തിരുവനന്തപുരം:ബോളിവുഡ് കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് നടനും എം.എൽ.എയുമായ മുകേഷ്. താനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നും തന്റെ പേരിൽ ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും മുകേഷ് പറഞ്ഞു. ഒരു പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചുവെന്നുമായിരുന്നു ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാൻ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു. ടെസ് എന്ന യുവതിയെ താൻ ഓർക്കുന്നില്ലെന്നും ടെസിനെ പിന്തുണച്ചുവെന്ന് പറയുന്ന ഡെറിക് ഒബ്രിയാൻ ഇപ്പോഴും തന്റെ സുഹൃത്താണെന്നും മുകേഷ് പറഞ്ഞു. ഞാൻ ഒരു കലാകുടുംബത്തിൽനിന്ന് വന്ന ഒരാളാണ്. എന്റെ ഭാര്യ, അമ്മ, സഹോദരി എല്ലാവരും കലാരംഗത്തും സജീവ പ്രവർത്തകരാണ്. അതുകൊണ്ടു തന്നെ മീ ടൂ ക്യാമ്പയിനിന് ഏറ്റവും പിന്തുണ നൽകുന്ന ഒരാളാണ് ഞാൻ. എല്ലാ പെൺകുട്ടികളും അതുമായി മുൻപോട്ട് പോകണം എന്നാണ് ആഗ്രഹം. പത്തൊൻപത് കൊല്ലം മുൻപ് കോടീശ്വരൻ എന്ന പരിപാടിക്കിടെ ഞാൻ ശല്യപ്പെടുത്തിയെന്നാണ് ആരോപണം. അങ്ങനെയൊരു സംഭവം എനിക്ക് ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല. ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല.ലേ മെറിഡിയൻ ഹോട്ടലിൽ തന്നെയാണ് ഞാൻ താമസിച്ചത്. ഞാൻ ആദ്യമായിട്ടാണ് അവിടെ താമസിച്ചത്. ക്രൂവിന് റൂം എടുത്തു നൽകിയ കാര്യം പോലും എനിക്കറിയില്ല. അവരെ അവിടെ വച്ചു കണ്ടതായി പോലും എനിക്ക് ഓർമയില്ല. ആരാണ് ടെസ് ജോസഫ്, 19 വർഷങ്ങൾക്ക് ശേഷം മുകേഷിനെതിരേ ആരോപണം ഉന്നയിച്ചത് എന്തുകൊണ്ട്? ഫോണിൽ വിളിച്ചു ശല്യം ചെയ്തുവെന്നാണ് ആരോപണം. അത് ഞാൻ അല്ല. എന്തെങ്കിലും തെറ്റിദ്ധാരണ സംഭവിച്ചതായിരിക്കും. ഡെറിക് ഒബ്രിയാൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുവുമൊക്കെയാണ്. ഞാൻ ഒരു ടിവി പ്രോഗ്രാം അവതരിപ്പിച്ചപ്പോൾ അദ്ദേഹമാണ് സംവിധാനം ചെയ്തത്. പത്ത് കൊല്ലം മുൻപും ഡെറിക് ഒബ്രിയാൻ എന്നെ വിളിച്ചിരുന്നു. കൊച്ചിയിൽ വച്ച് ഡിസ്കവറിക്ക് വേണ്ടി ഒരു പ്രോഗ്രാം ചെയ്യുകയായിരുന്നു അദ്ദേഹമപ്പോൾ. അന്ന് ഞാൻ അദ്ദേഹത്തെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തതാണ്. കേരളത്തിൽ അദ്ദേഹത്തിന്റെ ഏക സുഹൃത്ത് ഞാനാണെന്ന് എന്നോട് പറയുകയും ചെയ്തു. ഞാൻ തെറ്റുകാരനാണെങ്കിൽ അദ്ദേഹം എന്നെ പിന്നീട് വിളിക്കുമോ?- മുകേഷ് ചോദിക്കുന്നു. പ്രശ്നം രാഷ്ട്രീയവൽക്കരിക്കരുതെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ടെന്നും എല്ലാവരും അത് മുഖവിലക്കെടുക്കണമെന്നും മുകേഷ് കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2PpIF1X
via
IFTTT
No comments:
Post a Comment