തിരുവനന്തപുരം: ശബരിമല ദർശനത്തിന് ഈ തീർഥാടനക്കാലത്ത് തിരുപ്പതി മാതൃകയിലുള്ള ഡിജിറ്റൽ ബുക്കിങ് നടപ്പാകില്ല. ശബരിമല കാനനക്ഷേത്രമായതിനാലുള്ള പ്രായോഗിക പ്രശ്‌നങ്ങളും തിരുപ്പതി മാതൃകയിലുള്ള ക്രമീകരണങ്ങൾക്ക് കുറഞ്ഞത് നാലുമാസമെങ്കിലും വേണ്ടിവരുമെന്നതുമാണ് കാരണം. നിലവിലുള്ള വെർച്വൽ ക്യൂ കൂടുതൽ കാര്യക്ഷമമാക്കും.ശബരിമലയിൽ തിരക്ക് കുറയ്ക്കാനും തീർഥാടക നിയന്ത്രണത്തിനും ഡിജിറ്റൽ ബുക്കിങ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ശബരിമല ചീഫ് കോ-ഓർഡിനേറ്റർ കൂടിയായ പൊതുമരാമത്തുവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധനറാവു, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, എ.ഡി.ജി.പി. എസ്. ആനന്ദകൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന സംഘം തിരുപ്പതി മാതൃകയെപ്പറ്റി പഠനം നടത്തി. ഓൺലൈൻ ബുക്കിങ് അനുവദിക്കുന്ന സമയത്ത് ദർശനം നടത്തി മടങ്ങുന്ന തിരുപ്പതിസംവിധാനത്തിന് ശബരിമലയിൽ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും കൂടുതൽ ചർച്ച നടത്തിയും സമയമെടുത്തും മാത്രമേ ഇതു നടപ്പാക്കാനാവൂ എന്നുമാണ് സംഘത്തിന്റെ വിലയിരുത്തൽ. റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്.തിരുപ്പതി ക്ഷേത്രംപോലെ നിത്യവും ദർശന സൗകര്യമുള്ള സ്ഥലമല്ല ശബരിമല. തീർഥാടനക്കാലത്ത് പലവഴികളിലൂടെയാണ് ആളുകൾ ഇവിടെത്തുന്നത്. ഇതെല്ലാം കണക്കിലെടുത്തുവേണം ഡിജിറ്റൽ ബുക്കിങ് ഒരുക്കേണ്ടത്. തിരുപ്പതിയിൽ നൽകുന്നതുപോലെ ശബരിമലയ്ക്കുള്ള കാനനപാതകളിൽ വിശ്രമസൗകര്യമോ ഭക്ഷണം നൽകുന്നതോ പ്രായോഗികമല്ല. അത്യാവശ്യ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും പരിശോധനയ്ക്കും കൂടുതൽ സമയം വേണമെന്നാണ് വിലയിരുത്തൽ. ഇനിമുതൽ പമ്പയിലേക്കുള്ള യാത്രയ്ക്കും ബേസ് ക്യാമ്പായ നിലയ്ക്കലിൽ ബുക്കിങ് കൗണ്ടർ ഉണ്ടാകും. ഇതുവഴി തീർഥാടകരുടെ കൃത്യമായ എണ്ണം കിട്ടും. സന്നിധാനത്തേക്ക് നിയന്ത്രിച്ചുവിടാനുമാകുമെന്നും കരുതുന്നു. ഒരു ദിവസത്തിൽക്കൂടുതൽ ആരും സന്നിധാനത്ത് നിൽക്കരുതെന്ന നിലപാടാണ് പോലീസിനും സർക്കാരിനുമുള്ളത്.വെർച്വൽ ക്യൂ പ്രായോഗികംവെർച്വൽ ക്യൂ തീർഥാടകത്തിരക്ക് കുറയ്ക്കാൻ പ്രായോഗികമാണ്. കേരളാ പോലീസ് വെബ്‌സൈറ്റിൽ ഒക്ടോബർ ആദ്യവാരംമുതൽ ബുക്കിങ് ആരംഭിക്കും. രജിസ്റ്റർചെയ്യുമ്പോൾ പേര്, വിലാസം, വയസ്സ്, തിരിച്ചറിയൽ കാർഡിന്റെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തണം. ഫോട്ടോയും വേണം. ദർശനത്തിനുള്ള തീയതിയും സമയവും രേഖപ്പെടുത്തിയ പ്രിന്റൗട്ടും തിരിച്ചറിയൽ കാർഡും പമ്പയിൽ പരിശോധിച്ചശേഷം സാധാരണ വരിയിലൂടെയല്ലാതെയാണ് സന്നിധാനത്തെ വലിയ നടപ്പന്തലിലേക്ക് തീർഥാടകരെ വിടുകയെന്ന് മുൻ ഡി.ജി.പി. പി. ചന്ദ്രശേഖരൻ പറഞ്ഞു. ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കിയത് ഇദ്ദേഹം എ.ഡി.ജി.പി.യായിരിക്കേയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2OPfcSU
via
IFTTT
No comments:
Post a Comment