വത്തിക്കാൻ സിറ്റി: കൊലയാളിയെ വാടകയ്ക്കെടുക്കുന്നതിന് സമാനമാണ് ഗർഭച്ഛിദ്രമെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് പരാമർശം. ‘‘ഗർഭച്ഛിദ്രം നടത്തുകയെന്നാൽ ഒരാളെ ഒഴിവാക്കുകയെന്നാണ്. ഒരാളെ ഒഴിവാക്കി പ്രശ്നം പരിഹരിക്കാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തുന്നതുപോലെ. ഇത് നീതിയാണോ? മനുഷ്യജീവനെ വിലകുറച്ച് കാണുകയാണവിടെ’’ -മാർപാപ്പ പറഞ്ഞു. ഗർഭച്ഛിദ്രവും യുദ്ധവും ചൂഷണവുമൊക്കെ ആർക്കും ഗുണമില്ലാത്ത സംസ്കാരങ്ങളാണ്. നിഷ്കളങ്ക ജീവനെ അടിച്ചമർത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി എങ്ങനെയാണ് ചികിത്സയും മനുഷ്യത്വപരവുമാകുന്നത്. ഭിന്നശേഷിക്കാരായി ജനിക്കുന്ന കുഞ്ഞുങ്ങളും മറ്റെല്ലാവരെയും പോലെത്തന്നെ ഭൂമിക്ക് ആവശ്യമുള്ളവരാണ്. വൃദ്ധർക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളതുപോലെയും ജീവിതത്തിന്റെ ഇരുവശവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ദരിദ്രരെപ്പോലെയും തന്നെയാണ് ഭിന്നശേഷിക്കാരായ കുട്ടികളെന്നും മാതാപിതാക്കളോടുള്ള ഉപദേശമായി മാർപാപ്പ പറഞ്ഞു. ജനിക്കാനിരിക്കുന്ന കുഞ്ഞിന് അംഗവൈകല്യങ്ങളുണ്ടെന്നതാണ് പലരെയും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. തന്റെ ജന്മരാജ്യമായ അർജന്റീനയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബിൽ പാസാക്കിയതിനെ മാർപാപ്പ എതിർത്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2RCcBcG
via
IFTTT
No comments:
Post a Comment