തൃശ്ശൂർ: നാഗാലാൻഡ് ദിമാപുരിലെ അംഗാമി ഗോത്ര ഗ്രാമത്തിലുള്ള അമ്മ സെനോയിൽനിന്നും അനുജൻ നെത്സിയിൽനിന്നും നീനി പിരിഞ്ഞിട്ട് വർഷം 40. അമ്മയോടു യാത്രപറഞ്ഞ് അച്ഛന്റെ കൈപിടിച്ച് കേരളത്തിലേക്ക് പുറപ്പെട്ട മൂന്നര വയസ്സുകാരി അതൊരു നീണ്ട വേർപിരിയലാണെന്ന് അറിഞ്ഞില്ല. കാലം വീണ്ടും രക്തബന്ധങ്ങളുടെ കണ്ണികൾ മുറുക്കുമ്പോൾ നീനിയുടെ കണ്ണുകൾ ഈറനാകുന്നു. അമ്മയെ കാണാനുള്ള നീനിയുടെ അന്വേഷണം ഒടുവിൽ ഫലം കണ്ടു. 40 വർഷത്തിനു ശേഷം കൊടുങ്ങല്ലൂരിലിരുന്ന് നീനി കൊഹിമയിലുള്ള അമ്മയെ കണ്ടെത്തി. വേർപിരിയുമ്പാൾ പൊടിക്കുഞ്ഞായിരുന്ന അനിയനിപ്പോൾ വയസ്സ് 42. വേർപെട്ടവരെ കാലം കോർത്തിണക്കിയപ്പോൾ സാക്ഷിയാകാൻ അച്ഛൻ ശ്രീനിവാസൻ ഇല്ലെന്നു മാത്രം. ഇതിനകം മാതൃഭാഷയായ അംഗാമീസ് പോലും അവൾ മറന്നിരുന്നു.തൃശ്ശൂർ തളിക്കുളം സ്വദേശി ശ്രീനിവാസൻ നാഗാലാൻഡിൽ െഎ.ജി.യുടെ ഒാഫീസ് അസിസ്റ്റന്റായിരുന്ന കാലത്താണ് അംഗാമി വിഭാഗത്തിലെ സെനോ നിയാഘയെ വിവാഹം കഴിച്ചത്. പോലീസ് ക്വാർട്ടേഴ്സിലായിരുന്നു താമസം. തൃശ്ശൂരിലുള്ള അമ്മ പാർവതിക്ക് അസുഖമാണെന്നറിഞ്ഞ് നാട്ടിലേക്ക് മകൾ നീനിയെയും കൂട്ടി പോന്നതാണ്.അമ്മയുടെ അസുഖം മാറി തിരികെപ്പോയപ്പോൾ ശ്രീനിവാസൻ മകളെ കൊണ്ടുപോയില്ല. ശ്രീനിവാസന്റെ വീട്ടിൽ നീനി വളർന്നു, മലയാളിപ്പെൺകുട്ടിയായി. വർഷങ്ങൾ കഴിഞ്ഞാണ് അച്ഛൻ പിന്നീട് നാട്ടിലെത്തിയത്. ഇതിനിടെ അച്ഛൻ വീണ്ടും വിവാഹംകഴിച്ചിരുന്നു.ഡിഗ്രി ജയിച്ച നീനിയെയും ശ്രീനിവാസൻ ഡൽഹിക്ക് കൊണ്ടു പോയി. അവിടെ ജോലിയും കിട്ടി.1997-ൽ വിവാഹത്തിനായി കേരളത്തിലേക്ക് മടങ്ങിയ നീനിക്ക് അച്ഛന്റെ െഡൽഹിയിലെ വീട്ടിൽനിന്ന് രണ്ട് അപൂർവ വസ്തുക്കൾ കിട്ടി. അമ്മയും അനുജനുമൊപ്പമുള്ള ഫോട്ടോയും അമ്മ അച്ഛനയച്ച കത്തും. 2011-ൽ അച്ഛൻ മരിച്ചു.ഖത്തറിലെ കമ്പനിയിൽ ജോലിചെയ്യുന്ന കൊടുങ്ങല്ലൂർ സ്വദേശി അനിലിനെ വിവാഹം കഴിച്ചിട്ട് വർഷം 20 കഴിഞ്ഞു. ഒൻപതിൽ പഠിക്കുന്ന അമേയയും ഏഴിൽ പഠിക്കുന്ന ഗോവിന്ദ് ശങ്കരനും മക്കൾ.അങ്ങകലെയെങ്ങോ ഉണ്ടായിരിക്കുമെന്ന് മനസ്സ് പറയുന്ന അമ്മയെപ്പറ്റിയുള്ള ചിന്ത എപ്പോഴും നീനിക്കൊപ്പമുണ്ടായിരുന്നു. നാഗാലാൻഡിലുള്ള പലരെയും ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ടിരുന്നു. ഫെയ്‌സ് ബുക്ക് കൂട്ടുകാരിയായ ഹോളൻ അമ്മയെ കണ്ടെത്തുന്നതിന് വഴികാട്ടിയായി.പഴയ വിലാസത്തിൽ ഇവരെ കണ്ടെത്താനായില്ല. അമ്മയുടെ പഴയ ഫോട്ടോ ഹോളൻ ദിമാപുരിലെ വാട്സ് ആപ്പ് കൂട്ടായ്മയിലും ഫേസ് ബുക്കിലും ഇട്ടു. അമ്മയാണെന്ന് സംശയിക്കുന്നയാളെ കണ്ടെത്തിയെന്നും കാത്തിരിക്കാനും ഹോളന്റെ വിളിയെത്തിയത് ഒാഗസ്റ്റ് പത്തിന്. അപ്പോൾ മുതൽ തുടിക്കുന്ന ഹൃദയത്തോടെയുള്ള കാത്തിരിപ്പ്...അന്ന് വൈകീട്ട് അഞ്ചിന് വീഡിേയാ കോളായി വിളിയെത്തി. ഇരുവരും പരസ്പരം കണ്ടപ്പോൾ മുതൽ നീണ്ട കരച്ചിലായിരുന്നു. എത്ര പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ... ഇപ്പോൾ ദിവസം പല തവണ നീനി അമ്മയും അനിയനുമായി ഫോണിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമായി സംസാരിക്കും. മാർച്ചിൽ ഭർത്താവ് അനിൽ അവധിക്കെത്തുമ്പോൾ കൊഹിമയിലേക്ക് കുടുംബസമേതം പോകാനുള്ള ഒരുക്കത്തിലാണ് നീനി.
from mathrubhumi.latestnews.rssfeed https://ift.tt/2y8Mj9S
via
IFTTT
No comments:
Post a Comment