ലഖ്നൗ: കാണാതായ രണ്ടു പെൺകുട്ടികൾക്കായുള്ള അന്വേഷണത്തിലായിരുന്ന പോലീസിന്റെ വലയിൽ പെട്ടത് ഭാര്യയെ കൊലപ്പെടുത്തി നാടുകടക്കാൻ ശ്രമിച്ച യുവാവ്. ഇരുപത്തിരണ്ടുകാരനായ അതുൽ പാലാണ് ഭാര്യ കഞ്ചനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച പോലീസിന്റെ പിടിയിലായത്. രാജീവ് നഗറിൽ നിന്ന് കാണാതായ ഒന്നും ആറും വയസ്സുള്ള രണ്ട് പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഇലക്ട്രോണിക്സ് ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന അതുൽ ഈ പെൺകുട്ടികളുടെ അയൽക്കാരനായിരുന്നു. രാത്രിയിൽ പട്രോളിങ്ങിനെത്തിയ പോലീസിനെ കണ്ടയുടൻ പരുങ്ങിയ അതുലിനെ പെൺകുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകക്കാര്യം ഇയാൾ പറഞ്ഞത്. അവിഹിതം ബന്ധം സംശയിച്ച് ഭാര്യയുമായി നിരന്തരം കലഹിക്കാറുണ്ടായിരുന്നതായി ഇയാൾ പോലീസിനോട് പറഞ്ഞു. 2016 ലാണ് ഇവർ വിവാഹിതരായത്. 2017 ൽ ഭാര്യ കഞ്ചൻ തനിക്കെതിരെ സ്ത്രീധന പീഡനത്തിന് പരാതി നൽകിയിരുന്നതായും ഇക്കാരണങ്ങൾ കൊണ്ട് ഭാര്യയെ ഏതു വിധേനയും ഒഴിവാക്കണമെന്നാഗ്രഹിച്ചിരുന്നതായും ഇയാൾ അറിയിച്ചു. ഭാര്യാവീട്ടുകാരുടെ സമ്മർദം കൊണ്ടാണ് ഒരുമിച്ചു കഴിഞ്ഞിരുന്നതെന്നും തനിക്ക് അതിൽ താൽപര്യമില്ലായിരുന്നുവെന്നും ഇയാൾ പറഞ്ഞു. സംഭവദിവസം രാത്രിയിൽ വഴക്കുണ്ടായ ശേഷം ഷാൾ കഴുത്തിൽ മുറുക്കിയാണ് അതുൽ കഞ്ചനെ കൊലപ്പെടുത്തിയത്. ഭാര്യയുടെ മൃതശരീരം ഉപേക്ഷിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ നാടുവിടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അതുൽ മൊഴി നൽകി. മൃതദേഹം ഇയാളുടെ താമസസ്ഥലത്തു നിന്ന് പോലീസ് കണ്ടെത്തി. അതുലിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2PqSdJY
via
IFTTT
No comments:
Post a Comment