗരത്വ രജിസ്റ്റർ സംസ്ഥാനത്തും ആവശ്യമാണെന്നുമാണ് ബി.ജെ.പി. പറയുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി ബി.ജെ.പി.ക്കെതിരേ ശക്തമായി രംഗത്തുവന്നിരുന്നു. ബി.ജെ.പി. പ്രശ്നത്തെ വർഗീയവത്കരിക്കുന്നതായും ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കമാണിതെന്നുമാണ് അവർ പറയുന്നത്.മാവോവാദി ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകരുടെ വിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസ്സമ്മതിച്ചതും ബി.ജെ.പി. ആയുധമാക്കുന്നുണ്ട്. ദേശസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവർക്കൊപ്പമാണ് കോൺഗ്രസും രാഹുലുമെന്നാണ് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ കുറ്റപ്പെടുത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2DJWRlf
via
IFTTT
No comments:
Post a Comment