കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ അന്വേഷണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും കാമ്യം അനുവദിക്കണമെന്നുമാണ് ബിഷപ്പിന്റെ ആവശ്യം. അന്വേഷണത്തോട് താന്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും ബിഷപ്പ് പറയുന്നു. ബിഷപ്പ് നേരത്തെ നല്‍കിയ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ബുധനാഴ്ച തള്ളിക്കളഞ്ഞിരുന്നു.
ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വളരെ നേരത്തെയാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബിഷപ്പിനെതിരെ പരാതിക്കാരി നല്‍കിയ രഹസ്യ മൊഴിയും പോലീസിന്റെ എതിര്‍പ്പും പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
ജാമ്യം നിഷേധിക്കപ്പെട്ട ബിഷപ്പ് പാലാ സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരനായി കഴിയുകയാണ്. ഈ മാസം 20വരെയാണ് പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
അതേസമയം, ജലന്ധറില്‍ വത്തിക്കാന്‍ നിയോഗിച്ച അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസ് തിങ്കളാഴ്ച ചുമതലയേറ്റു. ഈ മാസം ആറിന് രുപതയില്‍ എത്തിയ അദ്ദേഹം തിങ്കളാഴ്ച വൈദികരുമാരുടെ യോഗത്തിലും പങ്കെടുത്തു. താന്‍ രൂപതയുടെ താല്്കാലിക ചുമതലക്കാരനാണെന്നും ബിഷപ്പ് സ്ഥാനത്ത് ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കല്‍ തന്നെയാണെന്നും ബിഷപ്പ് ആഗ്‌നെലോ വ്യക്തമാക്കി. ജലന്ധറില്‍ ഫ്രാങ്കോ മുളയ്ക്കല്‍ വഹിച്ചിരുന്ന ചുമതലകള്‍ അദ്ദേഹത്തിന്റെ വിശ്വസ്തരായ രണ്ട് വൈദികര്‍ക്ക് കൈമാറിയിട്ടുണ്ട്.
വൈകാതെ രൂപതയിലെ മുഴുവന്‍ വൈദികരുമായി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ചകള്‍ നടത്തുമെന്നും ബിഷപ്പ് ഗ്രേഷ്യസ് അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം മുതല്‍ രൂപതയിലെ വിവിധ സ്ഥലങ്ങളില്‍ ബിഷപ്പ് ഗ്രേഷ്യസ് സന്ദര്‍ശനം നടത്തും. അമൃത്സറില്‍ നിന്നാണ് സന്ദര്‍ശനം ആരംഭിക്കുന്നത്.
അതിനിടെ, ബിഷപ്പിന്റെ ജാമ്യം വൈകുന്നതില്‍ കടുത്ത നിരാശയിലാണ് ഒരുപറ്റം വൈദികരും വിശ്വാസികളും. നവംബറിലെ ആദ്യ ഞായറാഴ്ച നടക്കുന്ന 'കത്തീഡ്രല്‍ ഫീസ്റ്റില്‍' പങ്കെടുക്കാനെങ്കിലും ബിഷപ്പ് എത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. പഞ്ചാബ് മുഴുവന്‍ ജലന്ധറില്‍ എത്തുന്ന വലിയ കാര്‍ണിവല്‍ ആണ് കത്തീഡ്രല്‍ ഫീസ്റ്റ്. രൂപതയുടെ പ്രൗഡി വിളിച്ചോതുന്ന മേള കൂടിയാണിത്.
from mangalam.com https://ift.tt/2Oiy78k
via IFTTT
No comments:
Post a Comment