കൊച്ചി: ശബരിമലയിൽ അഹിന്ദുക്കളുടെ പ്രവേശനം നിയന്ത്രിക്കണമെന്ന ആവശ്യം നാട്ടിലെ സമുദായസൗഹാർദ അന്തരീക്ഷത്തിനെതിരാണെന്ന് ഹൈക്കോടതി. എല്ലാവർക്കും പ്രവേശനമുള്ള അമ്പലമാണ് ശബരിമലയെന്ന് ഹൈക്കോടതി ദേവസ്വം ബോർഡ് ബെഞ്ച് വാദത്തിനിടെ നിരീക്ഷിച്ചു. ഹിന്ദുമതത്തിലും വിശ്വാസമുണ്ടെന്ന് എഴുതിവാങ്ങിയേ അഹിന്ദുക്കളെ പ്രവേശിപ്പിക്കാവൂ എന്നാവശ്യപ്പെട്ട് ബി.ജെ.പി. ബൗദ്ധികവിഭാഗം സംസ്ഥാന കൺവീനർ ടി.ജി. മോഹൻദാസ് നൽകിയ ഹർജി പരിഗണിക്കവേയാണിത്. മതസൗഹാർദം തകർക്കുന്നതാണ് ഹർജിയെന്ന് കോടതി നിരീക്ഷിച്ചു. ശബരിമലയ്ക്കടുത്ത് വാവർസ്വാമിയുണ്ട്. നിയന്ത്രണങ്ങൾ അവിടെ പോകുന്നതിനെയും ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. പതിനെട്ടാംപടി വഴി കയറുന്നവർക്ക് മാത്രമാണ് ഇരുമുടിക്കെട്ട് നിർബന്ധമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർജി സർക്കാരിന്റെയും മറ്റും നിലപാടറിയാൻ മാറ്റിയിട്ടുണ്ട്. ഹിന്ദുക്കളായ സ്ത്രീകളെ പ്രായഭേദമെന്യേ പ്രവേശിപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചതെന്ന് ഹർജിക്കാരൻ വാദിച്ചു. എന്നാൽ, അതിന്റെപേരിൽ വിഗ്രഹാരാധനയെ എതിർക്കുന്ന സ്ത്രീകളെയും മറ്റും പോലീസ് സംരക്ഷണത്തോടെ പ്രവേശിപ്പിക്കാൻ ശ്രമിച്ചത് അയ്യപ്പഭക്തരെ വേദനിപ്പിക്കുന്നതാണെന്ന് ഹർജിക്കാരൻ വാദിച്ചു. ഗായകൻ കെ.ജെ. യേശുദാസ് ദർശനത്തിനെത്തുന്നത് ഹിന്ദുമതത്തിലും വിശ്വാസമുണ്ടെന്ന് എഴുതിനൽകിയതിന്റെ അടിസ്ഥാനത്തിലാണെന്നും മോഹൻദാസ് വാദിച്ചു. ഹിന്ദു പൊതു ആരാധനാലയ (പ്രവേശന) നിയമത്തിലെ വ്യവസ്ഥകൾ ശബരിമലയിലും പാലിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. യഥാർഥഭക്തർക്ക് സംരക്ഷണം നൽകണം ശബരിമലയിൽ എല്ലാ യഥാർഥഭക്തർക്കും സംരക്ഷണം നൽകുമെന്ന ഉറപ്പ് സർക്കാർ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹൈക്കോടതി. സുരക്ഷയെപ്പറ്റി ആശങ്കയുള്ളവർ സംരക്ഷണത്തിന് അപേക്ഷനൽകാമെന്നും കോടതി വ്യക്തമാക്കി. ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലുയുവതികൾ നൽകിയ ഹർജിയിലാണിത്. സർക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിയ ഡിവിഷൻബെഞ്ച് ഹർജി തീർപ്പാക്കി. അപേക്ഷിച്ചാൽ പരമാവധി സ്ത്രീ, പുരുഷ ഭേദമെന്യേ സംരക്ഷണം നൽകുമെന്ന് സർക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ പവിത്രത നിലനിർത്തി ഈ മണ്ഡലകാലം അനിഷ്ടസംഭവങ്ങളില്ലാതെ പൂർത്തിയാക്കാൻ അങ്ങേയറ്റം ശ്രമിക്കുമെന്നും സർക്കാർ അറിയിച്ചു. സുപ്രീംകോടതി പ്രായഭേദമെന്യേ പ്രവേശനം അനുവദിച്ചെങ്കിലും അവിടെച്ചെന്ന പലർക്കും ദർശനം നടത്താനായില്ലെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. ഭക്തകളായ തങ്ങൾക്ക് ദർശനം സാധ്യമാക്കാൻ സംരക്ഷണം വേണമെന്നായിരുന്നു പ്രധാന ആവശ്യം. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണെന്നും നടപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. നേരത്തേ ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. വീഴ്ചയുണ്ടായിട്ടില്ലെന്നും സംരക്ഷണം നൽകാൻ പരമാവധി ശ്രമിച്ചെന്നും സർക്കാർ അറിയിച്ചു. അവിടെ ഭക്തരെന്ന വ്യാജേന ക്രിമിനലുകൾ എത്തിയതാണ് പ്രശ്നമായത്. മേലിലും യഥാർഥ ഭക്തർക്ക് സംരക്ഷണം നൽകും. ഇടപെടാൻ ശ്രമിക്കുന്ന ക്രിമിനലുകളെ തടയേണ്ടിവരും. തിരക്ക് നിയന്ത്രിക്കാൻ ചില സംവിധാനങ്ങൾ തയ്യാറാക്കിവരികയാണ്. അതിന്റെ വിവരം പിന്നീട് കോടതിയിൽ സമർപ്പിക്കുമെന്നും സർക്കാർ ബോധിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2AzznLH
via
IFTTT
No comments:
Post a Comment