തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകളിൽ പ്രാഥമിക അനുമതിക്കായി ഫയൽനീക്കാൻ എക്സൈസ് മന്ത്രിയുടെ ഓഫീസ് വൻതുക കോഴവാങ്ങിയെന്ന് ആരോപണം. ഫയൽ നീങ്ങിയത് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് എക്സൈസ് ആസ്ഥാനത്തേക്ക് നൽകിയ നിർദേശത്തെത്തുടർന്നാണ്. ഇതിന് വൻതുക പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടെന്നാണ് ആരോപണം. 19 വർഷമായി പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കാത്തതിനാൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരിട്ട് ലഭിച്ച അപേക്ഷകൾ ആദ്യഘട്ടത്തിൽതന്നെ നിരസിക്കേണ്ടതായിരുന്നു. ഇതൊഴിവാക്കി, അപേക്ഷ സ്വീകരിച്ച് പ്രാരംഭനടപടികൾ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശമെത്തി. മദ്യനയത്തിലില്ലെങ്കിലും അബ്കാരി നിയമപ്രകാരം അപേക്ഷ സ്വീകരിക്കാൻ തടസ്സമില്ല. അതുകൊണ്ട് അപേക്ഷവാങ്ങി റിപ്പോർട്ട് സഹിതം സർക്കാരിലേക്ക് അയക്കാനാണ് നിർദേശിച്ചത്. സർക്കാർ അധികാരത്തിൽവന്നതിനു തൊട്ടുപിന്നാലെ ഡിസ്റ്റിലറി നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. മുന്പ് അപേക്ഷനൽകി ലഭിക്കാത്തവർ അക്കാര്യം പരാമർശിച്ചുകൊണ്ട് വീണ്ടും അപേക്ഷനൽകി. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം ഒന്നിലധികം സെറ്റ് അപേക്ഷകൾ പലരും നൽകി. ഇതെല്ലാം എക്സൈസ് കമ്മിഷണർക്ക് കൈമാറി. പിന്നീട് മദ്യനിർമാണ യൂണിറ്റ് ആരംഭിക്കുന്ന സ്ഥലങ്ങളിലെ ഡെപ്യൂട്ടി കമ്മിഷണർമാരുടെ പ്രാഥമിക റിപ്പോർട്ട് തേടി. അപേക്ഷകളിൽ കർശന അന്വേഷണം നടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുണ്ടായി. അപേക്ഷകർക്ക് ഡിസ്റ്റിലറി, ബ്രൂവറി യൂണിറ്റുകൾ സ്ഥാപിക്കാൻ ശേഷിയുണ്ടോ എന്ന് മാത്രമാണ് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. ഇത് ഫയലിൽ ഉൾപ്പെടുത്തി. കമ്പനികളുടെ നിലവിലെ അവസ്ഥ, യൂണിറ്റ് സ്ഥാപിക്കാനാവശ്യമായ സ്ഥലം, ജലലഭ്യത എന്നിവയിലേക്ക് അന്വേഷണം നീങ്ങുന്നത് തടഞ്ഞു. ഒരു അപേക്ഷ ഏഴുമാസത്തോളം മന്ത്രിയുടെ ഓഫീസിൽ തീരുമാനമെടുക്കാതെ സൂക്ഷിച്ചതും ആരോപണത്തിനിടയാക്കുന്നുണ്ട്. ഉദ്ദേശിച്ച പ്രതിഫലം ലഭിക്കില്ലെന്ന് കണ്ടതിനെത്തുടർന്ന് ഫയൽ പൂഴ്ത്തിയതാണെന്ന് ആരോപണമുണ്ട്. എക്സൈസ് ആസ്ഥാനത്തെ നപടികൾ ആസൂത്രണം ചെയ്തത് ഇൻസ്പെക്ടർ റാങ്കിലുള്ള ഭരണകക്ഷി അനുകൂല യൂണിയൻ നേതാവാണ്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുമായുള്ള സൗഹൃദം കാരണം ഉന്നത ഉദ്യോഗസ്ഥരുടെ അടുത്തുപോലും ഇയാൾക്ക് സ്വാതന്ത്ര്യമുണ്ട്. അബ്കാരി സെക്ഷനിൽ ജോലിചെയ്യുന്നില്ലെങ്കിലും ഇയാൾ ഇടപെട്ടാണ് ഫയലുകൾ കഴിയുന്നത്ര വേഗത്തിൽ സെക്രട്ടേറിയറ്റിലേക്ക് കൈമാറിയത്. സർക്കാരിനെ രക്ഷിക്കാൻ എക്സൈസ് റിപ്പോർട്ട് ഡിസ്റ്റിലറിയിൽ അടിതെറ്റിയ സർക്കാരിനെയും മന്ത്രിയെയും രക്ഷിക്കാൻ എക്സൈസ് നീക്കം തുടങ്ങി. പ്രാഥമിക അനുമതി പിൻവലിച്ചതിനു പിന്നാലെ ഇതുവരെയുള്ള നടപടിക്രമങ്ങൾ സാധൂകരിക്കാനുള്ള റിപ്പോർട്ടുകളാണ് എക്സൈസ് ഒരുക്കുന്നത്. ഇതിനുള്ള