ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ. വ്യാപം അഴിമതിയിൽ പങ്കുണ്ടെന്ന് പാനമ പേപ്പറുകളിൽ ശിവരാജ് സിങ് ചൗഹാന്റെയും കുടുംബത്തിന്റെയും പേരുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം. തനിക്കും കുടുംബത്തിനുമെതിരെ രാഹുൽ വ്യാജമായ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്നും ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് താനെന്നും ശിവ്രാജ് ചൗഹാൻ ട്വിറ്ററിൽ കുറിച്ചു. ചൊവ്വാഴ്ച കേസ് ഫയൽ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. ബാലിശവും അവിശ്വസനീയവുമായ ആരോപണങ്ങൾക്ക് നിയമത്തിലൂടെ രാഹുലിന് ശക്തമായ മറുപടി നൽകുമെന്ന് ചൗഹൻ പറഞ്ഞു. തിങ്കളാഴ്ച ഇൻഡോറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് രാഹുൽ ചൗഹാനെതിരെ ആരോപണങ്ങളുടെ കെട്ടഴിച്ചത്. വ്യാപം അഴിമതിയെകുറിച്ചും 2016 ൽ ഉജ്ജയിനിൽ നടന്ന കുംഭമേളയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചു. "അവർ ധർമത്തെ കുറിച്ച് പറയും പക്ഷെ അവരുടെ ധർമം അഴിമതിയാണ്" എന്നും രാഹുൽ ബിജെപിക്കെതിരെ ശക്തമായി ആഞ്ഞടിച്ചു. "വ്യാപം അഴിമതിയെ തുടർന്ന് അൻപതോളം പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല പരിതാപകരമായ അവസ്ഥയിലാണ്. കുംഭമേളയിലെ വൻ സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും മോദി സിബിഐ തലവനെ മാറ്റി."രാഹുൽ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. മറ്റൊരു റാലിക്കിടെയാണ് ചൗഹാന്റെ കുടുംബത്തിനെതിരെ രാഹുൽ ആരോപണം ഉന്നയിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2CPRn67
via
IFTTT
No comments:
Post a Comment