തിരുവനന്തപുരം: കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണ പദ്ധതിക്ക് നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവിയിൽ ദുരന്തങ്ങളൊഴിവാക്കുന്ന രീതിയിൽ ഭൂവിനിയോഗവും ജലസമ്പത്തിന്റെ ഉപയോഗവും ക്രമീകരിക്കാനാണ് നിയമം. വലിയ ദുരന്തങ്ങളിൽനിന്ന് വിജയകരമായി കരകയറിയ രാജ്യങ്ങളുടെ അനുഭവം കണക്കിലെടുത്താവും കേരളത്തിന്റെ പുനർനിർമാണം. പദ്ധതി ഉപദേശക സമിതിയുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുതലത്തിൽ പദ്ധതി നടപ്പാക്കും. കാർഷികരംഗത്ത് കൂടുതൽ ശ്രദ്ധചെലുത്തും. പ്രളയത്തെത്തുടർന്ന് കൃഷിഭൂമിയിലെ മണ്ണിന്റെ സ്വഭാവം മാറിയിട്ടുണ്ട്. അമ്ലാംശം കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ജലസേചന മേഖലയിലെ പ്രശ്നങ്ങളും ഇതോടൊപ്പം പരിഗണിക്കണം. വീട് നഷ്ടപ്പെട്ടവർക്ക് എത്രയും വേഗം വീട് പുനർനിർമിക്കണം. വീട് നിർമിക്കാൻ പറ്റാത്ത സ്ഥലങ്ങളുണ്ട്. പുതിയസ്ഥലം കണ്ടെത്തി ആ പ്രശ്നം പരിഹരിക്കണം. ഭൂമി വാങ്ങുന്നതിന് ആറുലക്ഷം രൂപവരെ സർക്കാർസഹായം നൽകും. രണ്ടാഴ്ചയിലൊരിക്കൽ സമിതി യോഗം ചേരും. യോഗത്തിൽ പ്രതിപക്ഷനേതാവ്, മന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സമിതി അംഗവും യു.എന്നിന്റെ ദുരന്ത-അപകട സാധ്യതാ ലഘൂകരണവിഭാഗം തലവനുമായ ഡോ. മുരളി തുമ്മാരുകുടി വീഡിയോ കോൺഫറൻസിലൂടെ ചർച്ചയിൽ പങ്കെടുത്തു. യോഗത്തിലുയർന്ന നിർദേശങ്ങൾ * ഇൻഡൊനീഷ്യ, ജപ്പാൻ തുടങ്ങി ഇടയ്ക്കിടെ ദുരന്തങ്ങൾ ഉണ്ടാകുന്ന രാജ്യങ്ങളുടെ അനുഭവം കണക്കിലെടുക്കണം -രമേശ് ചെന്നിത്തല * പ്രവൃത്തികൾ സർക്കാർ വകുപ്പുകളുടെ നടപടിക്രമങ്ങൾക്ക് അതീതമായി ഏറ്റെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ല. മേൽനോട്ടത്തിന് സ്വതന്ത്രഏജൻസിയുണ്ടാകണം -ഡോ. കെ.എം. ചന്ദ്രശേഖർ * എല്ലാ ജലസംഭരണികളുടെയും ശേഷി കൂട്ടണം. കിട്ടാൻ സാധ്യതയുള്ള നികുതി കൂടുതൽ പിരിക്കണം -ഡോ. കെ.പി. കണ്ണൻ * ഭൂവിനിയോഗത്തിന് ശാസ്ത്രീയരീതി വേണം. ജലവിഭവ മാനേജ്മെൻറും പ്രധാനമാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കണം -ടി.കെ.എ. നായർ * പൂർണമായി തകർന്ന വീടുകൾക്കുപകരം വീടുകൾ നിർമിക്കുമ്പോൾ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാം. ധനസമാഹരണത്തിന് ടാക്സ് ഫ്രീ ബോണ്ട് പുറത്തിറക്കണം -വി. സുരേഷ് * ലോകരാഷ്ട്രങ്ങളുടെ അനുഭവങ്ങൾ മനസ്സിലാക്കുന്നതിന് കേരളത്തിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കാം. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ സേവനം പുനർനിർമാണത്തിന് ലഭിക്കും -ഡോ. മുരളി തുമ്മാരുകുടി * ക്രൗഡ് ഫണ്ടിങ് വിജയമാക്കുന്നതിന് സാമൂഹികമാധ്യമം ഉപയോഗിക്കണം. പുനർനിർമാണ കാലയളവിൽ ലോകമെമ്പാടുമുള്ള മലയാളികളായ വിദഗ്ധരുടെ സേവനം ഉപയോഗിക്കണം -ബൈജു രവീന്ദ്രൻ
from mathrubhumi.latestnews.rssfeed https://ift.tt/2SaM728
via
IFTTT
No comments:
Post a Comment