നിർദേശം അതത് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നൽകി. കേസ് കോടതിയിലെത്തിയാൽ സർക്കാരിനെ കേടുകൂടാതെ രക്ഷിക്കുകയാണ് ലക്ഷ്യം. പ്രാഥമിക അനുമതി മാത്രമാണ് നൽകിയത്, തുടരന്വേഷണത്തിൽ, മതിയായ യോഗ്യതകളില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രാഥമിക അനുമതി റദ്ദാക്കി എന്ന നിലപാടാകും സ്വീകരിക്കുക. ഇതിനാവശ്യമായ റിപ്പോർട്ടുകളാണ് ഡെപ്യൂട്ടി കമ്മിഷണർമാരിൽനിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസ്റ്റിലറി അനുവദിക്കുന്നത് നിർത്തിവെച്ചിരുന്നതിനാൽ അപേക്ഷകളിലും തുടർനടപടികളിലും സുതാര്യതയും വ്യവസ്ഥകളുമില്ലായിരുന്നു. ഈ ന്യൂനത മുതലെടുത്ത് നിയമനടപടകളിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ, 1999-ലെ ഉത്തരവ് പരിഷ്കരിക്കണമെന്ന ഉദ്യോഗസ്ഥരുടെ ശുപാർശ പരിഗണിക്കാതെ നടപടിയെടുത്തതും മന്ത്രിസഭയ്ക്ക് മുന്നിലെത്താതെ തീരുമാനമെടുത്തതുമാണ് മന്ത്രി രാമകൃഷ്ണനെ പ്രതിക്കൂട്ടിലാക്കുന്നത്. അബ്കാരികൾ മാത്രം അറിഞ്ഞു; അപേക്ഷയുമായി കയറിയിറങ്ങി പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചത് രഹസ്യമായിരുന്നെങ്കിലും അപേക്ഷ സ്വീകരിക്കുന്നകാര്യം അബ്കാരികൾക്ക് നേരത്തേ കൈമാറിയെന്ന് വ്യക്തം. കിൻഫ്ര പാർക്കിലെ ഭൂമി കാണിച്ച് ബ്രൂവറി നേടിയ പവർ ഇൻഫ്രാടെക് ഉടമ സെക്രട്ടേറിയറ്റിലും എക്സൈസ് കമ്മിഷണറേറ്റിലും സ്ഥിരം സാന്നിധ്യമായിരുന്നുവെന്ന് ആരോപണമുണ്ട്. കമ്പനിയുടെ ഡൽഹിയിലെ വിലാസം വ്യാജമാണെങ്കിലും പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാനുള്ള സാവകാശം ലഭിച്ചു. മറ്റൊരു കമ്പനിയായ ശ്രീചക്രയുടെ മദ്യക്കയറ്റുമതിയെന്ന ആശയം എക്സൈസ് അംഗീകരിച്ചതും ഉന്നത ഇടപെടലിനെ തുടർന്നായിരുന്നു. നിലവിലുള്ള രണ്ട് കമ്പനികൾക്ക് മദ്യക്കയറ്റുമതിക്ക് അനുമതി നൽകിയത് എക്സൈസ് കമ്മിഷണറേറ്റിൽനിന്നാണ്. തുച്ഛമായ അളവിൽ മാത്രമാണ് മദ്യം കയറ്റിയയക്കുന്നത്. വിദേശവിപണി നേടാൻ കഴിഞ്ഞിട്ടില്ല. ഇത് അറിയാമായിരുന്നിട്ടും എക്സൈസ് അനുകൂല റിപ്പോർട്ട് നൽകിയത് ഉന്നത ഇടപെടലിനെ തുടർന്നാണ്. ഗൾഫ് രാജ്യങ്ങളിലെ മദ്യക്കച്ചവടത്തിൽ സ്വാധീനമുള്ള ചില മലയാളി വ്യവസായികളുണ്ട്. ചില ഭരണകക്ഷിനേതാക്കളുടെ മക്കൾക്കും ഇവരുടെ ബിസിനസിൽ പങ്കുള്ളതായി ആരോപണമുയർന്നിട്ടുണ്ട്. നിഷ്ക്രിയ കമ്പനികളുടെ കൂട്ടത്തിൽപ്പെട്ട ശ്രീചക്രയ്ക്ക് ലൈസൻസ് നൽകിയത് ഇവരുടെ ബിനാമി ഇടപാടാണെന്നും ആരോപണം ശക്തമാണ്. ദുബായ് മദ്യലോബി സഹകരിച്ചാൽ ഇവിടെനിന്ന് മദ്യം കയറ്റിയയയ്ക്കാൻ കഴിയും. ഓഫീസിൽ ക്രമക്കേട് നടന്നിട്ടില്ല ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിൽ ക്രമക്കേടുകളൊന്നും നടന്നിട്ടില്ല. ചട്ടപ്രകാരമാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഓഫീസ് ജീവനക്കാർക്കെതിരേ ഉയരുന്ന അരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. -മന്ത്രി ടി.പി. രാമകൃഷ്ണൻ
from mathrubhumi.latestnews.rssfeed https://ift.tt/2Nym0ie
via
IFTTT
No comments:
Post a Comment