ചാരായത്തൊഴിലാളികളിൽ ഭൂരിഭാഗവും നിരക്ഷരരും സ്വകാര്യ കരാറുകാർക്കുവേണ്ടി പണിയെടുത്തവരുമാണെന്നും അവർക്ക് ജോലി നൽകാനാവില്ലെന്നും സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ സുപ്രീംകോടതിയിൽ. 1996-ലെ ചാരായ നിരോധനത്തിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികളുടെ ഹർജിയിലാണ് ബിവറേജസ് കോർപ്പറേഷൻ സത്യവാങ്മൂലം നൽകിയത്. നിയമവിരുദ്ധമായി പ്രവർത്തിച്ച ക്രിമിനൽ പശ്ചാത്തലമുള്ള കരാറുകാരുടെ അംഗരക്ഷകരായും ടച്ചിങ്സ് വിളമ്പുകാരായും പണിയെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. അതിനാൽ ഇത്തരക്കാരെ നിയമപരമായി പ്രവർത്തിക്കുന്ന കോർപ്പറേഷനിൽ നിയമിക്കാനാവില്ല. ജോലി നഷ്ടപ്പെട്ട ചാരായത്തൊഴിലാളികൾക്ക് നിയമനം ലഭിക്കാൻ നിക്ഷിപ്തമായ അവകാശങ്ങളൊന്നുമില്ല -കോർപ്പറേഷൻ വ്യക്തമാക്കി. ചാരായത്തൊഴിലാളികൾക്ക് ജോലി നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ലെന്നുകാട്ടി അഭിഭാഷകൻ വി.കെ. ബിജു വഴി വയനാട് സ്വദേശി എം.കെ. ബാബു പരാതി നൽകിയിരുന്നു. കോർപ്പറേഷൻ പിൻവാതിൽ നിയമനം നടത്തുന്നുണ്ടെന്നും ഹർജിക്കാർ വാദിച്ചു. തുടർന്ന് കോർപ്പറേഷനിലെ നിയമനങ്ങൾ സെപ്റ്റംബർ 20-ന് സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്നാൽ, ഹെൽപ്പർ/സെയിൽസ്മാൻ തസ്തികകളുടെ കാര്യം മാത്രമാണ് പരാതിക്കാർ പോലും പറഞ്ഞതെന്നും മുഴുവൻ നിയമനങ്ങളും സ്റ്റേ ചെയ്ത ഉത്തരവ് പിൻവലിക്കണമെന്നും കോർപ്പറേഷൻ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ദിവസവേതനക്കാരുടെ വിഷയത്തിൽ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള മറ്റു തസ്തികകളിലേക്കുള്ള നിയമനം തടയരുത്. കോർപ്പറേഷനിലെ ദിവസവേതനക്കാരുടെ 25 ശതമാനം തസ്തികയിൽ ചാരായഷാപ്പ് തൊഴിലാളികൾക്ക് നിയമനം നൽകണമെന്ന 2002-ലെ ഉത്തരവ് നടപ്പാക്കാനാവില്ല. ഇരുപതിനായിരത്തോളം പേർക്കാണ് ചാരായനിരോധനത്തിൽ ജോലി പോയത്. ഇവർക്ക് 30,000 രൂപവീതം നഷ്ടപരിഹാരം നൽകിയിരുന്നു. ചാരായത്തൊഴിലാളികളുടെ ആശ്രിതരായ 274 പേർക്ക് 2004-ലെ ഉത്തരവുപ്രകാരം ജോലി നൽകി. കൂടുതലായി ആരെയും ഇതിൽ ഉൾപ്പെടുത്താനാവില്ല. ഇപ്പോൾ ദിവസവേതനക്കാരുടെ ഒഴിവില്ല -കോർപ്പറേഷൻ ബോധിപ്പിച്ചു. പരാതിക്കാർ ആവശ്യപ്പെടുന്ന ജോലികളിൽ 2042 തസ്തികകളാണുള്ളത്. കോർപ്പറേഷന്റെ 270 ഔട്ട്ലെറ്റുകളിലായി ഹെൽപ്പറുടെയോ തത്തുല്യമായതോ ആയ തസ്തികകളിൽ 1890 പേരുടെ ആവശ്യമേയുള്ളൂ. ഇതിൽ 2042 തസ്തികകൾ ഇപ്പോഴുള്ളതിനാൽ ദിവസവേതനക്കാർക്കായി തസ്തികകളില്ല. ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നത് പി.എസ്.സി. വഴിയാണ്. 2004-ൽ പുതിയ സർക്കാർ ഉത്തരവ് വന്നതോടെ 2002-ലേത് സ്വാഭാവികമായും റദ്ദായി. എന്നാൽ ഇതുപ്രകാരമുള്ള പദ്ധതികൾ സർക്കാർ തയ്യാറാക്കിയിട്ടില്ല. ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് 2002-ലെ സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നതെന്നും കോർപ്പറേഷൻ ചൂണ്ടിക്കാട്ടി. കോർപ്പറേഷന്റെ ഭാഗത്തുനിന്ന് കോടതിയലക്ഷ്യമുണ്ടായിട്ടില്ലെന്നും വിവരങ്ങൾ മറച്ചുവെച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2Php2sO
via
IFTTT
No comments:
Post a Comment